Advertisment

27 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഇംഗ്ലണ്ട് ഇന്ത്യയെ തോല്പിച്ചു. ലോകക്കപ്പില്‍ കോലിടീമിന്‍റെ ആദ്യ തോല്‍വി. സെമി സാധ്യതകളെ ബാധിക്കില്ല. ഇന്ത്യ ഇപ്പോഴും രണ്ടാം സ്ഥാനത്ത്

New Update

publive-image

Advertisment

ബര്‍മിങ്ഹാം: ആ ജെഴ്സി മാറ്റം ഇന്ത്യന്‍ ടീമിന് ഗുണം ചെയ്തില്ലെന്ന് വേണം കരുതാന്‍. ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യ ആദ്യ തോൽവി നുണഞ്ഞു. ഈ ലോകകപ്പിലെ മൂന്നാം സെഞ്ചുറി കൊണ്ട് രോഹിത് ശർമയും മോശമല്ലാത്ത ഫോമില്‍ ക്യാപ്റ്റന്‍ കോലിയും കഷ്ടിച്ച് തിളങ്ങിയെങ്കിലും ഫലമുണ്ടായില്ല. ബാറ്റിംഗ് പൊതുവെ മോശമായിരുന്നു എന്നതാണ് കാരണം.

ആതിഥേയരായ ഇംഗ്ലണ്ടിനോട് 31 റൺസിനാണ് തോല്‍വി . 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ലോകകപ്പിൽ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തുന്നത്. സെഞ്ചുറി നേടുകയും മികച്ച ഫീൽഡിങ് പ്രകടനം പുറത്തെടുക്കുകയും ചെയ്ത ജോണി ബെയർസ്റ്റോയാണ് മാൻ ഓഫ് ദി മാച്ച്.

തോറ്റെങ്കിലും ഏഴു കളിയിൽനിന്ന് 11 പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്. ഈ തോൽവി ഇന്ത്യയുടെ സെമി സാധ്യതകളെ കാര്യമായി ബാധിക്കില്ല.

തോറ്റാൽ ഏറെക്കുറെ പുറത്താകുമെന്ന നിലയിൽ ഇന്ത്യയെ നേരിട്ട ഇംഗ്ലണ്ട് ആകട്ടെ, ഈ വിജയത്തോടെ സെമി സാധ്യതകൾ വർധിപ്പിക്കുകയും ചെയ്തു. നിലവിൽ എട്ടു കളിയിൽനിന്ന് 10 പോയിന്റുമായി ഇംഗ്ലണ്ട് പാക്കിസ്ഥാനെ മറികടന്ന് നാലാം സ്ഥാനത്തേക്ക് കയറി.

ഓപ്പണർമാരുടെ കരുത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് 337 റൺസ് നേടി.  മറുപടിയായി ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 5 വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

രോഹിത് ശർമ 109 പന്തിൽ നിന്ന് 102 നേടി സെഞ്ച്വറി തികച്ചു പുറത്തായി. ക്യാപ്റ്റൻ കോലി 76 പന്തിൽ നിന്ന 66 റൺസെടുത്തെങ്കിലും ഫലമുണ്ടായില്ല . അവസാന പത്തോവറിൽ തപ്പിത്തടഞ്ഞതാണ് ഇന്ത്യയുടെ തോൽവിക്ക് വഴിവച്ചത്. വളരെ വിരളമായേ ഈ പത്ത് ഓവറിൽ ബൗണ്ടറിയും സിക്സും പിറന്നുള്ളൂ.

കെ.എൽ.രാഹുൽ റണ്ണൊന്നുമെടുക്കാതെ മടങ്ങിയത് മുതൽ തുടങ്ങിയതാണ് ഇന്ത്യയുടെ തകർച്ച. പിന്നീട് കോലിയും രോഹിതും ചേർന്ന് കളം പിടിച്ചെങ്കിലും ഫലമുണ്ടായില്ല. പന്ത് 32 ഉം ഹർദിക് പാണ്ഡ്യ 45ഉം റൺസെടുത്ത് പ്രതീക്ഷ നൽകിയെങ്കിലും സ്കോർ ഉയര്‍ത്തുന്നതില്‍ അവർ പരാജയപ്പെട്ടു.

ധോനി 42 ഉം കേദാർ ജാദവ് 12 ഉം റൺസെടുത്ത് പുറത്താകാതെ നിന്നെങ്കിലും ബൗണ്ടറിക്കും സിക്സറുകൾക്കും പകരം സിംഗിളുകളെയായിരുന്നു സ്കോർബോർഡ് മുന്നോട്ടു ചലിപ്പിക്കാൻ അവർ ആശ്രയിച്ചത്.

world cup kohli
Advertisment