ഇന്ന് ലോക സംഗീതദിനം. സി.ഐയുടെ വരികൾ… ഭാര്യയുടെ ആലാപനം…

സുനില്‍ പാലാ
Monday, June 21, 2021

പാലാ: സർക്കിൾ ഇൻസ്പെക്ടർ പാട്ടെഴുതും; ഭാര്യ പാടും. കോട്ടയം ജില്ലയിലെ പാലാ രാമപുരം സി.ഐ കെ അനിൽകുമാറും, ഭാര്യ കൃഷ്ണയുമാണീ ഗാനയുഗ്മങ്ങൾ.

ഇരുപതാം വയസ്സു മുതൽ പാട്ടുകളെഴുതി തുടങ്ങിയതാണ് കൊല്ലം ഈസ്റ്റ് കല്ലട സ്വദേശിയായ അനിൽകുമാർ. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ നൂറുകണക്കിനു പാട്ടുകളെഴുതി. ആദ്യം എഴുതിയതൊക്കെ ആരെയും കാണിക്കാതെ ഒളിച്ചുവെച്ചു.

ഉറ്റ സുഹൃത്തായ ഒരു ഗായകൻ ഇതു കണ്ടു പിടിച്ചതോടെ അനിലിൻ്റെ ഗാനങ്ങൾ വെളിച്ചം കണ്ടു തുടങ്ങി. തുടർന്ന് ഫയർഫോഴ്സിൽ ജോലി കിട്ടിയപ്പോഴും പാട്ടെഴുത്ത് തുടർന്നു.

കടയ്ക്കൽ ദേവീക്ഷേത്ര സ്തുതികളടങ്ങിയ “കടയ്ക്കലേശ്വരി”യാണ് അനിൽകുമാറിൻ്റെ രചനയിൽ പുറത്തിറങ്ങിയ ആദ്യ സംഗീത ആൽബം. പത്തു വർഷത്തിനു ശേഷം ഇതിൻ്റെ രണ്ടാം ഭാഗവും ഇറങ്ങി.

ഫയർഫോഴ്സിലായിരിക്കുമ്പോഴും പോലീസ് ജോലിയോടായിരുന്നൂ അനിലിന് അഭിനിവേശം. 2007- ൽ ഈ ആഗ്രഹം സഫലമായി, സബ് ഇൻസ്പെക്ടറായി.

പിന്നീട് ജീവിത നായികയായി വന്ന കൃഷ്ണ ഗായികയായി എന്നതും യാദൃശ്ചികം . കൊല്ലം കടയ്ക്കൽ സ്വദേശിയായ കൃഷ്ണ, ഒരു സിനിമയിൽ പാടിയിട്ടുണ്ട്. കൃഷ്ണ കടയ്ക്കൽ എന്ന പേരിൽ സംഗീത ആൽബങ്ങളിലും സജീവമാണ്.

അനിൽ പാട്ടുകളെഴുതിയ “ദൈവസ്നേഹിതൻ” ക്രിസ്തീയ ഭക്തിഗാന ആൽബത്തിലേയും “മൊഞ്ചത്തി” എന്ന മാപ്പിളപ്പാട്ടുകളുടെ ആൽബത്തിലേയും പ്രധാന ഗായിക ഭാര്യ കൃഷ്ണയാണ്.

ഇരുവരും ചേർന്നുള്ള “നീലി” എന്ന നാടൻ പാട്ടുകളുടെ ആൽബം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ അനിലെഴുതിയ പത്തോളം കൊവിഡ് ബോധവൽക്കരണ ഗാനങ്ങൾ പുറത്തിറങ്ങിയതും കൃഷ്ണയുടെ ശബ്ദത്തിൽത്തന്നെ.

കൗമാരകാലഘട്ടം മുതൽ കല്ലടയിലെ പ്രശസ്തമായ കലാ കൈരളി ഗ്രന്ഥശാലയുടെ സജീവ പ്രവർത്തകനായിരുന്ന അനിൽകുമാർ “സ്വപ്നച്ചിറകുകൾ ” എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. “കല്ലട ഭൂവിലെ കാൽപ്പാടുകൾ” എന്ന പുതിയ കവിതാ സമാഹാരം അച്ചടിയിലാണ്.

നാലു മാസം മുമ്പാണ് രാമപുരം സർക്കിൾ ഇൻസ്പെക്ടറായി ചുമതലയേറ്റത്. ജോലിത്തിരക്കുകൾ കഴിഞ്ഞ് എത്ര വൈകിയാണെങ്കിലും വീട്ടിലെത്തി കാക്കി ഊരിയാൽ അനിൽ അരമണിക്കൂറോളം പാട്ടുകൾ കേൾക്കും. ഹിന്ദി, മലയാളം സിനിമകളിലെ പഴയ ഹിറ്റുകൾ.

“പലപ്പോഴും പുലർച്ചെ 3 മണിയോടെ ഉണർന്നാണ് പാട്ടെഴുത്ത്. ഓരോ പാട്ടും എഴുതിക്കഴിഞ്ഞാൽ സ്വന്തമായി ഇട്ട ഈണത്തിൽ ഒന്നു മൂളി നോക്കും. ഭാര്യയുടെ കൂടി നിർദ്ദേശപ്രകാരം വേണ്ട തിരുത്തലുകൾ വരുത്തും “- അനിൽ കുമാർ പറഞ്ഞു.

യു.പി. സ്കൂൾ വിദ്യാർത്ഥികളായ ആകാശും അക്ഷയ് യുമാണ് ഈ കലാ ദമ്പതികളുടെ മക്കൾ. ഇവർക്കുമുണ്ട് പാട്ടുകളോട് കമ്പം.

×