വീട്ടമ്മയെ കബളിപ്പിച്ച് രണ്ടം​ഗസംഘം രണ്ടുലക്ഷത്തോളം വില വരുന്ന സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞു

Friday, January 24, 2020

ബെംഗളൂരു: ബെം​ഗളൂരുവിൽ വീട്ടമ്മയെ കബളിപ്പിച്ച് രണ്ടം​ഗസംഘം രണ്ടുലക്ഷത്തോളം വില വരുന്ന സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞതായി പരാതി.

കെആർ പുരത്തു താമസിക്കുന്ന 53കാരി രാജമ്മയാണ് തട്ടിപ്പിനിരയായത്. സൗഹൃദം നടിച്ചെത്തിയ യുവതിയടങ്ങുന്ന സംഘം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് തന്റെ സ്വർണാഭരണങ്ങൾ കവരുകയായിരുന്നുവെന്ന് രാജമ്മ പരാതിയിൽ പറഞ്ഞു.

രാവിലെ മാർക്കറ്റിൽ പച്ചക്കറി വാങ്ങാനെത്തിയ രാജമ്മയെ 63 വയസ്സു തോന്നിക്കുന്ന സ്ത്രീ സൗഹൃദം നടിച്ച് മാർക്കറ്റിന് പുറത്തേക്ക് എത്തിക്കുകയായിരുന്നു. ഇവിടെവച്ച് ബലംപ്രയോ​ഗിച്ച് റോഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ കയറ്റുകയും ഭീഷണിപ്പെടുത്തി രാജമ്മയുടെ സ്വർണാഭരണങ്ങൾ കവരുകയുമായിരുന്നു.

സ്ത്രീക്കൊപ്പം 30 വയസ്സുള്ള യുവാവും ഉണ്ടായിരുന്നു. ആഭരണങ്ങൾ കവർന്നതിനുശേഷം രാജമ്മയെ ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വീട്ടിലെത്തിയ രാജമ്മ മകന്റെ സഹായത്തോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

മാർക്കറ്റിലെത്തുന്നവരോട് മോഷ്ടാക്കളുണ്ടെന്നും ആഭരണങ്ങൾ അഴിച്ച് ബാ​ഗിൽ വയ്ക്കാനും ആവശ്യപ്പെടുന്നവർ തന്നെ ഒടുവിൽ തട്ടിപ്പറി നടത്തുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആളുകളെ ബോധവത്ക്കരിക്കുകയാണെന്ന മട്ടിലാണ് മോഷ്ടാക്കൾ സംസാരിക്കുകയെന്നും ജാ​ഗ്രത പുലർത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

×