അസമത്വത്തിന്റെയും അടിച്ചമർത്തലിന്റെയും നാളുകളിൽ നിന്ന് തുല്യതയുടെയും നീതിയുടെയും ലോകത്തേക്ക് സ്ത്രീ ജന്മങ്ങൾക്ക് ഉയർത്തെഴുന്നേൽക്കാൻ പ്രചോദനമാകേണ്ട ദിനം. എല്ലാ വർഷവും ഓരോ ആശയങ്ങൾ മൂന്നോട്ടുവെച്ചാണ് വനിതാ ദിനം ആഘോഷിക്കപ്പെടുന്നത്. ‘Gender equality today for a sustainable tomorrow’- സുസ്ഥിരമായ ഭാവിക്കായി ലിംഗ നീതിയുടെ വർത്തമാനകാലമെന്നതാണ് ഈ വർഷത്തെ പ്രമേയം.
ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീ നേടിയ മുന്നേറ്റത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഈ ദിനം. സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണമാണ് ഈ ദിനം മുന്നോട്ട് വയ്ക്കുന്നത്. ദേശത്തിന്റെ അതിരുകൾക്ക് അപ്പുറത്ത് ലോകം മുഴുവനുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാ ദിനം എന്ന ആശയം ഉരുത്തിരിഞ്ഞത്.
സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി നടത്തിയ ചരിത്രപരമായ യാത്രയുടെ പ്രതീകമാണ് ഓരോ വനിതാ ദിനവും. 1908ൽ ന്യൂയോര്‍ക്കിലെ 15,000 ത്തോളം വനിതാ ജീവനക്കാർ തുല്യവേതനവും മെച്ചപ്പെട്ട തൊഴിൽസാഹചര്യവും ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ സംഭവമാണ് വനിതാ ദിനാചരണത്തിലേയ്ക്ക് നയിച്ചത്. ജോലി സമയത്തില്‍ ഇളവ് വരുത്തുക, ശമ്പളത്തില്‍ ന്യായമായ വര്‍ധന വരുത്തുക, വോട്ട് ചെയ്യാനുള്ള അവകാശം നല്‍കുക എന്നിവയായിരുന്നു സമരക്കാരുടെ ആവശ്യം.
1909 ഫെബ്രുവരി 28ന് അമേരിക്കയിൽ തെരേസ മല്‍ക്കീല്‍, അയ്റ സലാസര്‍ എന്നീ വനിതകളുടെ നേതൃത്വത്തിലാണ് ആദ്യമായി വനിതാദിനം ആചരിക്കപ്പെട്ടത്. 1910ൽ കോപ്പൻഹേഗനിൽ 17 രാജ്യങ്ങളിൽ നിന്നുളള 100 പേർ പങ്കെടുത്ത നടന്ന ലോകവനിതാസമ്മേളനം വനിതാദിനാചരണത്തിന് അടുത്ത ചുവടുവയ്പായി. അതിനും ആറ് പതിറ്റാണ്ടിന് ശേഷമാണ് 1975ൽ ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്.
സുസ്ഥിരമായ ഭാവിക്കായി ലിംഗ നീതിയുടെ വർത്തമാനകാലമെന്നതാണ് ഈ വർഷത്തെ പ്രമേയം. സ്ത്രീകൾക്കു മുന്നിലുള്ള വെല്ലുവിളി നിറഞ്ഞ ലോകത്ത് തോൽക്കാതെ മുന്നേറാനുള്ള ജീവിത മന്ത്രം കൂടിയാണ്.