എന്തൊക്കെ സാമ്പത്തിക മാന്ദ്യമുണ്ടെങ്കിലും ഉത്സവകാലം മലയാളികള്‍ പൊലിപ്പിക്കും. ഓണവും വിഷുവും ക്രിസ്മസും പെരുന്നാളും ഒക്കെ അങ്ങനെ തന്നെ. ഇക്കൊല്ലത്തെ ക്രിസ്മസ് വിപണി സജീവമായിക്കഴിഞ്ഞു. നക്ഷത്രങ്ങളും, കേക്കുകളും, ക്രിസ്മസ് പാപ്പാ രൂപവുമൊക്കെയായി കടകള്‍ ഒരുങ്ങിക്കഴിഞ്ഞു. പടക്കവിപണിക്ക് രണ്ടാണ് നോട്ടം ക്രിസ്മസും പുതുവര്‍ഷവും.
/sathyam/media/post_attachments/lgxLq9UPEhhQmX7mTbKS.jpg)
ക്രിസ്മസ് സ്റ്റാറിലും പുതിയ 'താരോദയം'
ക്രിസ്മസ് സ്റ്റാര്‍ വിപണിയിലും പുത്തന്‍ താരോദയമുണ്ട്. 'മാമാങ്കം' സ്റ്റാറാണ് ഇക്കൊല്ലത്തെ 'സ്റ്റാര്‍'. വില 350 രൂപ. കൂടാതെ പുലിമുരുകന്‍, ജിമിക്കിക്കമ്മല്‍, മധുരരാജ നക്ഷത്രങ്ങളാണ് ഇത്തവണ വിപണിയിലെ താരങ്ങള്‍. മുന്‍ വര്‍ഷത്തെപ്പോലെ ചൈനീസ് നക്ഷത്രങ്ങളാണ് വിപണിയില്‍ കൂടുതല്‍. റെഡിമെയ്ഡ് പുല്‍ക്കൂടുകള്‍ക്കും ആവശ്യക്കാരുണ്ട്്.
കടകളിലെല്ലാം വര്‍ണങ്ങള്‍ തൂവുന്ന നക്ഷത്രങ്ങളാലും പല നിറത്തിലുള്ള എല്‍.ഇ.ഡി ബള്‍ബുകളാലും അണിഞ്ഞൊരുങ്ങി കഴിഞ്ഞു. പേപ്പര്‍ നക്ഷത്രങ്ങള്‍, എല്‍.ഇ.ഡി സ്റ്റാര്‍, ഗ്ലെയിസിങ് സ്റ്റാര്‍, പുല്‍ക്കൂട്, ട്രീ, ബലൂണുകള്‍, എല്‍.ഇ.ഡി മാലകള്‍, രൂപങ്ങള്‍ എന്നിങ്ങനെ ക്രിസ്മസ് വിപണി സജീവമായി കഴിഞ്ഞു. പേപ്പര്‍ നക്ഷത്രങ്ങളെക്കാള്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ക്കാണ് ഇത്തവണ പ്രിയം.
40 രൂപ മുതല്‍ 500 രൂപ വരെയുള്ള പേപ്പര്‍ നക്ഷത്രങ്ങളാണുള്ളത്. സാധാരണ നക്ഷത്രങ്ങള്‍ക്ക് 50 രൂപ മുതല്‍ 200 രൂപ വരെ വില വരുന്നവയാണ്. കാലിന് നീളമേറിയ വാല്‍നക്ഷത്രങ്ങളുമുണ്ട്. 250 മുതല്‍ 500 വരെയാണ് വില. ശരാശി 200 രൂപാ നക്ഷത്രങ്ങള്‍ വാങ്ങി പോകുന്നവരാണ് ഏറെയും. എന്നാല്‍ പേപ്പര്‍ നക്ഷത്രങ്ങളെക്കാള്‍ എല്‍.ഇ.ഡി നക്ഷത്രങ്ങള്‍ക്കാണ് ഇത്തവണ വിപണിയില്‍ പ്രിയം. 150 രൂപ മുതല്‍ 500 രൂപ വരെയാണ് ഇവയുടെ വില.
പാപ്പായും വില്‍പ്പനയ്ക്ക്
ക്രിസ്മസ് തൊപ്പിയും പാപ്പായുടെ മുഖംമൂടിയും വാങ്ങാനാണ് ഡിസംബറില്‍ കുട്ടികള്‍ മത്സരിക്കുക. വിവിധ തരത്തിലുള്ള ബലൂണുകള്‍ കൂടി എത്തിച്ചേരുന്നതോടെ, ക്രിസ്മസ് കച്ചവടം 'പൊടിപൊടിക്കും'. കോട്ടയം സെന്‍ട്രല്‍ ജംക്ഷനിലെ വഴിയോര ക്രിസ്മസ് വിപണികളും സജീവമായി. എല്‍ഇഡി ലൈറ്റുകള്‍, നക്ഷത്രങ്ങള്‍, പുല്‍ക്കൂട്, ബലൂണ്‍, മറ്റ് അലങ്കാര വസ്തുക്കള്‍ തുടങ്ങിയവ ഇവിടങ്ങളില്‍ ഒരുങ്ങിക്കഴിഞ്ഞു.
സാന്താക്ലോസിന്റെ മുഖംമൂടിക്ക് കുറഞ്ഞത് 150 രൂപ വേണം. 300 രൂപ വരെ ചിലതിന് വില നല്‍കണം. സാന്താക്ലോസിന്റെ നീളന്‍ ചുവപ്പ് കുപ്പായത്തിന് 1500 രൂപ മുതല്‍ 2,000 രൂപ വരെയാണ് വില. റെഡിമെയ്ഡായി നിര്‍മിച്ചിരുക്കുന്ന ട്രീകള്‍ക്ക് വലിപ്പമനുസരിച്ച് 150 രൂപ മുതല്‍ 12,000 രൂപ വരെ വിലയാണ്. എല്‍.ഇ.ഡി ബള്‍ബുകള്‍ക്കും ആവശ്യക്കാരേറെയാണ്. മീറ്ററിന് 100 മുതല്‍ 400 രൂപ വരെയാണ് വില.
പുല്‍ക്കൂട്ടില്‍ വെയ്ക്കേണ്ട രൂപങ്ങള്‍ക്ക് 300 മുതല്‍ 4500 രൂപ വരെയാണ് വില. രൂപങ്ങളുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തിലാണ് വില. പുല്‍ക്കൂടുകള്‍ റെഡിമെയ്ഡായി വാങ്ങി ഉപയോഗിക്കുന്നവരാണ് ഏറെയും. അതിനായി ചൂരലും തടികൊണ്ടുമുള്ള റെഡിമെയ്ഡ് പുല്‍ക്കൂടുകളും ക്രിസ്മസ് വിപണിയില്‍ സജീവമാണ്. ചൂരല്‍ കൊണ്ട് നിര്‍മിക്കുന്ന പുല്‍ക്കൂടുകള്‍ക്കാണ് ആവശ്യക്കാരേറെ. 350 രൂപ മുതല്‍ 1500 രൂപവരെയാണ് വലിപ്പമനുസരിച്ചുള്ള പുല്‍ക്കൂടുകളുടെ വില.
കേക്കിന്റെ മധുരം
കേരളത്തില്‍നിന്നു 100 കോടി രൂപയുടെ കേക്ക് വിപണിയാണ് ക്രിസ്മസിനു പ്രതീക്ഷിക്കുന്നത്. കോട്ടയം ജില്ലയില്‍ത്തന്നെ വിവിധ തരത്തിലുള്ള 10 ലക്ഷം കേക്കുകള്‍ എത്തുമെന്നു ബേക്കറി അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി.പി. പ്രേംരാജ് പറഞ്ഞു.
പള്ളികളും കുടുംബശ്രീ പോലുള്ള സംഘടനകളും നടത്തുന്ന വില്‍പന വേറെ. ടൗണുകളിലെ ബേക്കറികളില്‍ ശരാശരി 100 കിലോയിലധികം കേക്ക് ദിവസേന വിറ്റ് പോകുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഏറെ പ്രിയപ്പെട്ട ഐസിങ് കേക്കുകളില്‍ ഇക്കുറിയും പുതുമുഖങ്ങളുണ്ട്. ഡെത്ത് ബൈ ചോക്കലേറ്റ്, നട്‌സ് ബബ്‌ളി, സ്‌നിക്കേഴ്‌സ് ഡിലൈറ്റ് തുടങ്ങിയവ ബ്ലാക് ഫോറസ്റ്റിനും വൈറ്റ് ഫോറസ്റ്റിനും ഒപ്പം സ്ഥാനം പിടിച്ചു.
കിലോയ്ക്ക് 600 രൂപ മുതല്‍ 1800 രൂപ വരെയാണ് ഇവയുടെ വില. പ്ലം, മാര്‍ബിള്‍, പ്രീമിയം, നാനോ, കാരറ്റ്, ഈന്തപ്പഴം, കൈതച്ചക്ക, ചക്ക, ഓറഞ്ച്, മുന്തിരി.. ഇങ്ങനെ നീണ്ടു കിടക്കുന്നു കേക്കുകളുടെ നിര.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us