ഓഗസ്റ്റ് അഞ്ച് മുതല്‍ യോഗ കേന്ദ്രങ്ങളും ജിമ്മുകളും തുറക്കും; പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി; കണ്ടെയിന്‍മെന്റ് സോണുകളില്‍ തുറക്കില്ല

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, August 3, 2020

ന്യൂഡല്‍ഹി: ഓഗസ്റ്റ് 5 മുതല്‍ യോഗ കേന്ദ്രങ്ങളും ജിമ്മുകളും തുറക്കാനായി പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. കണ്ടെയിന്‍മെന്റ്‌ സോണുകളില്‍ ഇവ തുറക്കില്ല. സ്പാ, സ്റ്റീം ബാത്ത്, സ്വിമ്മിങ് പൂളുകള്‍ തുടങ്ങിയവയ്ക്കും തുറക്കാന്‍ അനുമതിയില്ല. ജീവനക്കാരും സന്ദര്‍ശകരും തമ്മിലുള്ള ശാരീരിക സമ്പര്‍ക്കം പരമാവധി കുറയ്ക്കുന്ന തരത്തിലാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

65 വയസിന് മുകളിലുള്ളവര്‍, രോഗാവസ്ഥയിലുള്ളവര്‍, ഗര്‍ഭിണികള്‍, പത്ത് വയസ്സിന് താഴെയുള്ളവര്‍ എന്നിവര്‍ അടച്ചുപൂട്ടിയ സ്ഥലങ്ങളിലുള്ള ജിംനേഷ്യവും യോഗ സെന്ററുകളും ഉപയോഗിക്കരുത്. ഇത്തരക്കാര്‍ തുറസ്സായ സ്ഥലങ്ങള്‍ ഉപയോഗിക്കണം.

സ്ഥാപനത്തില്‍ ചെലവഴിക്കുന്ന മുഴുവന്‍ സമയവും മാസ്‌ക് ധരിച്ചിരിക്കണം. അതേസമയം വ്യായാമം ചെയ്യുമ്പോള്‍ ശ്വാസതടസമുണ്ടാകാതിരിക്കാന്‍ മുഖാവരണം ധരിച്ചാല്‍ മതിയാകും. ഇടയ്ക്കിടെ കൈ സോപ്പ് ഉപയോഗിച്ച് കഴുകണം.

കെട്ടിടത്തില്‍നിന്ന് പുറത്തേക്ക് പോകാനും അകത്തേക്ക് വരാനും പ്രത്യേക കവാടം വേണം. ദിശ അടയാളങ്ങള്‍ ചുമരുകളില്‍ പതിപ്പിക്കുകയും ചെയ്യണം. ഫിറ്റ്‌നെസ് സെന്ററുകളില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ ബാച്ചുകളായി നിശ്ചിത സമയം അനുവദിക്കണം. ഓരോ ബാച്ചിനും 15-30 മിനിറ്റ് ഇടവേള ഉണ്ടായിരിക്കണം.

ഓരോ ആളുള്‍ക്കും 4 മീറ്റര്‍ സ്ഥലം ഉണ്ടായിരിക്കണം. ഉപകരണങ്ങള്‍ ആറടി അകലത്തില്‍ വേണം സജ്ജമാക്കാന്‍. കഴിയുന്നയിടങ്ങളില്‍ ഉപകരണങ്ങള്‍ പുറത്തു സജ്ജമാക്കണം. സ്ഥാപനത്തിന് അകത്തേക്കും പുറത്തേക്കും പോകാന്‍ പ്രത്യേകം വഴി ഒരുക്കണം. ഭിത്തികളില്‍ കൃത്യമായി ഇതു സൂചിപ്പിക്കുകയും വേണം.

മുറിയിലെ താപനില 24-30 ഡിഗ്രി സെല്‍ഷ്യസ് ആയി നിലനിര്‍ത്തണം. ശുദ്ധവായുവിന്റെ ലഭ്യത ഉറപ്പാക്കുകയും വേണം. ആരോഗ്യ സേതു ആപ്പ്‌ ഉപയോഗിക്കാനും ശുപാര്‍ശ ചെയ്യുന്നു.

×