കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് അധികം ദിവസം പിന്നിടും മുമ്പേ കൊവിഡ് സ്ഥിരീകരിച്ചത് നിരവധി അധ്യാപകര്‍ക്ക്‌

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Tuesday, January 5, 2021

ബെംഗളൂരു: കര്‍ണാടകയില്‍ സ്‌കൂളുകളും കോളേജുകളും തുറന്ന് അധികം ദിവസം പിന്നിടും മുമ്പേ കൊവിഡ് സ്ഥിരീകരിച്ചത് നിരവധി അധ്യാപകര്‍ക്ക്. ബെലഗാവി ജില്ലയില്‍ 19 അധ്യാപകര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ചിക്കോടിയില്‍ നിന്നുള്ള നാല് അധ്യാപകര്‍ക്കും രോഗം ബാധിച്ചു. കടോലിയിലെ നാല് അധ്യാപകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സ്‌കൂള്‍ പൂട്ടിയതായും പൂര്‍ണമായി സാനിറ്റൈസ് ചെയ്തതിനു ശേഷം ഒരാഴ്ചയ്ക്കു ശേഷമേ വീണ്ടും തുറക്കൂവെന്നും ബെലഗാവി ജില്ല കളക്ടര്‍ പറഞ്ഞു.

കോപ്പലില്‍ രണ്ട് അധ്യാപകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ 23 കുട്ടികള്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാന്‍ ഒരുങ്ങുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കും മുന്‍പേ അധ്യാപകരും അനധ്യാപകരും നിര്‍ബന്ധമായി കൊവിഡ് ടെസ്റ്റ് വിധേയരാകണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരത്തില്‍ നടന്ന പരിശോധനയുടെ ഫലങ്ങളിലാണ് അധ്യാപകര്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് വ്യക്തമായത്.

×