12 ലക്ഷം കൊവിഡ് കേസുകള്‍ പിന്‍വലിക്കും; കൈയേറ്റക്കേസുകള്‍ തുടരും

author-image
Charlie
Updated On
New Update

publive-image

Advertisment

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത പോലീസ് കേസുകള്‍  പിന്‍വലിക്കാനൊരുങ്ങി പിണറായി വിജയന്‍ സര്‍ക്കാര്‍. കേസുകള്‍ പിന്‍വലിക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഈ മാസം 29ന് ഉന്നതതല യോഗം വിളിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് പോലീസ് രജിസ്റ്റര്‍ ചെയ്ത 12 ലക്ഷത്തിലേറെ കേസുകളില്‍ ബഹുഭൂരിപക്ഷവും പിന്‍വലിക്കും. ഗൗരവമേറിയ കേസുകള്‍ ഒഴികെ മറ്റ് കേസുകള്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ നീക്കം. കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്ന രണ്ടുവര്‍ഷത്തിനിടെ ഏഴു ലക്ഷം കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയത്. കേരള സര്‍ക്കാര്‍ പാസാക്കിയ പകര്‍ച്ചാ വ്യാധി നിയന്ത്രണ നിയമം അനുസരിച്ചാണ് കേസുകളെടുത്തത്.

കേസുകളുടെ ബാഹുല്യം കാരണം കോടതികളിലുണ്ടാവുന്ന തിരക്കും സമയനഷ്ടവും പോലീസിന്റെ അമിത ജോലിഭാരവുംകൂടി കണക്കിലെടുത്താണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഓരോ കേസും പരിശോധിച്ച് പിന്‍വലിക്കാവുന്ന കേസുകളുടെ വിവരം നല്‍കാന്‍ ഡി.ജി.പി ജില്ല പോലീസ് മേധാവികള്‍ക്കു നിര്‍ദ്ദേശം നല്‍കി. മാസ്‌ക്ക് ധരിക്കാത്തതിനും ക്വാറന്റൈന്‍ ലംഘിച്ചതിനും മറ്റും 500 രൂപ മുതല്‍ 25,000 രൂപവരെ പിഴയീടാക്കാവുന്ന പെറ്റിക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തവയില്‍ കൂടുതലും. ഇവയെല്ലാം പിന്‍വലിക്കും.

നിയന്ത്രണം ലംഘിച്ച് റോഡിലിറങ്ങിയ വാഹനങ്ങള്‍ പിടിച്ചെടുത്ത് പിഴ ചുമത്തിയിരുന്നു. പിടിയിലായപ്പോള്‍ ചിലര്‍ തുക അടച്ച് തലയൂരിയെങ്കിലും പിഴ ഒടുക്കാത്തവരായിരുന്നു അധികവും. വ്യാജവിലാസം നല്‍കി തടിതപ്പിയവരുമുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 35 കോടിയിലധികം രൂപയാണ് പോലീസ് പിഴ ചുമത്തിയത്. പിഴ മിക്കവരും അടച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.  പിഴയടക്കാത്തവര്‍ക്കും ഗൗരവമായ കുറ്റകൃത്യത്തിലുള്‍പ്പെട്ടവര്‍ക്കും എതിരെയാണ് പൊലീസ് പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിച്ചത്. ചില കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പലതിലും അന്വേഷണം തുടരുകയാണ്.

കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത 2020 മാര്‍ച്ച് മുതല്‍ 2022 മാര്‍ച്ച് 19 വരെ 12,27,065 കേസുകളാണ് കേരളത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ പകര്‍ച്ചാ വ്യാധി പ്രതിരോധ നിയമപ്രകാരമായിരുന്നു കേസുകള്‍.

അതേസമയം, കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കാനിറങ്ങിയ പോലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും കൈയേറ്റം ചെയ്യുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കില്ല. നിയന്ത്രണം ലംഘിച്ച് കടകള്‍ തുറന്ന് ആള്‍ക്കൂട്ടമുണ്ടാക്കിയതിനും പൊതു ചടങ്ങുകളും ജാഥകളും നടത്തിയതിനും കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് അക്രമം കാട്ടിയതിനും ചുമത്തിയ കേസുകളും തുടരും.

Advertisment