ജിദ്ദ: അയൽ രാജ്യമായ യമനിൽ ആറു വർഷം പിന്നിട്ട ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനും ശാശ്വത സമാധാനം സഥാപിക്കാനും ലക്‌ഷ്യം വെച്ചുകൊണ്ട് സൗദി അറേബ്യയുടെ പുതിയ സമാധാന നീക്കം. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനാണ് തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ വെച്ച് "യമൻ പ്രതിസന്ധി അവസാനിപ്പിച്ച് സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിലെത്താൻ സൗദി മുന്നോട്ട് വെക്കുന്ന സമാധാന പദ്ധതി" പ്രഖ്യാപിച്ചത്.
ഐക്യരാഷ്ട്ര സഭയുടെ മേൽനോട്ടത്തിലുള്ള സമ്പൂർണ വെടിനിർത്തൽ പ്രഖ്യാപനമാണ് സൗദിയുടെ പുതിയ സമാധാന നീക്കത്തിൽ മുഖ്യമായത്. ഹൂഥികൾ കൂടി അംഗീകരിക്കുന്ന നിമിഷം മുതൽ വെടിനിർത്തൽ നിലവിൽ വരുമെന്ന് സൗദി പദ്ധ്വതി ഉറപ്പ് നൽകുന്നു. അതോ ടൊപ്പം, ഹൂഥി കലാപകാരികൾ കൈയ്യടക്കിയിരിക്കുന്ന തലസ്ഥാന നഗരമായ സന്‍ആയിലെ എയര്‍പോര്‍ട്ട് വീണ്ടും തുറക്കാനും അവരുടെ അധീനതയിലുള്ള അല്‍ഹുദൈദ തുറമുഖത്തിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തുകയും ചെയ്യുമെന്നും സൗദി നീക്കം വാഗ്‌ദാനം ചെയ്യുന്നു. തുടർന്ന്, സമഗ്രവും ശാശ്വതവുമായ രാഷ്ട്രീയ പരിഹാരം യമനിലെ എല്ലാ വിഭാഗങ്ങളും ചേർന്ന് കണ്ടെത്തുകയും വേണം.
യമനിൽ ശാശ്വത പരിഹാരത്തിന്യു സൗദി കാണുന്ന മാർഗങ്ങൾ ഇവയാണ്: ഐക്യരാഷ്ട്ര സഭയുടെ 2216 -ാം നമ്പര്‍ പ്രമേയം. ഗള്‍ഫ് സമാധാന പദ്ധതി. അപ്രകാരം, യമൻ ദേശീയ സംവാദത്തില്‍ നിന്നുണ്ടാകുന്ന തീരുമാനങ്ങൾ. ഇവയുടെയെല്ലാം അടിസ്ഥാനത്തിൽ ആഭ്യന്തര സംഘര്‍ഷത്തിന് ശാശ്വത രാഷ്ട്രീയ പരിഹാരം കാണാന്‍ രാജ്യത്തെ എല്ലാ കക്ഷികളും പങ്കെടുത്തു കൊണ്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും സൗദി അറേബ്യ മുന്നോട്ടു വെക്കുന്ന സമാധാന പദ്ധതി താല്പര്യപ്പെടുന്നു.
മേഖലയിലെ സമാധാനത്തോടൊപ്പം, യമനിലെ ജനങ്ങളുടെ ദുരിതം അകറ്റുകയും പുരോഗതി പുനഃസ്ഥാപിക്കുകയും ചെയ്യുകയെന്നതെല്ലാം ഉദ്വേഷിച്ചു കൊണ്ടുള്ളതാണ് സൗദിയുടെ പുതിയ ഉദ്യമം. സൻആ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് നിശ്ചിത ആഭ്യന്തര - അന്താരാഷ്‌ട്ര സെക്ടറുകളിലേയ്ക് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കാനും, അല്‍ഹുദൈദ തുറമുഖത്തു നിന്നുള്ള നികുതികളും കസ്റ്റംസ് വരുമാനവും യമന്‍ സെന്‍ട്രല്‍ ബാങ്കിലെ സംയുക്ത അക്കൗണ്ടില്‍ നിക്ഷേപിക്കാനും സൗദി തയാറായിരുണ്ട്.
ഐക്യരാഷ്ട്ര സഭ, അമേരിക്ക, ഒമാൻ എന്നിവിടങ്ങളിൽ നിന്നെല്ലാം ഉണ്ടാകുന്ന സമാധാന ശ്രമങ്ങൾക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്ന നീക്കമായും സൗദി വെടിനിർത്തൽ വാഗ്‌ദാനം വിലയിരുത്തപ്പെടുന്നുണ്ട്.
അതേസമയം, ഹൂഥികളുടെ സൗദി ആക്രമണങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ടിരിക്കുന്ന ഇറാനിൽ നിന്ന് ശത്രുത മാത്രമാണ് കാണാൻ കഴിഞ്ഞിട്ടുള്ളതെന്ന് സൗദി വിദേശകാര്യ മന്ത്രി പത്രസമ്മേള നത്തിൽ ചൂണ്ടിക്കാട്ടി. എന്തായാലും, സമാധാനവും മേഖലയിൽ സുസ്ഥിരതയും ലക്‌ഷ്യം വെച്ച് കൊണ്ടുള്ള സൗദി അറേബ്യയുടെ പുതിയ സമാധാന നീക്കത്തോട് ഹൂഥികൾ എങ്ങിനെ പ്രതികരി ക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് മേഖലയിൽ സമാധാനം പുലർന്ന് കാണാനാഗ്രഹി ക്കുന്ന രാജ്യങ്ങളും കേന്ദ്രങ്ങളും. അതോടൊപ്പം, ഹൂഥികൾ യമന്റെ താല്പര്യത്തിനാണ് പ്രാമുഖ്യം നൽകേണ്ടതെന്നും ഹൂഥികൾക്ക് സമാധാനവും പുരോഗതിയും തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഇതെന്നും മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ യമനിലെ വിമതരെ ഓർമിപ്പിച്ചു.