കടുവ നടക്കുന്ന വഴിയിൽ ഒരു കൂറ്റൻ പെരുമ്പാമ്പ് കിടന്നാൽ എന്തു ചെയ്യും? കടിച്ചു കുടയുമെന്നാണോ ഉത്തരം, എന്നാൽ ഇതൊന്നുമല്ല കർണാടകയിലെ ഒരു കടുവ ചെയ്തത്. നാഗർഹോളെ കടുവ സംരക്ഷിതമേഖലയിൽ നിന്ന് 2018 ഓഗസ്റ്റിൽ പകർത്തിയതാണ് ഈ ദൃശ്യം. ശരത് എബ്രഹാമാണ് അപൂർവ ദൃശ്യങ്ങൾ അന്ന് പകർത്തിയത്.
/sathyam/media/post_attachments/HDEjCvNewD63wxNftCku.jpg)
ശരത്തും ഡ്രൈവറായ ഫിറോസും കടുവാ സങ്കേതത്തിലൂടെ സഞ്ചരിക്കുന്നതിനിടയിലാണ് ആൺ കടുവയെ കണ്ടത്. 15 മിനിറ്റ് ഇവർ കടുവയെ പിന്തുടർന്നു. അപ്പോഴാണ് വഴിയുടെ മധ്യത്തിലായി കിടക്കുന്ന പെരുമ്പാമ്പിനെ കടുവ കണ്ടത്. പെരുമ്പാമ്പിനെ കണ്ടതും എന്തു ചെയ്യണമെന്നറിയാതെ അൽപ സമയം അവിടെ നിന്നു.
പിന്നീട് പാമ്പിന്റെ സമീപത്തു ചെന്ന് അതിനെ കൗതുകത്തോടെ നിരീക്ഷിച്ചു. അതിനു ശേഷം പെരുമ്പാമ്പിനെ മറികടക്കാതെ സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് മറഞ്ഞു, മാർഗ തടസ്സമായി മുന്നിൽ കിടന്ന പെരുമ്പാമ്പിനോട് ഏറ്റുമുട്ടലിനൊന്നും നിൽക്കാതെ കടുവ കാട്ടിലേക്ക് മറഞ്ഞത് കാഴ്ചക്കാരെ ഞെട്ടിച്ചു.
ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ കഴിഞ്ഞ ദിവസം ഈ പഴയ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്യതോടെയാണ് ദൃശ്യം വീണ്ടും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.