തന്റെ പാത പിന്തുടരാൻ പ്രതിഭയുള്ള അഞ്ച് താരങ്ങൾ ആരൊക്കെ?; 2016ൽ ക്രിസ്ത്യാനോ തിരഞ്ഞെടുത്ത ഫുട്‍ബോളിലെ 5 ഭാവി വാഗ്‌ദാനങ്ങൾ ഇന്നെവിടെയാണ്?

സ്പോര്‍ട്സ് ഡസ്ക്
Sunday, May 31, 2020

“കഴിവുള്ള ഒട്ടനവധി താരങ്ങളെ നിങ്ങൾക്ക് കാണാം. മാഡ്രിഡിന്റെ മാർട്ടിൻ ഒഡേഗാഡ് ഒരു ഉദാഹരണമാണ്. പതിനാറ് വയസേ ആയുള്ളൂവെങ്കിലും മാർട്ടിൻ ഒരു മികച്ച താരമാണ്. ഈഡൻ ഹസാഡ്, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നമ്പർ 7 മെംഫിസ് ഡീപേയും ഉദാഹരണങ്ങളായുണ്ട്. പിന്നെയുള്ളത് പോൾ പോഗ്ബയും നെയ്മറും ആണ്,” ക്രിസ്ത്യാനോ ബിടി സ്പോർട്സിനോട് പറഞ്ഞു.

നാല് വർഷത്തിനിപ്പുറം മാർട്ടിൻ ഒഡേഗാഡിന് ഇന്ന് 21 വയസ്സാണ്. റയലിന്റെ ഫസ്റ്റ് ടീമിൽ ഇടംപിടിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഈ നോർവീജിയൻ മധ്യനിരതാരം ലോണടിസ്ഥാനത്തിൽ റയൽ സോഷിദാദിന് വേണ്ടി കളിക്കുകയാണ്. ക്ലബ്ബിന് വേണ്ടി 28 മത്സരങ്ങൾ നിന്നായി ഏഴ് ഗോളും എട്ട് അസിസ്റ്റുമാണ് ഒഡേഗാഡിന്റെ സമ്പാദ്യം. വരുന്ന സീസണിൽ റയലിലേക്കൊരു മടക്കം പ്രതീക്ഷിക്കുന്ന താരമാണ് ഒഡേഗാഡ്.

അന്ന് ചെൽസി താരമായിരുന്ന ഈഡൻ ഹസാഡ് 2019ൽ റയൽ മാഡ്രിഡിലെത്തി. ക്രിസ്ത്യാനോയുടെ ഒഴിവ് നികത്തുകയെന്ന വലിയ ഉത്തരവാദിത്തമാണ് ബെൽജിയൻ താരത്തിനുമേൽ ഉണ്ടായിരുന്നത്. എന്നാൽ പരുക്ക് വിനയായെത്തിയ ഈ മുന്നേറ്റനിരതാരം സ്പെയിനിൽ ഫോം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്.

ഏറെ പ്രതീക്ഷകളുമായി മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ ഡച്ച് താരത്തിന്റെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കരിയർ പെട്ടെന്ന് അവസാനിച്ചു. ഫ്രഞ്ച് ക്ലബ്ബായ ലിയോണിലേക്കാണ് ഈ മുന്നേറ്റനിരതാരം പിന്നീട് പോയത്. ലിയോണിന് വേണ്ടി 134 മത്സരങ്ങളിൽ നിന്നായി 53 ഗോളും 43 അസിസ്റ്റുമാണ് ഡീപേയുടെ സമ്പാദ്യം. നെതർലാൻഡ് ദേശീയ ടീമിലെയും സ്ഥിരസാന്നിദ്ധ്യമാണ് ഈ ഇരുപത്തിയാറുകാരൻ.

യുവന്റസിന്റെ മധ്യനിരയിലെ പ്രകടനത്തിലൂടെയാണ് പോഗ്ബ ക്രിസ്ത്യാനോയുടെ ശ്രദ്ധ ക്ഷണിക്കുന്നത്. റൊണാൾഡോ യുവന്റസിലെത്തിയ ആദ്യ മാസങ്ങളിൽ പോഗ്ബയും ഒപ്പമുണ്ടായിരുന്നു. മാസങ്ങൾക്കപ്പുറം 89 മില്യൺ യൂറോയെന്ന ഭീമൻ തുകയ്ക്കാണ് പോഗ്ബയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. എന്നാൽ പോഗ്ബയുടെ ഓൾഡ് ട്രാഫോഡിലെ കരിയർ വിചാരിച്ചത്ര വിജയകരമായില്ല. 2018ൽ ഫ്രാൻസിനൊപ്പം ലോകകപ്പ് നേടാനായി പിന്നീട് എന്നതാണ് പോഗ്ബയുടെ കരിയറിലുണ്ടായ ഏറ്റവും വല്യ നേട്ടം.

2017ൽ ഫുട്‍ബോൾ ട്രാൻസ്ഫർ വിപണിയിലെ റെക്കോഡ് തുകയായ 198 മില്യൺ യൂറോയ്ക്കാണ് ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്‌ജി നെയ്മറിനെ സ്വന്തമാക്കുന്നത്. തുടർച്ചയായി ഫ്രഞ്ച് ചാമ്പ്യന്മാരായെങ്കിലും ചാമ്പ്യൻസ് ലീഗിലെ റൗണ്ട് ഓഫ് 16 പിഎസ്‌ജിക്ക് ഇപ്പോഴും ബാലികേറാമലയായി തുടരുന്നു. നിരന്തരമായുള്ള പരുക്കുകളും നെയ്മറിന്റെ കരിയറിനെ പുറകോട്ടടിച്ചു.

×