നമ്മള്‍ മിടുക്കരാണെങ്കില്‍ മഹാമാരിയുമായി ബന്ധപ്പെട്ട ദുരന്തങ്ങള്‍ ഇല്ലാതാക്കാന്‍ ഈ വര്‍ഷാവസാനത്തോടെ പറ്റും; മഹാമാരി വ്യാപനത്തെ 2021 ല്‍ പൂര്‍ണമായും ഇല്ലാതാക്കാമെന്നത് പ്രായോഗികമായി നടക്കില്ല; ലോകാരോഗ്യ സംഘടന

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Tuesday, March 2, 2021

കൊവിഡ് മഹാമാരി വ്യാപനത്തെ 2021 ല്‍ പൂര്‍ണമായും ഇല്ലാതാക്കാമെന്നത് പ്രായോഗികമായി നടക്കില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന എമര്‍ജന്‍സീസ് പ്രോഗ്രാം ഡയരക്ടര്‍ ഡോ. മിഖായേല്‍ റയാന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേ സമയം കൊവിഡിനെതിരായ വാക്‌സിനുകളുടെ വരവ് കൊവിഡ് മരണങ്ങളിലും രോഗികളെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്ന എണ്ണത്തിലും ഗണ്യമായ കുറവുണ്ടാക്കുമെന്നും ഇദ്ദേഹം പറയുന്നു.

നിലവില്‍ കൊവിഡ് വ്യാപന നിരക്ക് കുറയ്ക്കുകയായിരിക്കണം ആഗോളതലത്തിലെ ശ്രദ്ധ. തുടരെ വാക്‌സിനുകള്‍ വരുന്നത് രോഗ്യവ്യാപനത്തിന്‍രെ തോത് കുറയ്ക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

‘ നമ്മള്‍ മിടുക്കരാണെങ്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍, മരണങ്ങളും മഹാമാരിയുമായി ബന്ധപ്പെട്ട ദുരന്തങ്ങള്‍ എന്നിവ ഇല്ലാതാക്കാന്‍ ഈ വര്‍ഷാവസാനത്തോടെ പറ്റും,’ ഡാ. മിഖായേല്‍ റയാന്‍ പറഞ്ഞു.

അതേസമയം കൊവിഡ് വവഭേദങ്ങള്‍ രൂപപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രോഗ നിയന്ത്രണത്തില്‍ ഉറപ്പു പറയാന്‍ സാധിക്കില്ലെന്നും ഇദ്ദേഹം പറഞ്ഞു. ‘നിലവില്‍ വൈറസ് വളരെയധികം നിയന്ത്രണ വിധേയമാണ്,’ അദ്ദേഹം പറഞ്ഞു.

×