ഇളയ സഹോദരി തന്നെക്കാള്‍ സുന്ദരി : മോഡലായ സഹോദരിയെ അസൂയ മൂത്ത് ക്രൂരമായി കൊലപ്പെടുത്തി ; യുവതിക്ക് 13 വർഷം തടവ്

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Wednesday, October 23, 2019

മോസ്കോ: സൗന്ദര്യ ക്കൂടുതലെന്ന കാരണത്താൽ ഇളയ സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തിയ യുവതിക്ക് 13 വർഷം തടവ്. റഷ്യൻ സ്വദേശി എലിസവെറ്റ ഡുബ്രോവിനയ്ക്കാണ് കോടതി തടവുശിക്ഷ വിധിച്ചത്.

സഹോദരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് വർഷം മുന്‍‌പാണ് ഇരുപത്തിരണ്ടുകാരിയായ എലിസവെറ്റയെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് രണ്ട് വർഷം ഇവരെ മാനസിക ചികിത്സയ്ക്കായി അയച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്.

2016 ലാണ് കേസിനാസ്പദമായ സംഭവം. ഇളയ സഹോദരിയായ സ്റ്റെഫാനിയ ആണ് എലിസവെറ്റയുടെ കൊലക്കത്തിക്കിരയായത്. സ്റ്റെഫാനിയയുടെ കാമുകന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം. കാമുകനായ അലക്സി പുറത്ത് പോയ സമയത്തായിരുന്ന ആക്രമണം.

അതിക്രൂരമായ രീതിയിലായിരുന്നു സ്റ്റെഫാനിയയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. നഗ്നമായ നിലയിൽ കണ്ടെത്തിയ ഇവരുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി 189 കുത്തുകളാണുണ്ടായിരുന്നത്. കണ്ണുകൾ ചൂഴ്ന്ന് ചെവി മുറിച്ചെടുത്ത നിലയിലായിരുന്നു.

സഹോദരിയോടുള്ള അസൂയയും വിദ്വേഷവും കാരണവും തീവ്രവമായ വേദന അനുഭവിപ്പിച്ചാണ് അവരെ കൊന്നതെന്ന് പൊലീസ് പറയുന്നു. സംഭവം നടന്നതിന് തൊട്ടു പിന്നാലെ തന്നെ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തെങ്കിലും ചികിത്സയ്ക്കായി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയക്കുകയായിരുന്നു.

×