കൊറോണ ; പ്രത്യാഘാതം വര്‍ഷങ്ങളോളം നീളുമെന്ന മുന്നറിയിപ്പുകളുമായി പഠന റിപ്പോര്‍ട്ടുകള്‍ ; ലോകത്തെ പകുതിയോളം പേര്‍ പട്ടിണിയിലാകും ; കാത്തിരിക്കുന്നത് 1930 കള്‍ക്ക് സമാനമായ മാന്ദ്യമെന്ന് ലോക വ്യാപാര സംഘടന 

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, April 9, 2020

കൊറോണ വൈറസ് ഉണ്ടാക്കുന്ന പ്രത്യാഘാതം വര്‍ഷങ്ങളോളം നീളുമെന്ന മുന്നറിയിപ്പുകളുമായി പഠന റിപ്പോര്‍ട്ടുകള്‍. ലോക വ്യാപാര സംഘടനയും ഓക്‌സ്ഫാമുമാണ് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ലോകം നീങ്ങുന്നതെന്ന വിവരങ്ങള്‍ പുറത്തുവിടുന്നത്. 1930 കള്‍ക്ക് സമാനമായ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് ലോകം പോകുന്നതെന്ന് മുന്നറിയിപ്പാണ് ലോക വ്യാപാര സംഘടന നല്‍കുന്നത്. എന്നാല്‍ വൈറസിനെ പൂര്‍ണമായി കീഴടക്കുമ്പോഴെക്കും ലോക ജനസംഖ്യയുടെ പകുതിയോളം വരുന്നവര്‍ പട്ടിണിയിലേക്ക് തള്ളപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ഓക്‌സ്ഫാമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കോവിഡിന്റെ വ്യാപനത്തിന് മുമ്പ് തന്നെ ലോക വ്യാപാരവും സാമ്പത്തിക പ്രശ്‌നങ്ങളും വഷളായി തുടങ്ങിയെന്ന് പറയുന്ന ഡബ്‌ള്യു ടി ഒ കൂടുതല്‍ ഗുരുതരമായ പ്രശ്‌നത്തിലേക്കാണ് ലോകം ഇപ്പോള്‍ നീങ്ങുന്നതെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. ഏറ്റവും ചുരുങ്ങിയ തോതില്‍ കണക്കാക്കിയാല്‍ ലോക വ്യാപാരത്തില്‍ 13 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് ലോക വ്യാപാര സംഘടന പറയുന്നത്.

2008-09 ലെ സാമ്പത്തിക മാന്ദ്യത്തുണ്ടായിരുന്നതിനെക്കാള്‍ രൂക്ഷമായിരിക്കും ഇത്. എന്നാല്‍ ലോക വ്യാപാരത്തില്‍ 32 ശതമാനത്തിന്റെ വരെ കുറവുണ്ടായേക്കുമെന്നാണ്സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. 1929-33 കാലത്ത് ലോകത്തെ പിടിച്ചുലച്ച സാമ്പത്തിക മാന്ദ്യത്തിന് സമാനമായ അവസ്ഥയാകും ഇതെന്നാണ് കണക്കുകൂട്ടുന്നത്. കൊവിഡ് 19 ന് ശേഷം വിവിധ രാജ്യങ്ങള്‍ സാമ്പത്തിക സംരക്ഷണ നടപടികള്‍ കൈകൊണ്ടാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്നും ലോക വ്യാപാര സംഘടനയുടെ തലവന്‍ റോബര്‍ട്ടോ അസ് വീദോ പറഞ്ഞു.

ഇപ്പോള്‍ എന്ത് തീരുമാനമാണ് ലോക രാജ്യങ്ങള്‍ സ്വീകരിക്കുന്നത് അത് വലിയ രീതിയില്‍ ലോക സാമ്പത്തിക അവസ്ഥയെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയും ചൈനയും തമ്മില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന വ്യാപാര തര്‍ക്കം പരിഹരിക്കുക വളരെ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര വ്യാപാരത്തിന് അനുയോജ്യമായ നടപടികള്‍ രാഷ്ട്രങ്ങള്‍ തുടര്‍ന്നും സ്വീകരിക്കണമെന്നാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്.

ലോക രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപര സംബന്ധമായ കാര്യങ്ങള്‍ നിരീക്ഷിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നത് ലോക വ്യാപാര സംഘടനയാണ്. ലോകബാങ്ക്, ഐഎംഎഫ്, ജി 20 എന്നിവയുടെ ഉച്ചകോടിക്ക് മുന്നോടിയായാണ് ഓക്‌സ്ഫാം റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലോകത്ത് 50 കോടിയോളം ജനങ്ങള്‍ കോവിഡ് കാരണം പട്ടിണിയിലാകുമെന്നാണ് ഓക്‌സ്ഫാമിന്റെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്.

ദരിദ്ര രാജ്യങ്ങളെ സഹായിക്കാന്‍ അടിയന്തരമായി നടപടികള്‍ എടുത്തില്ലെങ്കില്‍ ആഫ്രിക്കയില്‍ പകുതിയിലധികം ആളുകളും തൊഴില്‍ രഹിതരാകുമെന്നും ഓക്‌സ്ഫാം റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ലോകം കൊറോണയെ കീഴടക്കുമ്പോഴേക്കും ലോക ജനസംഖ്യയിലെ പകുതിയോളം പേര്‍ പട്ടിയിലേക്ക് തള്ളപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ലണ്ടനിലെ കിംങ്‌സ് കോളെജും ഓസ്‌ത്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയുമാണ് പഠനം നടത്തിയത്. ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന 19 സ്വതന്ത്ര സംഘടനകളുടെ കൂട്ടായ്മയാണ് ഓക്സ്ഫാം .

×