Advertisment

കിലോയ്ക്ക് 40രൂപ വിലയുള്ള പഞ്ചസാര വാങ്ങാന്‍ ഇനി 500 രൂപയുടെ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണോ ? കോവിഡ് വന്നു പോയവരും ഒന്നാം ഡോസു കിട്ടി രണ്ടാഴ്ച കഴിഞ്ഞവരും മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന ഉത്തരവിനെതിരെ പ്രതിഷേധം ! സര്‍ക്കാരിന്റെ പുതിയ മാനദണ്ഡങ്ങളെക്കാള്‍ ഭേദം ലോക്ക്ഡൗണ്‍ തന്നെ ! വ്യാപാരികളോടുള്ള വിരോധം സര്‍ക്കാരിന് തീരുന്നില്ലെന്നും വ്യക്തം. കട തുറന്നാലും ആരും കയിലേക്ക് വരരുതെന്ന നിര്‍ബന്ധമോ സര്‍ക്കാരിനെന്നും സംശയം. ലോക്ക്ഡൗണ്‍ ഇളവില്‍ വ്യാപക പ്രതിഷധം

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കുള്ള മാനദണ്ഡങ്ങള്‍ അശാസ്ത്രീയമെന്ന് പരക്കെ ആക്ഷേപം. കടകള്‍ തുറക്കണമെന്ന ആവശ്യം ഉയര്‍ന്നതിനാല്‍ കട തുറക്കാന്‍ അനുവദിക്കുകയും എന്നാല്‍ കടയിലേക്ക് ആരും വരരുത് എന്നു ഉറപ്പിക്കുകയുമാണ് സര്‍ക്കാരെന്നാണ് ആക്ഷേപം. ഇന്നലെ മന്ത്രി നിയമസഭയില്‍ പറഞ്ഞതൊന്നുമല്ല, സര്‍ക്കാര്‍ ഉത്തരവ് വന്നപ്പോള്‍ വന്നതെന്നാണ് പരാതി.

കടകളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ കോവിഡ് പോസിറ്റീവായവരോ, രണ്ടു വാക്‌സിന്‍ എടുത്തവരോ, ഒന്നാം ഡോസ് വാക്‌സിനെടുത്ത് രണ്ടാഴ്ച പിന്നിട്ടവരോ ആകണമെന്നാണ് നിബന്ധന. അതല്ലങ്കില്‍ മൂന്നു ദിവസത്തിനുള്ളില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. ഇതോടെ വാക്‌സിനെടുക്കാന്‍ കഴിയാത്തവര്‍ എന്തു ചെയ്യണമെന്നാണ് ഉയരുന്ന ചോദ്യം.

കേരളത്തിലെ പകുതി ആളുകള്‍ക്ക് പോലും വാക്‌സിന്‍ ലഭ്യമാക്കാന്‍ ഇതുവരെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ എങ്ങനെ വാക്‌സിന്‍ കിട്ടാത്തവര്‍ പുറത്തിറങ്ങരുതെന്ന് പറയാനാവുമെന്നാണ് ചോദ്യം. 40 രൂപ വിലയുള്ള ഒരു കിലോ പഞ്ചസാര വാങ്ങാന്‍ 500 രൂപ മുടക്കി ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യണെമന്ന നിബന്ധന എങ്ങനെ അംഗീകരിക്കുമെന്നും ചോദ്യം ഉയരുകയാണ്.

ഇതു സ്വകാര്യ ആശുപത്രികളെ സഹായിക്കാനേ ഉപകരിക്കൂ എന്നും വിമര്‍ശനമുണ്ട്. ഒന്നാം ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കി രണ്ടാഴ്ച പിന്നിട്ടാലേ പുറത്തിറങ്ങാനാകൂ എന്നു പറഞ്ഞാല്‍ ഓണത്തിന് പലര്‍ക്കും വീട്ടില്‍ തന്നെ കഴിയേണ്ടി വരും. അടുത്തയാഴ്ചയോടെ പോലും കേരളത്തിലെ 50 ശതമാനത്തിനും ഒന്നാം ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കാനാവില്ല.

ഈ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചിട്ടും ഇതില്‍ തന്നെ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്. ഇതോടെ ഒരു കാര്യം വ്യക്തം. സര്‍ക്കാരിനെ വിമര്‍ശിച്ച വ്യാപാരികളെ ശത്രുക്കളായാണ് സര്‍ക്കാര്‍ കാണുന്നതെന്നതാണ് ശരി.

ഇടക്കാലത്ത് സര്‍ക്കാരിനെ വെല്ലുവിളിച്ച വ്യാപാരികളെ അങ്ങനെയങ്ങ് ആളാക്കാനില്ല എന്ന രീതിയിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രതികരിച്ചിട്ടുള്ളത്. ഇതു വ്യാപാരികളോടുള്ള വിരോധവും സാധാരണക്കാരോടുള്ള വെല്ലുവിളിയും ആണെന്നു വ്യക്തം.

covid lock down
Advertisment