സുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണം.! ആക്ഷന്‍ കമ്മറ്റി

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, December 3, 2020

ആമ്പല്ലുര്‍/എറണാകുളം. ആര്യന്‍ചിറപ്പാട്ട് സുകുമാരന്റെ മകള്‍ സൂര്യ സുകുമാരനെ ആമ്പല്ലുര്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന് സമീപമുള്ള പുത്തന്‍മലയില്‍ അംബുജാക്ഷന്റെ വീട്ടിലെ മുകള്‍നിലയിലുള്ള കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കാണാനിടയായ സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് ആക്ഷന്‍ കമ്മറ്റി വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ നവമ്പര്‍ 28 നാണ് ദുരൂഹത നിറഞ്ഞ സംഭവം നടന്നത്. രാവിലെ പത്തേകാലോടെയാണ് സൂര്യ പുത്തന്‍മലയിലെ അംബുജാക്ഷന്റെ വീട്ടിലേയ്ക്ക് പോയത്. ഏകദേശം പതിനൊന്ന് മണിയോടെ അംബുജാക്ഷന്റെ മകന്‍ അശോക് കുമാര്‍ സൂര്യയുടെ വീട്ടിലെത്തി തന്റെ വീട്ടിലുള്ള സൂര്യയെ വിളിച്ചുകൊണ്ട് വരണമെന്ന് സൂര്യയുടെ അച്ഛന്‍ സുകുമാരനോട് ആവശ്യപ്പെട്ടു.

ബന്ധുക്കളെയും കൂട്ടി സുകുമാരന്‍ അംബുജാക്ഷന്റെ വീട്ടിലത്തിയപ്പോള്‍ ”നിന്റെ മകളെ വിളിച്ചോണ്ട് പോടാ” എന്ന് സുകുമാരന്റെ നേരെ ആക്രോശിയ്ക്കുകയായിരുന്നു അംബുജാക്ഷന്‍. മകളെ വിളിയ്ക്കാനായി അവരുടെ വീടിന്റെ മുകളിലെ നിലയിലെ കിടപ്പ്മുറിയിലെത്തിയപ്പോള്‍ കട്ടിലില്‍ സൂര്യ മരിച്ച നിലയില്‍ കിടക്കുന്നതാണ് കണ്ടത്. കട്ടിലിലും തറയിലും വെള്ളമുണ്ടായിരുന്നു.മുറിയിലെ കസേരയും കംപ്യൂട്ടറും മറ്റ് സാധനങ്ങളുമെല്ലാം മറിഞ്ഞും അലങ്കോലപ്പെട്ടും കിടക്കുകയായിരുന്നു. ഫാന്‍ കറങ്ങുന്ന നിലയിലായിരുന്നു.

എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ സൂര്യ ഷാളുപയോഗിച്ച് ഫാനില്‍ കുടുക്കിട്ട് ആത്മഹത്യചെയ്യുകയായിരുന്നു എന്നും ബഹളംകേട്ട് ചെന്നപ്പോള്‍ ഫാനില്‍ തൂങ്ങിയാടുന്ന സൂര്യയെ ഷാള്‍ ചെത്തിമുറിച്ച് കട്ടിലില്‍ കിടത്തുകയായിരുന്നു എന്നും പറഞ്ഞു.

ജിവിതത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്ന തന്റെ മകള്‍ ആത്മഹത്യചെയ്യില്ലന്നും അതിനുള്ള ഒരു കാരണവും ഇല്ല എന്ന് കരഞ്ഞ് പറഞ്ഞ തന്നെ അശോകും അംബുജാക്ഷനും കൂടി കഴുത്തിന് പിടിച്ച് പുറത്ത്തള്ളുകയായിരുന്നു എന്ന് സുകുമാരന്‍ പറഞ്ഞു. എംസിഎ ബിരുദവും ഉദ്യോഗസ്ഥയുമായ സൂര്യയ്ക്ക് യാതൊരു തരത്തിലുമുള്ള അസുഖമോ മാനസികവിഷമമോ ബാദ്ധ്യതകളോ ഇല്ലാത്തതും ആണ് ആത്മഹത്യ ചെയ്യില്ല എന്ന് ഉറപ്പിച്ച് പറയാന്‍ കാര്യം.

അടിമുടി ദുരൂഹത നിറഞ്ഞ് കിടക്കുന്ന സൂര്യയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ സമഗ്രവും കുറ്റമറ്റതുമായ അന്വേഷണം വേണമെന്ന് പി.കെ.വിജയന്‍ ചെയര്‍മാനും ടി.എസ്.ഷാജി കണ്‍വീനറുമായ ആക്ഷന്‍ കമ്മറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സൂര്യയുടെ അച്ഛനും അടുത്ത ബന്ധുക്കളും നാട്ടുകാരും പത്രസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

×