കാസർകോട് വിവാഹേതര ബന്ധം ചോദ്യം ചെയ്ത ഭർത്താവിനെ ഭാര്യ ക്വട്ടേഷൻ നൽകി കൊന്നു: ഭാര്യയും കാമുകനും പിടിയിൽ

ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Friday, January 24, 2020

കാസർകോട്: വിവാഹേതര ബന്ധം ചോദ്യം ചെയ്ത ഭർത്താവിനെ ഭാര്യ ക്വട്ടേഷൻ നൽകി കൊന്നു. കാസർകോഡ് പാവൂർ കിദമ്പാടി സ്വദേശി ഇസ്മായിലാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഇസ്മായിൽ മരണപ്പെടുന്നത്.

ഇസ്മായിലിന്‍റെ ഭാര്യ ആയിശയും ബന്ധുവും കാമുകനുമായ മുഹമ്മദ് ഹനീഫയുമാണ് കൊലപാതകക്കേസിൽ പൊലീസ് പിടിയിലായത്.

പുലർച്ചെ ഭാര്യ ആയിശ സഹോദരനെ വിളിച്ച് മരണ വിവരം അറിയിച്ചു. കഴുത്തിൽ കയർ മുറുകിയ പാടുകൾ കണ്ടതോടെ സംശയം തോന്നിയ ബന്ധുക്കളോട് തൂങ്ങി മരിച്ചതാണെന്നും താനും അയൽവാസിയായ ഹനീഫയും ചേർന്ന് കട്ടിലിൽ കിടത്തിയതെന്നുമാണ് പറഞ്ഞിരുന്നത്.

അസ്വാഭാവിക മരണത്തിൽ കേസെടുത്ത പൊലീസ് അന്വേഷണവും തുടങ്ങി. ഇതിനിടയിലാണ് കൊലപാതക വിവരം പുറത്താകുന്നത്.

ഇസ്മായിൽ മദ്യപിച്ചെത്തി ആയിശയെ ഉപദ്രവിക്കുമായിരുന്നു. കൂടാതെ ഹനീഫയുമായുള്ള ബന്ധം അറിഞ്ഞതിനെ തുടർന്നും ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. ഹനീഫയും ആയിശയും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കർണാടക സ്വദേശികളായ രണ്ടു പേരുടെ നേതൃത്വത്തിലാണ് കൃത്യം നടന്നത്.

കൊലയാളികൾക്കായി കതക് തുറന്ന് കൊടുത്തത് ആയിശയായിരുന്നു. ഇവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. പതിനായിരം രൂപ കൂട്ടുപ്രതികൾക്ക് നൽകിയതായും പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

×