ക്രിസ്തുമസ് 2022: സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തുന്ന പുണ്യദിനം, ക്രിസ്മസ് ദിനം! ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഡിസംബര്‍ 25 ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമാണ് ക്രിസ്തുമസ്. പുല്‍ക്കൂടും, നക്ഷത്രങ്ങളും ഒക്കെ ഒരുക്കി ക്രിസ്മസിനെ വരവേല്‍ക്കുകയാണ് നാടും നഗരവും.
യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തില്‍ അനുസ്മരിക്കപ്പെടുന്നത്. പരസ്പരം സമ്മാനങ്ങള്‍ കൈമാറാനും ബന്ധങ്ങള്‍ പുതുക്കാനും ഒത്തുകൂടാനുമുള്ള അവസരം കൂടിയാണ് ക്രിസ്മസ്. ഓര്‍മകള്‍ക്ക് സുഗന്ധവും കാഴ്ചകള്‍ക്ക് തിളക്കവും മനസ്സിന് മധുരവും സമ്മാനിക്കുന്ന മനോഹരമായ കാലമാണ് ക്രിസ്മസ്.
മഞ്ഞിന്റെ കുളിര്, നക്ഷത്രങ്ങളുടെ തിളക്കം, പുല്‍ക്കൂടിന്റെ പുതുമ, പാതിരാകുര്‍ബാനയുടെ പവിത്രത- പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷണങ്ങളുമായി പടി കടന്നെത്തിയിരിക്കുകയാണ് ക്രിസ്മസ് രാവുകള്‍.
ക്രിസ്മസ് എന്നാല്‍ ആഘോഷത്തിന്റെ മാത്രമല്ല, ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും കൂടി ആഘോഷമാണ്. മധുര സ്മരണകളും കേട്ടുകേള്‍വി കഥകളുമായി നമ്മളിലേക്ക് വന്നണയുകയാണ് ക്രിസ്മസ്.
ക്രിസ്മസ് ദിനത്തില്‍ ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. ഉണ്ണിയേശുവിന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് കേരളത്തിലെ ദേവാലയങ്ങളിലും പാതിര കുര്‍ബാനകള്‍ നടക്കും. പുതുവസ്ത്രങ്ങള്‍ അണിഞ്ഞും രുചികരമായ ഭക്ഷണ വിഭവങ്ങള്‍ ഒരുക്കിയുമാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.