കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളോടുള്ള വാട്ട്‌സ്ആപ്പിന്റെ സമീപനം എപ്രകാരമാകും ? അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ നിരോധനം ?

New Update

publive-image

Advertisment

ന്യൂഡല്‍ഹി: മാര്‍ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡും ഉള്‍പ്പെടുന്ന വിവരസാങ്കേതിക നിയമങ്ങള്‍ 2021 കേന്ദ്രസര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ചു. പുതിയ നിയമം പ്രാബല്യത്തില്‍ വരാന്‍ കുറച്ച് സമയമെടുക്കുമെങ്കിലും, ഒരു സന്ദേശത്തിന്റെ ഉത്ഭവം തിരിച്ചറിയാന്‍ സര്‍ക്കാര്‍ ശക്തമായ നിലപാടാണ് മുന്നോട്ടുവച്ചിരിക്കുന്നത്.

അതായത്, സര്‍ക്കാരിന്റെ പുതിയ ചട്ടം പാലിക്കുന്നതിന് വാട്ട്‌സ്ആപ്പ്, സിഗ്നല്‍, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് സന്ദേശങ്ങളുടെ 'എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍' ലംഘിക്കേണ്ടി വന്നേക്കാം.

ഒരു ട്വീറ്റോ സന്ദേശമോ ഇന്ത്യയില്‍ ഉത്ഭവിച്ചതല്ലെങ്കില്‍, അത് ഇന്ത്യയില്‍ ആരാണ് സ്വീകരിച്ചതെന്ന് ആപ്പുകള്‍ സര്‍ക്കാരിനെ അറിയിക്കണമെന്ന് പുതിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റൂള്‍സ് 2021 പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ ചൂണ്ടിക്കാട്ടി.

''ഇന്റര്‍നെറ്റിലെ ഇന്നത്തെ ഏറ്റവും കഠിനമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ടുള്ള ചട്ടങ്ങളെ ഞങ്ങള്‍ എല്ലായ്‌പ്പോഴും സ്വാഗതം ചെയ്യുന്നുണ്ട്. പുതിയ നിയമങ്ങളെ സംബന്ധിച്ച് ഞങ്ങള്‍ വിശദമായി പഠിക്കും. രാജ്യത്തിന് സോഷ്യല്‍ മീഡിയ നല്‍കിയ പോസിറ്റീവ് സംഭാവനകളെ മന്ത്രി അംഗീകരിച്ചതിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഇന്ത്യയുടെ ആവേശകരമായ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ഇന്ധനം പകരുന്ന തരത്തില്‍ ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ പ്രാപ്തമാക്കുന്നതിനായി ഞങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും''-കേന്ദ്രസര്‍ക്കാരിന്റെ പുതിയ ചട്ടങ്ങളെ സംബന്ധിച്ച് ഫേസ്ബുക്ക് വക്താവ് ദേശീയ മാധ്യമത്തോട് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു.

ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ വാട്ട്‌സ്ആപ്പ്, യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയവയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച പുകിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കേണ്ടി വരും.

എന്നാല്‍ ആപ്ലിക്കേഷനുകള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ പൂര്‍ണമായും അവസാനിപ്പിക്കേണ്ടി വരില്ലെന്നാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറയുന്നത്. സന്ദേശത്തിന്റെ ഉറവിടകേന്ദ്രം മാത്രമാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വാട്ട്‌സ്ആപ്പ് പോലുള്ള ആപ്ലിക്കേഷനുകള്‍ക്ക് നേരെ നേരത്തെ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതില്‍ പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇത്തരം ആപ്പുകള്‍ക്ക് സര്‍ക്കാര്‍ കര്‍ശനമായ മുന്നറിയിപ്പും നല്‍കിയിരുന്നു.

സര്‍ക്കാരിന്റെ പുതിയ ചട്ടങ്ങളെ സംബന്ധിച്ച് വാട്ട്‌സ്ആപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വാട്ട്‌സ്ആപ്പ് പോലുള്ള ആപ്പുകള്‍ അനുയോജ്യമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ഒരുപക്ഷേ, ഇത്തരം ആപ്പുകള്‍ നിരോധിക്കപ്പെട്ടേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.

Advertisment