ദേശീയം

പെഗസസ് ദുരുപയോഗിച്ചതിനു വിശ്വസനീയമായ തെളിവുകളുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് നിർമാതാക്കളായ ഇസ്രയേൽ കമ്പനി എൻഎസ്ഒ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, July 21, 2021

ന്യൂഡൽഹി: പെഗസസ് ദുരുപയോഗിച്ചതിനു വിശ്വസനീയമായ തെളിവുകളുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് നിർമാതാക്കളായ ഇസ്രയേൽ കമ്പനി എൻഎസ്ഒ. അതേസമയം മാധ്യമങ്ങളുടെ അന്വേഷണത്തോട് പ്രതികരിക്കാനില്ലെന്നും അവര്‍ വ്യക്തമാക്കി.

വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയക്കാര്‍, മാധ്യപ്രവര്‍ത്തകര്‍, ജുഡീഷ്യറി അംഗങ്ങള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ ഫോണുകള്‍ പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നിരീക്ഷിക്കുകയോ ചോര്‍ത്തുകയോ ചെയ്തുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തെത്തിയിരുന്നു.

17 മാധ്യമങ്ങളുടെ കൂട്ടായ്മയാണ് ഈ വിവരം പുറത്തുവിട്ടത്. തങ്ങളുടെ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തതിന് വിശ്വസനീയമായ തെളിവു ലഭിച്ചാല്‍ മുന്‍പ് എന്നത്തെയും പോലെ എന്‍.എസ്.ഒ. വിശദമായ അന്വഷണം നടത്തും. ആവശ്യമെങ്കില്‍ ചാര സോഫ്റ്റ് വെയര്‍ തന്നെ നിര്‍ത്തലാക്കുമെന്നും കമ്പനി വക്താവ് പറഞ്ഞു.

സ്പൈവെയറിനെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഇസ്രയേൽ ഉന്നത സംഘത്തെ നിയോഗിച്ചതായുള്ള വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് എൻഎസ്ഒയുടെ നീക്കം. ചാരപ്രവർത്തനത്തിന് ഇരയാക്കപ്പെട്ടവരുടേതെന്ന രീതിയിൽ പുറത്തുവന്ന ലിസ്റ്റും എൻഎസ്ഒ തള്ളി. പെഗസസ് ലക്ഷ്യമിട്ടെന്നു പറഞ്ഞു പുറത്തുവരുന്ന പേരുകളെല്ലാം തെറ്റാണെന്നും കമ്പനി അറിയിച്ചു.

മാധ്യമ സ്ഥാപനങ്ങളുടെ അന്വേഷണത്തിന് ആധാരമായ, ചോര്‍ത്തലിനോ നിരീക്ഷണത്തിനോ വിധേയമായവയുടെ പട്ടികയെ ഞായറാഴ്ച മുതല്‍ എന്‍.എസ്.ഒ. നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ചോര്‍ത്തലിന് വിധേയമായ ചില ഫോണുകളില്‍ പെഗാസസ് പ്രവര്‍ത്തിച്ചിരുന്നതായി ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നാണ് വിവരം.

പെഗസസ് ഉപയോഗിച്ചുള്ള നിരീക്ഷണത്തെക്കുറിച്ചു പാർലമെന്റിനുള്ളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണു പ്രതിപക്ഷ കക്ഷികളുടെ തീരുമാനം.

×