തിരുവനന്തപുരം: ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കൊല്ലം എംഎൽഎ എം മുകേഷ് വീണ്ടും വിവാദങ്ങളിൽ നിറയുമ്പോൾ സിപിഎമ്മിൽ കടുത്ത അസംതൃപ്തി.
കഴിഞ്ഞയിടെ ഫോൺ വിളിച്ച 15 കാരനോട് മോശമായി പെരുമാറിയ എംഎൽഎ ഇപ്പോൾ വിവാദത്തിലാകുന്നത് ഭാര്യ നൽകിയ വിവാഹമോചനകേസുമായി ബന്ധപ്പെട്ടാണ്. ഇതോടെ സിനിമാ താരങ്ങളെ രാഷ്ട്രീട്രീയത്തിലിറക്കിയുള്ള സിപിഎമ്മിൻ്റെ പരീക്ഷണങ്ങളും വിമർശിക്കപ്പെടുകയാണ്.
2016ലാണ് കൊല്ലത്ത് പി.കെ ഗുരുദാസന് പകരം എം മുകേഷിനെ സിപിഎം മത്സരിപ്പിക്കുന്നത്. അന്ന് തന്നെ പാർട്ടിക്കുള്ളിൽ കടുത്ത എതിർപ്പ് മുകേഷിനെതിരെ ഉയർന്നിരുന്നു. എന്നിട്ടും 17000ത്തിലേറെ വോട്ടുകൾക്കായിരുന്നു മുകേഷിൻ്റെ വിജയം.
എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പായപ്പോഴേക്കും ഭൂരിപക്ഷം കുറഞ്ഞെങ്കിലും വിജയം മുകേഷിനൊപ്പം നിന്നു. പണ്ടേ വിവാദങ്ങളുടെ കൂട്ടുകാരനായ മുകേഷ് ഇത്തവണ വിജയിച്ച ശേഷവും അതിൽ ഒരു മാറ്റവും വരുത്തിയില്ല എന്നതാണ് പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം .
ഇപ്പോൾ രണ്ടാം ഭാര്യയായ മേതിൽ ദേവിക വിവാഹ ബന്ധം വേർപെടുത്താൻ കുടുംബ കോടതിയെ സമീപിച്ചതോടെയാണ് മുകേഷിന്റെ സ്വഭാവ വൈകല്യം വീണ്ടും ചർച്ചയാകുന്നത്.
മുകേഷിന്റെ പരസ്ത്രീ ബന്ധവും മദ്യപാനവും അസഭ്യം പറച്ചിലും വിവാഹ മോചന ഹര്‍ജിയോടെ വീണ്ടും രാഷ്ട്രീയ ചര്‍ച്ചയായി മാറും. ബാറുകളിലെ സെക്യൂരിറ്റിയുമായി പോലും വാക്കുതർക്കവും സംഘർഷവുമുണ്ടാക്കുക മുകേഷിൻ്റെ പതിവാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
പരസ്ത്രീ ബന്ധവും പീഡനവും രൂക്ഷമായതോടെയാണ് ആദ്യ ഭാര്യ സരിത ബന്ധം വേർപെടുത്തിയത്. ഇക്കാര്യം സരിത തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. 1987 ലായിരുന്നു സരിതയും മുകേഷും തമ്മിലുള്ള വിവാഹം നടന്നത്.
അതിനു ശേഷം കൊല്ലം 2016ൽ മുകേഷ് മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ വന്നപ്പോൾ അന്ന് സരിത മുകേഷിനെതിരെ വലിയ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു.
സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മദ്യപനും പണത്തോട് ആർത്തിയുമുള്ള മുകേഷ് എങ്ങനെ ജനപ്രതിനിധി ആകുമെന്നായിരുന്നു സരിതയുടെ ചോദ്യം. ഇപ്പോൾ കൊല്ലം എംഎൽഎയായ മുകേഷ് മേതിൽ ദേവികയുമായുള്ള വിവാഹ ബന്ധം വേർപെടുത്തുമ്പോഴും ഉയരുന്ന ചോദ്യം ഇതു തന്നെയാണ്.
വിവാഹ ജീവിതവും മറ്റും മുകേഷിൻ്റെ വ്യക്തിപരമായ കാര്യമാണെന്നു പറയുമ്പോഴും സിപിഎമ്മിന് ഇതിൽ നിന്നും ഒഴിഞ്ഞു മാറാനാകില്ല. സിനിമാ താരങ്ങളെ ഇറക്കിയുള്ള രാഷ്ട്രീയ പരീക്ഷണം ഇനിയും വിജയിക്കില്ലെന്നു തന്നെയാണ് ഇത്തരം സംഭവങ്ങളോരോന്നും തെളിയിക്കുന്നത്. സിപിഎം പിന്തുണയുള്ള കെ.ബി ഗണേഷ് കുമാറിനെതിരെയും ഉയര്‍ന്നിരുന്നത് ഇതേ ആരോപണങ്ങളാണ്.
നേരത്തെ ചാലക്കുടി ലോക്സസഭാ മണ്ഡലത്തിൽ ഇന്നസെൻ്റിനെ ഇറക്കി സീറ്റ് പിടിച്ചെടുത്തെങ്കിലും തൊട്ടടുത്ത തവണ സീറ്റ് നഷ്ടമായി. പാർട്ടിക്കാരെയും പൊതു സമൂഹത്തെയും പാർട്ടിക്ക് എതിരാക്കാനും ഇന്നസെൻ്റിന് കഴിഞ്ഞു. അതു മാത്രമായിരുന്നു ആ പരീക്ഷണത്തിൻ്റെ ഏക ഫലം.