Advertisment

2021 ലെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ ആഗോള തീം 'നേതൃത്വത്തിലുള്ള സ്ത്രീകൾ: ഒരു കോവിഡ് -19 ലോകത്ത് തുല്യ ഭാവി കൈവരിക്കുക

New Update

publive-image

Advertisment

ന്താരാഷ്ട്ര വനിതാദിനം എല്ലാ വർഷവും മാർച്ച് 8 ന് ആചരിക്കുന്നു. മുൻ വർഷങ്ങളിൽ എല്ലാം നാം വാതോരാതെ പറഞ്ഞുകൊണ്ടിരുന്നത് ലിംഗ സമത്വവും സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും തെരു വീഥികളിൽ ഒറ്റയ്ക്ക് നടക്കുവാനും യദേഷ്ടം യാത്രകൾ ചെയ്യുവാനുള്ള സ്വാത്രന്ത്യത്തെ കുറിച്ചാണ്.

സ്ത്രീകൾ ആർജിച്ച കഴിവുകളുടെയും വിജയത്തിൻറെയും ഓർമ പെടുത്തലിന്റെ ദിനം ആണ് .ഇന്ന് ലോകം മുഴുവൻ വനിതാദിനം ആഘോഷിക്കുന്ന ഈ വേളയിൽ എന്റെ മനസ്സിലേക്ക് കടന്നു വരുന്ന എത്ര മായിച്ചാലും മായാത്ത എന്റെ പെൺ സുഹൃത്തുക്കൾ എല്ലാവർക്കും എൻറെ വനിതാദിന ആശംസകൾ.

2021 ലെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ ആഗോള തീം 'നേതൃത്വത്തിലുള്ള സ്ത്രീകൾ: ഒരു കോവിഡ് -19 ലോകത്ത് തുല്യ ഭാവി കൈവരിക്കുക. ഈ ഒരു തീം അന്വർത്ഥമായ ഒരു വർഷം ആണ് കടന്നുപോയത് .

കൊറോണ കാലത്തു നാം ഏവരും കേട്ടത് ഭൂമിയിലെ മാലാഘമാരെക്കുറിച്ചാണ്.അവരുടെ സ്നേഹവും കരുതലും ശുശ്രുഷയും ഏറ്റവും കൂടുതൽ അനുഭവിക്കാൻ ഭാഗ്യം ഉണ്ടായ ഒരാൾ ആണ് ഞാൻ.

പ്രസവസമയത്തു കോവിഡ് പോസിറ്റീവ് ആകുകയും എമർജൻസി സിസേറിയൻ കഴിഞ്ഞ ഉടനെ കോവിഡ് ന്യൂമോണിയയും ,കാർഡിയാക് അറസ്റ്റും പിന്നെ മെഡിക്കൽ റിപ്പോർട്ടിൽ അക്കങ്ങളിട്ടു നിരത്തിയ കുറെ രോഗനിർണയ വിവരങ്ങൾ. 40 ദിവസത്തോളം ഒരു ഉറക്കത്തിലായതുകൊണ്ടു ഒന്നും അറിഞ്ഞില്ല. വീട്ടിൽ എത്തിക്കഴിഞ്ഞു അണ്ണനും , അനുവും,ലിഡിയ സിസ്റ്ററും പറയുമ്പോഴാണ് കുറെ കാര്യങ്ങൾ മനസ്സിൽ ആയതു.അതി കഠിനമായ വേദന അനുഭവപ്പെട്ട ദിവസങ്ങളിൽ എനിക്ക് എൻറെ പ്രിയപ്പെട്ടവരുടെ കൂടെ സംസാരിക്കുവാനും യമരാജനുമായി ഒരു സന്ധിസംഭാഷണം നടത്തുവാനും സാധിച്ചു.

കുറെ ദിവസങ്ങളിൽ തോന്നിയിരുന്നു എനിക്ക് എൻറെ കുട്ടികളെ ഇനി കാണാൻ സാധിക്കില്ല എന്ന്.ഒരു മാസത്തെ echmo യും വെന്റിലേറ്ററും കഴിഞ്ഞു ഐസൊലേഷൻ വാർഡിൽ വന്ന ദിവസം രാവിലെ അനു വന്നു എൻറെ മുഖത്തു തൊടുമ്പോഴായാണ് ശെരിക്കും ഞാൻ ഓർമയുടെ ലോകത്തേയ്ക്ക് കടന്നു വന്നത്. പിന്നീടുള്ള ദിവസങ്ങളിൽ എൻറെ കുട്ടികളുടെയും അണ്ണന്റെയും അടുത്തേക്ക് എത്രയും വേഗം തിരിച്ചു വരണം എന്നുള്ള എന്റെ ആഗ്രഹത്തിന് സഹായിച്ച എല്ലാ കൂട്ടുകാരെയും ലിഡിയ സിസ്റ്ററെയും സ്നേഹത്തോടെ എന്നും ഇന്നും ഓർക്കുന്നു.

മരണത്തെ മുഖാമുഖം കണ്ട ദിവസങ്ങൾ ,പ്രിയപെട്ടവരുടെ ഉൽക്കണ്ഠ നിറഞ്ഞ മുഖങ്ങൾ എല്ലാത്തെയും അതിജീവിച്ചു സാധാരണ ജീവിതത്തിലേക്കു വരാൻ സാധിച്ചത് എന്റെ ചുറ്റുമുള്ള സുഹൃത്തുക്കൾ തന്നെ ആണ്. ഐസൊലേഷൻ വാർഡിൽ വന്ന ശേഷം രാത്രിയിൽ ഒരു സിസ്റ്റർ വന്നു പറഞ്ഞു ഞാൻ ഓക്കേ ആണെങ്കിൽ കുളിപ്പിക്കാം എന്ന്. പ്രസവം കഴിഞ്ഞു എത്ര ദിവസങ്ങൾ ഞാൻ പിന്നിട്ടുവെന്നു അറിയാത്ത എനിക്ക് സ്നേഹത്തിന്റെ ആ കരുതൽ ഒരുപാടു ഊർജം പകർന്നുതന്നു.

പരിചിതവും അപരിചിതവുമായ മുഖങ്ങൾ ആയിരുന്നു ആ ദിവസങ്ങളിൽ എന്റെ ഒപ്പം.ഉത്തമി സിസ്റ്റർ,വിനീത സിസ്റ്റർ,ഷൈ ഡാനിയേൽ,ധന്യ പിന്നെ അവരുടെ തിരക്കുകളിൽ ഓടി നടന്നതുകൊണ്ടു പേര് ചോദിയ്ക്കാൻ പറ്റാതെ വന്ന ഒരുപാടു മാലാഖമാർ. എല്ലാവരും മാസ്ക് വെയ്ക്കുന്നതുകൊണ്ട് ആരുടെയും മുഖം ഓർമയിൽ ഇല്ലാ. എന്റെ തിരിച്ചു വരവിനായി കൂടെ നിന്ന മാമി ലോകത്തിന്റെ പല കോണിലുള്ള എൻ്റെ സുഹൃത്തുകൾ , സാരഥിയിലെ കൂട്ടുകാർ ,എന്റെ അൽഗുനയിം ഫാമിലിയിലെ കൂട്ടുകാർ, കുവൈറ്റ് അധാൻ ജഹ്‌റ ഹോസ്പിറ്റലിലെ എല്ലാ മാലാഖമാരെയും നന്ദിയോടെ ഓർക്കുന്നു.

സംസാരിക്കുവാനും നടക്കാനും പറ്റാതിരുന്ന ദിവസങ്ങൾ ഇനി മുന്നോട്ട് എങ്ങനെ എന്ന് പകച്ചുനിന്ന ദിവസങ്ങളിൽ പ്രകാശം പരത്തിയ ഒരു കൊച്ചുകുട്ടിയെ പോലെ പിച്ചവെയ്ക്കാൻ പഠിപ്പിച്ച Dr Glazy .ഗര്ഭകാലത്തെ ചെക്ക്പ്പുകൾക്ക് പോകാൻ സാധിക്കാതെ വന്ന സമയത്തു് എൻ്റെ ഒപ്പം ഉണ്ടായിരുന്ന ഷിജി സിസ്റ്റർ .ഒരുപാട് ആഹ്ളാദം ഇല്ല എല്ലാവരോടും സ്നേഹം മാത്രം.

ഒരുപാട് കുഞ്ഞുങ്ങൾക്ക് വേർപാടിന്റെ വേദന സമ്മാനിച്ച വർഷം. എന്റെ മകളിലൂടെ എനിക്ക് ഒരു പുനർജ്ജന്മം തന്ന ദൈവത്തോട് എന്നും കടപ്പെട്ടിരിക്കുന്നു.എന്റെ കൂട്ടുകാരും സമാനമല്ലാത്ത വേദനകളിൽ കൂടി കടന്നുപോയികൊണ്ടിരുന്ന സമയത്തും എനിക്ക് വേണ്ടി അർപ്പിച്ച പ്രാർത്ഥനകൾ ആവാം എന്നെ പഴയ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത്.

എല്ലാവരും എനിക്ക് സന്തോഷം തരുന്ന വാക്കുകൾ മാത്രം പറഞ്ഞു തന്ന് 70ദിവസത്തെ മറ്റേർണിറ്റി അവധിക്കു ശേഷം ജോലിക്കു പോയപ്പോൾ ആരും എന്നെ ഒന്നിനും മാറ്റിനിർത്താതെ എന്നെ ചേർത്തുപിടിച്ച എന്റെ എല്ലാ കൂട്ടുകാർ ,റെയ്‌കി ഗ്രൂപ്പ്,വിവിധ പ്രാത്ഥനഗ്രൂപ്പുകളിൽ കുഞ്ഞുങ്ങൾ മുതൽ അമ്മമാർ വരെ അവരുടെ വീട്ടിലെ കുട്ടിയായി കണ്ട് നടത്തിയ പ്രാർത്ഥനകൾ കൂടി ആവും എനിക്ക് ഇന്ന് എൻ്റെ ശാരീരിക വൈഷ്യങ്ങളെ അതിജീവിച്ചു മുന്നോട്ട് പോകാനുള്ള ആർജവം . ഗർഭകാലം മുതൽ അമ്പലവും പ്രാത്ഥനകളുമായി എൻ്റെ ഒപ്പം ഉണ്ടായിരുന്ന 'അമ്മ .കരഞ്ഞുകരഞ്ഞു തള്ളിനീക്കിയ 45ദിവസങ്ങൾക്കു ശേഷം എന്നെയും മകളെയും കണ്ടപ്പോഴുള്ള സന്തോഷം.

നിത്യവും തങ്ങളുടെ മുന്നിലേക്ക് എത്തുന്ന എല്ലാ രോഗികളെയും ഒരുപോലെ കാണാനും മരുന്നുകൾക്കൊപ്പം തന്നെ സ്നേഹത്തിത്തിന്റെ അവരുവരുടേതായ ഒരു കൈയൊപ്പ്‌ പതിപ്പിക്കുവാൻ എല്ലാ മാലാഘമാർക്കും കഴിയട്ടെ. 45ദിവസങ്ങൾ ഒരുപാടു അനുഭവങ്ങൾ ആണ് എനിക്ക് പകർന്നു തന്നത് . പുതിയ പുതിയ അനുഭവങ്ങളും സൗഹൃദങ്ങളും പകർന്നു നൽകിയ ഒരു വർഷമാണ് കടന്നുപോയത്. സൗഹൃദങ്ങളെ എൻ്റെ നെഞ്ചോട് ചേർത്തുപിടിക്കുന്നു .

ശാരീരികവും മാനസികവും സാമ്പത്തികവുമായ നിരവധി ചൂഷണങ്ങൾ ഇന്നും നാം അഭിമുഖികരിക്കുന്നു അതിൽ നിന്നും ഒരു മോചനം ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കുന്നു .എല്ലാ രംഗങ്ങളിലും മാറ്റം ഉണ്ടാകുന്നതു പോലെ എല്ലാ വനിതകൾക്കും അവരുടെ മേഖലകളിൽ വിജയം കൈവരിക്കാൻ കഴിയട്ടെ . ലോകമെമ്പാടുമുള്ള എല്ലാ വനിതകൾക്കും ഒരിക്കൽക്കൂടി എൻറെ വനിതാദിന ആശംസകൾ.

Advertisment