കാഞ്ഞിരപ്പള്ളിയുടെ മണ്ണിൽ ആരു വിജയക്കൊടി നാട്ടും ? വിജയപ്രതീക്ഷയിൽ മൂന്നു മുന്നണികളും. ഏറെ അനുകൂല സാഹചര്യമുണ്ടായിട്ടും തിരിച്ചടി നേരിട്ടാൽ അതു സ്ഥാനാർത്ഥിയുടെ ഉത്തരവാദിത്വമായിരിക്കുമെന്ന് മുന്നറിയിപ്പ് ! സിപിഐ പാലം വലിക്കുമോയെന്ന ആശങ്കയിൽ എൻ ജയരാജ്. എംഎൽഎയോടുള്ള എതിർപ്പും തിരിച്ചടിക്കുമെന്ന് സൂചന. വൈകിയെത്തിയ കണ്ണന്താനത്തിനും പ്രശ്നമായത് സമയക്കുറവ്. കണ്ണന്താനത്തിനെ സാധാരണ ബിജെപി പ്രവർത്തകർ സ്വീകരിച്ചോയെന്നും സംശയം ! ആർക്കും പിടി തരാതെ കാഞ്ഞിരപ്പള്ളി

ന്യൂസ് ബ്യൂറോ, കോട്ടയം
Tuesday, April 13, 2021

കോട്ടയം: വലിയ പ്രതീക്ഷയിലാണ് കാഞ്ഞിരപ്പള്ളിയിലെ ഫലത്തെ മൂന്നു മുന്നണികളും നോക്കിക്കാണുന്നത്. അയല്‍പക്കത്തെ പൂഞ്ഞാറിനു സമാനമായ ശക്തമായ ത്രികോണ മത്സരമാണ് ഇവിടെയും നടന്നത്. മൂന്നു സ്ഥാനാർത്ഥികളും ഒന്നിനൊന്നു മെച്ചം.

ബിജെപി സ്ഥാനാർത്ഥിയായ അൽഫോൻസ് കണ്ണന്താനം പഴയ കാഞ്ഞിരപ്പള്ളിയുടെ അവസാന എംഎൽഎയായിരുന്നു. അന്നു പരാജയപ്പെട്ട ജോസഫ് വാഴയ്ക്കൻ ഇന്നും കണ്ണന്താനത്തെ നേരിടാൻ എത്തുന്നു. ഇടതു സ്ഥാനാർത്ഥി  ഡോ. എൻ ജയരാജ് ആകട്ടെ നിലവിലെ കാഞ്ഞിരപ്പള്ളി എംഎൽഎയും.

കേരളാ കോൺഗ്രസിൻ്റെ മുന്നണി മാറ്റത്തോടെ ഇരു മുന്നണികൾക്കും തലവേദനയുണ്ടാക്കിയ മണ്ഡലം കൂടിയാണ് കാഞ്ഞിരപ്പള്ളി. യുഡിഎഫിൽ ജോസഫ് വിഭാഗം സീറ്റിനായി അവസാന നിമിഷം വരെ രംഗത്തുണ്ടായിരുന്നു. പിന്നിട് ഏറ്റുമാനൂർ കിട്ടിയതോടെയാണ് ജോസഫ് അടങ്ങിയത്.

ഇടതിലാകട്ടെ സിപിഐ കാഞ്ഞിരപ്പള്ളി വേണമെന്ന വാശിയിലായിരുന്നു. ഒടുവിൽ ജോസിന് സീറ്റുകിട്ടുമ്പോൾ മുറിവേറ്റ സിപിഐ ഒതുങ്ങിക്കൂടി. ഈ പിണക്കവും തർക്കവും ആർക്കു ഗുണം ചെയ്തു എന്നു കൂടി തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കും.

യുഡിഎഫിന് ഏറ്റവും അനുകൂല സാഹചര്യം കാഞ്ഞിരപ്പള്ളിയിൽ ഉണ്ടായിരുന്നു. കേരളാ കോൺഗ്രസിൻ്റെ മുന്നണി മാറ്റത്തോടെ കോൺഗ്രസിന് മത്സരിക്കാൻ അവസരം വന്നത് പ്രവർത്തകർക്ക് ആവേശമായിരുന്നു. തദ്ദേശിയനായ ഒരു സ്ഥാനാർത്ഥിയെ അവർ പ്രതീക്ഷിച്ചിരുന്നു.

എന്നാൽ കിട്ടിയതാകട്ടെ ജോസഫ് വാഴയ്ക്കനെയും. കടുത്ത ഗ്രൂപ്പുമാനേജരായ നേതാവിനെ കാഞ്ഞിരപ്പള്ളിയിൽ ഇറക്കിയത് എത്രകണ്ട് ഗുണകരമാകുമെന്ന ചോദ്യം അന്നുതന്നെ ഉയർന്നിരുന്നു. അതു കൊണ്ട് തന്നെ അനുകൂല സാഹചര്യത്തിന് തിരിച്ചടിയുണ്ടായാൽ അതിന് ഉത്തരവാദി സ്ഥാനാർത്ഥി തന്നെയെന്ന് പറയേണ്ടി വരുമെന്നാണ് നേതാക്കളും പ്രവർത്തകരും ഒരു പോലെ പറയുന്നത്.

ചുരുങ്ങിയ സമയം കൊണ്ട് മണ്ഡലത്തിൽ ഓട്ടപ്രദക്ഷിണം നടത്താൻ വാഴയ്ക്കന് കഴിഞ്ഞു. കാശിറക്കിയുള്ള മേളക്കൊഴുപ്പും നടത്താനായി. ഇതൊക്കെ വോട്ടാകുമോയെന്ന് കണ്ടറിയണം. പക്ഷേ വാഴയ്ക്കന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അത്ര ആത്മവിശ്വാസക്കുറവില്ലെങ്കിലും വിജയിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.

എൻ ജയരാജിൻ്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. മുന്നണിയിൽ സിപിഐ വോട്ടുകൾ ജയരാജിൻ്റെ പെട്ടിയിൽ വീഴുമോ എന്ന കാര്യത്തിൽ അത്ര ഉറപ്പുപോര. എംഎൽഎയുടെ പ്രവർത്തനത്തിലെ അതൃപ്തിയും ചിലപ്പോ തിരിച്ചടിയുണ്ടാക്കാം.

സിപിഎം സഹായം കിട്ടിയില്ലെങ്കിൽ തിരിച്ചടി ഉറപ്പാണ്. ഇതു കേരളാ കോൺഗ്രസിനെയും അലോസരപ്പെടുത്തുന്നുണ്ട്. വൈകിയെത്തിയ കണ്ണന്താനം എത്ര വോട്ടുപിടിക്കുമെന്നത് ഇരു മുന്നണികൾക്കും ഒരുപോലെ തലവേദനയാണ്.

പല പഞ്ചായത്തുകളിലും സുപരിചിതനായ കണ്ണന്താനവും തികഞ്ഞ വിജയപ്രതീക്ഷയിലാണ്. ക്രൈസ്തവ വോട്ടുകളും പരമ്പരാഗത ബിജെപി വോട്ടും കണ്ണന്താനം പിടിച്ചാൽ അതു വിജയത്തിലേക്ക് നയിച്ചേക്കാം. പക്ഷേ വിഭാഗീയത രൂക്ഷമായ ബിജെപിയിൽ അതു സാധ്യമാകുമോയെന്ന് കണ്ടറിയണം. മാത്രമല്ല, കണ്ണന്താനത്തിന് പ്രാദേശിക ബിജെപി നേതാക്കളില്‍ നിന്ന് എത്രകണ്ട് പിന്തുണ ലഭിച്ചെന്നും പരിശോധിക്കണം.

വിജയം വാഴയ്ക്കനും ജയരാജിനും ഒരേപോലെ അനിവാര്യമാണ്. യുഡിഎഫിന് ഇത്തവണ ‘ലോട്ടറി’ പോലെ ഭാഗ്യമണ്ഡലമായിരുന്ന കാഞ്ഞിരപ്പള്ളിയില്‍ തോറ്റാല്‍ ജോസഫ് വാഴയ്ക്കനുണ്ടാകുന്ന തിരിച്ചടി ചിന്തിക്കുന്നതിലും അപ്പുറമായിരിക്കും. ഇനിയൊരു മത്സരത്തിനേക്കുറിച്ച് പറയാന്‍പോലും ശേഷിയില്ലെന്ന് പറയേണ്ടിവരും. തോല്‍വിയുടെ ഉത്തരവാദിത്വം സ്ഥാനാര്‍ഥിക്കു മാത്രമായിരിക്കും.

എന്‍ ജയരാജിനെ സംബന്ധിച്ച് ശക്തമായ വെല്ലുവിളിയാണ് ഉയര്‍ന്നത്. വിജയം ആവര്‍ത്തിക്കാനായില്ലെങ്കില്‍ അത് കേരള കോണ്‍ഗ്രസ് – എമ്മിനുതന്നെ തിരിച്ചടിയാകും.

×