സഹപ്രവര്‍ത്തകയായ മാധ്യമ പ്രവർത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സദാചാര ഗുണ്ടായിസം നടത്തി ;  പ്രസ്ക്ലബ് സെക്രട്ടറിക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, December 5, 2019

തിരുവനന്തപുരം : സഹപ്രവര്‍ത്തകയായ മാധ്യമപ്രവർത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സദാചാര ഗുണ്ടായിസം നടത്തിയ തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

വനിതാ കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫൈന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. സംഭവങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സിറ്റി പൊലീസ് കമ്മീഷണറോട് നിർദ്ദേശിക്കും. റിപ്പോർട്ട് ലഭിച്ചതിനു ശേഷം തുടർനടപടികൾ സ്വീകരിക്കും.

വനിതാ മാധ്യമ പ്രവർത്തകരുടെ പരാതികൾ പരിഹരിക്കാൻ മാധ്യമ സ്ഥാപനങ്ങളിൽ ഐസിസി ( ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റി) ഉണ്ടോയെന്ന് പരിശോധിക്കുന്നതുൾപ്പെടെയുളള നടപടികൾ സ്വീകരിക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ അറിയിച്ചു.

ഇതിനിടെ രാധാകൃഷ്ണനെ പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവർത്തകർ പ്രസ്ക്ലബ് ഓഫീസ് ഉപരോധിച്ചു. പരാതിയിൽ നടപടിയെടുക്കുമെന്ന് പ്രസിഡന്റ് സോണിച്ചൻ പി. ജോസഫ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.

×