അമ്മേ ഞാന്‍ നാളെ വീട്ടിലേക്കു വരും; എറണാകുളത്ത് കമ്പനി മീറ്റിങ്ങുണ്ട്. അതുകഴിഞ്ഞ് അമ്മയെ കാണാന്‍ ഞാന്‍ ഓടിയെത്തും ; പറഞ്ഞതു പോലെ തന്നെ യേശുദാസ് അമ്മയുടെ അരികിലേക്ക് എത്തി , ജീവനറ്റ ശരീരവുമായി..

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, February 21, 2020

അരിമ്പൂർ : ‘അമ്മേ ഞാൻ നാളെ വീട്ടിലേക്കു വരും’-… ബെംഗളൂരുവിൽ നിന്ന് അമ്മ ലിസിയെ വിളിച്ച് യേശുദാസ് തലേന്നുതന്നെ പറഞ്ഞു. ‘എറണാകുളത്ത് കമ്പനി മീറ്റിങ്ങുണ്ട്. അതുകഴിഞ്ഞാൽ അമ്മയെ കാണാൻ ഓടിയെത്തും’. അതായിരുന്നു വാക്ക്. മകൻ വരുമെന്ന പ്രതീക്ഷയിൽ ലിസി കാത്തിരുന്നു.

പക്ഷേ, പടികടന്നു വീട്ടിലെത്തിയത് ചേതനയറ്റ ശരീരം. അതുകണ്ട് ആ അമ്മ വാവിട്ടു കരഞ്ഞു. അരിമ്പൂർ കൈപ്പിള്ളി റിങ് റോഡിലെ കൊള്ളന്നൂർ കൊട്ടേക്കാട്ടുകാരൻ പരേതനായ ഡേവിസിന്റെ മകൻ യേശുദാസിന് (37) അവിനാശി അപകടത്തിൽ പരുക്കേറ്റെന്നു മാത്രമാണ് ഇന്നലെ രാവിലെ അറിഞ്ഞിരുന്നത്.

മരിച്ചവരുടെ പട്ടികയിൽ യേശുദാസിന്റെ പേരില്ലാത്തതിനാൽ ആദ്യം നാട്ടുകാരും വീട്ടുകാരും ആശ്വസിച്ചു. അമ്മയെ ആശ്വസിപ്പിക്കുകയും ചെയ്തു. ജോലി ചെയ്യുന്ന കമ്പനിയിൽനിന്നു പിന്നീട്, മരണവാർത്ത വിളിച്ചുപറയുകയായിരുന്നു. ഇതോടെ സഹോദരൻ ലിജോയും ബന്ധുക്കളും അവിനാശിയിലെത്തി മരിച്ചത് യേശുദാസാണെന്നു സ്ഥിരീകരിച്ചു.

ടൊയോട്ട കാർ കമ്പനിയുടെ ബെംഗളൂരു ഓഫിസിൽ ജോലി കിട്ടിയപ്പോൾ യേശുദാസ് ഭാര്യയും കുഞ്ഞിനുമൊപ്പം സമീപത്തെ കൊത്തിനൂർ ദിനേ എന്ന സ്ഥലത്താണു താമസിച്ചിരുന്നത്. കൊച്ചിയിൽ ഇടയ്ക്കു മീറ്റിങ്ങിനു വരുമ്പോഴൊക്കെ അമ്മയെ കണ്ടായിരുന്നു മടക്കം.

×