അമിതവണ്ണമുള്ളതിനാല്‍ ഭര്‍ത്താവ് തള്ളിപ്പറഞ്ഞു; ശരീരം കൊണ്ടുണ്ടായ അപമാനത്തെ ശരീരം കൊണ്ടുതന്നെ നേരിട്ട് റൂബി

Friday, October 26, 2018

tamilnadu woman turned body builder after husband body shamed

ചെന്നൈ: തികച്ചും സാധാരണക്കാരിയായ ഒരു ഭാര്യയും അമ്മയും ആയിരുന്നു റൂബി ബ്യൂട്ടി എന്ന തമിഴ്‌നാട്ടുകാരി. ഭര്‍ത്താവിന്റെ അപമാനപ്പെടുത്തലും തള്ളിപ്പറയലുമാണ് റൂബിയെ പിന്നീട് ജീവിതത്തിന്റെ വിജയങ്ങളിലേക്ക് ഓടിയെത്താന്‍ സഹായിച്ചത്.

‘എനിക്ക് ഭയങ്കര തടിയായതുകൊണ്ട് എന്നോടുള്ള താല്‍പര്യമെല്ലാം തീര്‍ന്നുവെന്ന് എന്റെ ഭര്‍ത്താവ് വെട്ടിത്തുറന്ന് പറഞ്ഞു. അതെന്നെ വല്ലാതെ ബാധിച്ചു. അങ്ങനെയാണ് ഞാനാ തീരുമാനത്തിലെത്തിയത്’- ജീവിതം മാറ്റിമറിച്ച തീരുമാനത്തിലെത്തിയതിനെ പറ്റി റൂബി പറയുന്നു.

ശരീരവുമായി ബന്ധപ്പെട്ടുണ്ടായ അപമാനത്തെ ശരീരം കൊണ്ടുതന്നെ നേരിടാനായിരുന്നു റൂബിയുടെ തീരുമാനം. എത്രയും പെട്ടെന്ന് വണ്ണം കുറയ്ക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഒരു ഫിറ്റ്‌നസ് സെന്ററിന്‍ ചേര്‍ന്നു.

ആറ് വയസ്സുള്ള ഒരു മകനുമുണ്ട് റൂബിക്ക്. ‘പ്രസവം കഴിഞ്ഞതുകൊണ്ട് തടി കുറയ്ക്കുക എന്നതൊക്കെ വലിയ പാടായിരുന്നു. പക്ഷേ ഒരുറച്ച തീരുമാനം ഞാന്‍ മനസ്സില്‍ എടുത്തിരുന്നു’- റൂബി പറയുന്നു.

ഫിറ്റ്‌നെസിനായി വര്‍ക്ക്ഔട്ടുകള്‍ക്കെത്തുന്ന മറ്റ് സ്ത്രീകളില്‍ നിന്ന് റൂബി വ്യത്യസ്തയാണെന്ന് പരിശീലകനായ കാര്‍ത്തിക്കിനും മനസ്സിലായി. ‘സാധാരണഗതിയില്‍ വാശിയോടെയൊക്കെയായിരിക്കും മിക്ക സ്ത്രീകളും വര്‍ക്ക്ഔട്ടിനെത്തുക. എന്നാല്‍ അത്ര നീണ്ട കാലത്തേക്കൊന്നും ആ വാശി കാണില്ല. പതിയെ അതങ്ങ് മങ്ങും. പക്ഷേ റൂബി അങ്ങനെയായിരുന്നില്ല. ഉറപ്പുള്ള മനസ്സുമായാണ് റൂബിയെത്തിയത്. അതുകൊണ്ടുതന്നെ ആറ് മാസത്തിനുള്ളില്‍ റൂബി തന്റെ കഴിവ് തെഴിയിച്ചുതുടങ്ങി….’- പ്രിയപ്പെട്ട ശിഷ്യയെ പറ്റി പറയുമ്പോള്‍ കാര്‍ത്തിക്കിന് നൂറ് നാവ്.

ബോഡി ബില്‍ഡിംഗില്‍ ദേശീയതലത്തില്‍ ശ്രദ്ധേയയാവുകയാണ് റൂബിയിപ്പോള്‍. അസമില്‍ നടന്ന പരിപാടിയില്‍ മെഡല്‍ നേടി. മിസ് ചെന്നൈ ടൈറ്റിലും റൂബിയെ തേടിയെത്തി. ഇനി ഫിറ്റ്‌നസില്‍ മിസ് ഇന്ത്യ ടൈറ്റില്‍ നേടുകയാണ് ലക്ഷ്യം.

ആദ്യമെല്ലാം സാമ്പത്തികമായ പ്രയാസങ്ങള്‍ നേരിട്ടിരുന്നുവെന്ന് റൂബി തുറന്നുപറയുന്നു. പിന്നീട് ഒരു സുംബാ ട്രെയിനിംഗ് ക്ലാസ് തുടങ്ങി. പരിശീലകയായി ജോലി ചെയ്ത് തുടങ്ങിയപ്പോള്‍ പതുക്കെ സാമ്പത്തിക പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടുതുടങ്ങി. ഇപ്പോള്‍ മിസ് ഇന്ത്യ ഫിറ്റ്‌നസ് ടൈറ്റിലിന് വേണ്ടിയുള്ള ശ്രമങ്ങളിലാണ്.

×