ജനസംഖ്യയിലെ ഭൂരിഭാഗം പേരും വാക്‌സിനെടുത്തിട്ടും സീഷെല്‍സില്‍ കൊവിഡ് വ്യാപിക്കുന്നു; പരിശോധിക്കുമെന്ന് ലോകാരോഗ്യസംഘടന

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, May 13, 2021

ജനീവ: ജനസംഖ്യയിലെ ഭൂരിഭാഗം പേരും വാക്‌സിനെടുത്തിട്ടും സീഷെല്‍സില്‍ കൊവിഡ് വ്യാപിക്കുന്നത് പരിശോധിക്കുമെന്ന് ലോകാരോഗ്യസംഘടന. ഒരാഴ്ചയ്ക്കിടെ പരിശോധിച്ചവരില്‍ മൂന്നിലൊന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനേ തുടര്‍ന്നാണ് രാജ്യത്ത് നിന്നുള്ള കൊവിഡ് വിവരങ്ങള്‍ ലോകാരോഗ്യ സംഘടന പരിശോധിക്കാന്‍ തീരുമാനിച്ചത്.

ഒരു ലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള രാജ്യത്ത് പ്രതിദിനം നൂറിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും വാക്‌സിനേഷന്‍ എടുക്കാത്തവരും അല്ലെങ്കില്‍ ഒരു ഡോസ് മാത്രം സ്വീകരിച്ചവരുമാണെന്ന് സീഷെല്‍സ് ആരോഗ്യ മന്ത്രാലയം പറയുന്നു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ആരും മരണമടഞ്ഞിട്ടില്ലെന്നും കഠിനമായി രോഗം ബാധിക്കുകയും ചികിത്സ ആവശ്യമായി വരികയും ചെയ്തവര്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

×