ബീജിംഗ്: ഉറ്റവരെയും ഉടയവരെയും ചേര്‍ത്തുനിര്‍ത്താനോ ആശ്വസിപ്പിക്കാനോ ധൈര്യമില്ലാതെ ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും ഓടിയോളിക്കുകയാണ് വുഹാനിലെ ജനത.
റൂറല്‍ ഹുബെയ് പ്രവിശ്യയില്‍ സെറിബ്രല്‍ പാള്‍സി ബാധിതനായ പതിനേഴുകാരന്‍ വീടിനുള്ളില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചുവീണു. 49 കാരനായ പിതാവും 11 വയസ്സുള്ള സഹോദരനും കൊറോണ ബാധിച്ച് ആശുപത്രിയിലായതോടെ ആറു ദിവസത്തോളം ആരും പരിചരിക്കാനില്ലാതെ അടച്ചിട്ട വീട്ടില്‍ പട്ടിണി കിടന്നു മരിച്ച യാന്‍ ചെങ് എന്ന കൗമാരക്കാരന്‍ പ്രതാപനഗരമായിരുന്ന വുഹാന്റെ ഇന്നത്തെ യഥാര്‍ഥ സ്ഥിതി വെളിപ്പെടുത്തുകയാണ്.
യാന്‍ ചെങ് ഒറ്റപ്പെട്ട സംഭവമല്ല. കൊറോണ ബാധിച്ച് മരിച്ചവരെ പോലെത്തന്നെ ആരും പരിചരിക്കാനില്ലാതെ മരിക്കുന്നവരുടെ എണ്ണവും വുഹാനില്‍ കുടൂകയാണെന്നാണു റിപ്പോര്‍ട്ടുകള്‍. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഒറ്റപ്പെടുത്തിയും വീടിനുള്ളില്‍ അടച്ചിട്ടും രോഗവ്യാപനം തടയാനുള്ള ശ്രമം ദുരിതത്തില്‍നിന്നു ദുരിതങ്ങളിലേക്കാണു വുഹാനെ നയിക്കുന്നത്. ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതോടെ ചികിത്സ ലഭിക്കാതെ മരണം വിഴുങ്ങുന്നവരുടെ എണ്ണവും ഏറി.
ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത് ആയിരത്തോളം കൊറോണ കേസുകളാണ്. ഐസലേഷന്‍ വാര്‍ഡുകളില്‍നിന്നു രക്ഷപ്പെട്ട് ഓടുന്നവരും വീടിന്റെ വാതില്‍ തുറക്കാനാകാത്ത വിധം കൊട്ടിയടയ്ക്കപ്പെട്ടവരും പാര്‍ക്കുന്ന വുഹാന്‍ ലോകത്തിനു മുന്നില്‍ ഭീതിയുടെ നിഴല്‍ വിരിച്ചുകഴിഞ്ഞു. പ്രേതനഗരമെന്നാണ് ഇന്ന് വുഹാന് രാജ്യാന്തര മാധ്യമങ്ങള്‍ നല്‍കുന്ന ശീര്‍ഷകം. ചൈനയില്‍ മാത്രം കൊറോണ വൈറസ് ബാധിതരുടെ മരണം 200 കടക്കുമ്പോള്‍ അതില്‍ ഭൂരിപക്ഷവും വുഹാന്‍ നഗരം സ്ഥിതി ചെയ്യുന്ന ഹുബെയ് പ്രവിശ്യയിലാണ്.
ജനത്തിന്റെ പരിഭ്രാന്തി മാറ്റുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പരാജയപ്പെട്ടതോടെ സംഘര്‍ഷങ്ങളുടെയും ഭൂമിയായി മാറുകയാണ് ഏഷ്യയിലെ ഏറ്റവും നീളമുള്ള യാങ്‌സി നദിയുടെ തീരത്തുള്ള ഈ മനോഹരനഗരം. ചൈനയിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലേക്കും വുഹാനില്‍നിന്ന് ഏതാനും മണിക്കൂറുകള്‍ കൊണ്ട് ട്രെയിനില്‍ എത്തിച്ചേരാം.
കുതിച്ചുപായുന്ന ബുള്ളറ്റ് ട്രെയിനുകള്‍ അത്രയേറെയുണ്ട്. പക്ഷേ ബീജിംഗോ ഷാങ്ഹായിയോ പോലെ ഒരിക്കലും ആഘോഷിക്കപ്പെടാത്ത ഈ നഗരം ഇന്നു വാര്‍ത്തകളില്‍ ഇടംനേടുന്നതു ലോകത്തെ കണ്ണീരിലാഴ്ത്തിയാണ്.