ബസ് യാത്രയ്ക്കിടെ സഹായം തേടി യുവതിയുടെ ട്വീറ്റ്: മറുപടി ഞൊടിയിടയിൽ , പിന്നാലെ രണ്ടു പേർ അറസ്റ്റിൽ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, February 25, 2020

ഡല്‍ഹി : സ്ത്രീകൾ മാനസികവും ശാരീരികവുമായ അതിക്രമങ്ങൾക്ക് ഇരയാകുന്നത് ഏറെയും ബസ് യാത്രയ്ക്കിടയിലാണ്. അത്തരത്തിൽ നിരവധി സംഭവങ്ങളാണ് രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിനിടയിലാണ് ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാക്കളെ ഞൊടിയിടയിൽ പിടികൂടിയതിന് പൊലീസിനെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിരിക്കുന്നത്.

ഉത്തർ പ്രദേശിലാണ് സംഭവം. ഉത്തർപ്രദേശ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിൽ യാത്ര ചെയ്യുന്നതിനിടയിലാണ് യുവതി ട്വിറ്ററിലൂടെ പൊലീസിന്റെ സഹായം തേടിയത്. തന്റെ എതിർദിശയിൽ ഇരിക്കുന്ന ചിലർ തന്നെ ശല്യപ്പെടുത്തുകയാണെന്നും തന്റെ ഫോൺ നമ്പർ ആവശ്യപ്പെടുകയാണെന്നുമായിരുന്നു യുവതിടെ പരാതി. ട്വിറ്ററിൽ പോസ്റ്റു ചെയ്ത പരാതിക്കൊപ്പം ബസ് ടിക്കറ്റിന്റെ ഫോട്ടോയും യുവതി ട്വീറ്റ് ചെയ്തു.

ഇതിനു പിന്നാലെ ഇപ്പോൾ എവിടെയാണ് ലൊക്കേഷനെന്നും പൊലീസ് ട്വീറ്റിലൂടെ ചോദിച്ചു. പിന്നാലെ അയോധ്യ പൊലീസിനെ ടാഗ് ചെയ്ത യുപി പൊലീസിന്റെ ട്വിറ്റർ ഹാൻഡിൽ അടിയന്തിര നടപടിക്ക് നിർദ്ദേശം നൽകി.

ഏതാനും നിമിഷങ്ങൾക്കു ശേഷം ഓടിക്കൊണ്ടിരുന്ന ബസ് പൊടുന്നനെ നിർത്തി. ഇതിനു പിന്നാലെ ബസിലേക്ക് ഓടിക്കയറിയ പൊലീസുകാർ കുറച്ചുസമയത്തെ പരിശോധനയ്ക്കു ശേഷം രണ്ട് യുവക്കളെ കസ്റ്റഡിയിൽ എടുത്തു.

×