വാട്‌സാപ്പിന് ഇനി പഴയ പോലെ പ്രവര്‍ത്തിക്കാനാവില്ല

ടെക് ഡസ്ക്
Friday, February 26, 2021

സാമൂഹിക മാധ്യമങ്ങള്‍, ഓടിടി പ്ലാറ്റ്‌ഫോമുകള്‍, വാര്‍ത്താ പോര്‍ട്ടലുകള്‍ എന്നിവയുടെ
ഉള്ളടക്കത്തെ നിയന്ത്രിക്കാനായി സര്‍ക്കാര്‍ പുതിയ ചട്ടങ്ങള്‍ അവതരിപ്പിച്ചതോടെ മെസേജിങ്
ആപ്ലിക്കേഷനായ വാട്‌സാപ്പിന് നിലവിലുള്ളത് പോലെ പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ
വരും.

സോഷ്യല്‍മീഡിയാ വെബ്‌സൈറ്റുകളിലും മെസേജിങ് ആപ്പുകളിലും പ്രചരിക്കുന്ന കുറ്റകരമായസന്ദേശങ്ങളുടെ ഉറവിടം കോടതിയോ സര്‍ക്കാര്‍ ഏജന്‍സികളോ ആവശ്യപ്പെടുമ്പോള്‍ വ്യക്തമാക്കണം എന്ന നിർദേശമാണ് വാട്സാപ്പിന് വെല്ലുവിളിയാവുക.

സന്ദേശങ്ങളുടെ ഉറവിടം അഥവാ അത് ആദ്യമായി സൃഷ്ടിച്ചത് ആരാണ് എന്ന് അറിയണമെങ്കില്‍
വാട്‌സാപ്പില്‍ അയക്കപ്പെടുന്ന സന്ദേശങ്ങള്‍ക്കെല്ലാമൊപ്പം ഒരു ഒറിജിന്‍ ഐഡി കൂടി
കൂട്ടിച്ചേര്‍ക്കേണ്ടി വരും. ഉദാരണത്തിന് ഒരു സന്ദേശം തയ്യാറാക്കിയത് 9995000000 എന്ന
നമ്പറിലാണെങ്കില്‍ ആ സന്ദേശത്തിനൊപ്പം ആ മൊബൈല്‍ നമ്പറും കൂട്ടിച്ചേര്‍ക്കേണ്ടതായിവരും.

ഇങ്ങനെ വരുമ്പോള്‍ വാട്‌സാപ്പില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളുടെയും കുറ്റകരമായ
ഉള്ളടക്കങ്ങളുടേയും ഉറവിടം കണ്ടെത്താനും അത് തയ്യാറാക്കിയ ആളെ പിടികൂടാനും വളരെ എളുപ്പമാണ്. ‌സർക്കാരിന്റെ ഈ ആവശ്യം ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്ന നടപടിയാണെന്ന് കാണിച്ച് വാട്‌സാപ്പ് പലതവണ നിരാകരിച്ചതാണ്.

എല്ലാ സേവനങ്ങളും രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന കർശന നിലപാടാണ്സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സന്ദേശങ്ങളുടെ ഒറിജിനേറ്റർ ഐഡിസൂക്ഷിക്കാൻ വാട്സാപ്പ് ഉൾപ്പടെയുള്ള സേവനങ്ങള്‍ നിർബന്ധിതരാവും

കോടതി പാസാക്കിയ ജുഡിഷ്യല്‍ ഉത്തരവ് അനുസരിച്ചോ ഐടി ആക്ഷന്‍ 69 അനുസരിച്ച് അധികൃതര്‍ പുറത്തിറക്കുന്ന ഉത്തരവ് അനുസരിച്ചോ സന്ദേശങ്ങളുടെ ഉറവിടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറണമെന്നാണ് നിര്‍ദേശം.

×