സ്കൂളിലെ കൈയ്യെഴുത്ത് മാസികയില്‍ കവിതയെഴുതി തുടക്കം. എഴുതി തീര്‍ത്തത് 2000 ലധികം ഗാനങ്ങള്‍. പ്രണയവും വിരഹവും ജീവിതവും ഒരുപോലെ വരികളിലാക്കിയ പാട്ടെഴുത്തുവഴിയിലെ സാത്വികഭാവം - ആ ശരറാന്തല്‍ തിരി താഴ്ത്തി ! ആസ്വാദക ഹൃദയങ്ങളെ ചിത്തിരത്തോണിയില്‍ അക്കരയെത്തിച്ച കവി വിടപറയുമ്പോള്‍...  

New Update

publive-image

തിരുവനന്തപുരം: മലയാളികള്‍ ഒരിക്കലെങ്കിലും മൂളാത്ത ആ വരികളുടെ ഉടമ യാത്രയായി. ഒരുപക്ഷേ അദ്ദേഹം വിടവാങ്ങിയപ്പോഴാകാം ഈ വരികളുടെയൊക്കെ ഉടമ പൂവച്ചല്‍ ഖാദര്‍ ആയിരുന്നുവെന്ന് സാധാരണക്കാരൊക്കെ അറിയുന്നത്. ഒരിക്കലും വലിയ അവകാശ വാദങ്ങള്‍ക്കോ വിവാദങ്ങള്‍ക്കോ വരാത്ത കവിയായിരുന്നു അദ്ദേഹം എന്നതാകാം ഈയൊരു അജ്ഞതയ്ക്ക് പിന്നില്‍.

Advertisment

വിവിധ തലമുറകളെ പാട്ടിന് മുന്നില്‍ പിടിച്ചിരുത്തിയ വരികളായിരുന്നു പൂവച്ചല്‍ ഖാദറിന്റേത്. രണ്ടായിരത്തിലധികം ഗാനങ്ങളാണ് പൂവച്ചലിന്റെ തൂലികയിലൂടെ മലയാള സംഗീത ലോകത്തിന് ലഭിച്ചത്.

സ്‌കൂള്‍ പഠന കാലത്ത് കയ്യെഴുത്ത് മാസികയില്‍ കവിതയെഴുതിയായിരുന്നു പൂവച്ചലിന്റെ തുടക്കം. സര്‍ക്കാര്‍ സര്‍വീസില്‍ എഞ്ചിനീയറായി കോഴിക്കോട് എത്തിയതോടെ പൂവച്ചല്‍ മലയാള ഗാനശാഖയുടെ ഭാഗമായി. 1972ല്‍ കവിത എന്ന ചിത്രത്തിന് വേണ്ടി പാട്ടെഴുതിയാണ് ചലച്ചിത്ര ഗാനരചനയിലേക്ക് കടന്നുവന്നത്.

പ്രണയത്തിനൊപ്പം പ്രതീക്ഷയും ജീവിതവും പൂവച്ചലിന്റെ വരികളില്‍ നിറഞ്ഞു. പാട്ടിന്റെ സാഹചര്യവും സംഗീതവുമൊക്കെ കിട്ടിയാല്‍ പിന്നെ അദ്ദേഹം ചുറ്റുമുള്ളതൊന്നും അറിയില്ല. എവിടെയിരുന്നും പാട്ടെടുതാന്‍ മിടുക്കുള്ള കവികൂടിയായിരുന്നു പൂവച്ചല്‍.

വേണ്ടിവന്നാല്‍ റെയില്‍വേ സ്റ്റേഷനിലിരുന്നും താന്‍ കവിതയെഴുതുമെന്ന് അദ്ദേഹം തന്നെ പലവട്ടം പറഞ്ഞിരുന്നു. ഒരു കാര്യം തീരുമാനിച്ചാല്‍ പിന്നെ താനും തന്റെ ഭാവനയും മാത്രമാകും ഉണ്ടാകുകയെന്നു എന്നും പറഞ്ഞിരുന്നു അദ്ദേഹം.

'നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍...' (ചാമരം), 'ഏതോ ജന്മ കല്‍പനയില്‍...' (പാളങ്ങള്‍), 'അനുരാഗിണി ഇതായെന്‍...' (ഒരു കുടക്കീഴില്‍), 'ശരറാന്തല്‍ തിരിതാഴും...' (കായലും കയറും) തുടങ്ങിയവയടക്കം ഖാദറിന്റെ ഗാനങ്ങളില്‍ പലതും എക്കാലത്തും മലയാളികള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നവയാണ്.

'മൗനമേ നിറയും മൗനമേ...' (തകര), 'സിന്ദൂര സന്ധ്യയ്ക്ക് മൗനം...' (ചൂള), 'രാജീവം വിടരും നിന്‍ മിഴികള്‍...' (ബെല്‍റ്റ് മത്തായി), 'മഴവില്ലിന്‍ അജ്ഞാതവാസം കഴിഞ്ഞു...' (കാറ്റുവിതച്ചവന്‍), 'നാണമാവുന്നു മേനി നോവുന്നു...' (ആട്ടക്കലാശം), 'എന്റെ ജന്മം നീയെടുത്തു...'(ഇതാ ഒരു ധിക്കാരി), 'ഇത്തിരി നാണം പെണ്ണിന് കവിളില്‍...' (തമ്മില്‍ തമ്മില്‍), 'ചിത്തിരത്തോണിയില്‍ അക്കരെപ്പോകാന്‍...' (കായലും കയറും), 'നീയെന്റെ പ്രാര്‍ഥനകേട്ടു...' (കാറ്റു വിതച്ചവന്‍), 'കിളിയേ കിളിയേ...' (ആ രാത്രി), 'പൂമാനമേ ഒരു രാഗമേഘം താ...' (നിറക്കൂട്ട്), 'കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ....' (താളവട്ടം), 'മന്ദാരച്ചെപ്പുണ്ടോ മണിക്യക്കല്ലുണ്ടോ....' (ദശരഥം) തുടങ്ങിയവ പൂവച്ചലിന്റെ ഹിറ്റുകളില്‍ ചിലതുമാത്രം. മലയാളികളുടെ പ്രിയ ഗാനരചയിതാവിന് വിട...

-poovachal-khader
Advertisment