Advertisment

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും യുവാവ് കാല്‍തെറ്റി വീണു : അബോധാവസ്ഥയിലായ യുവാവ് റെയില്‍വേ സ്‌റ്റേഷനില്‍ ചോര വാര്‍ന്ന് കിടന്നത് മുക്കാല്‍ മണിക്കൂര്‍ ; നടപടി ക്രമം പറഞ്ഞ് ഒഴിഞ്ഞുമാറി 108 ആംബുലന്‍സുകാര്‍ ; അപകടം കൂട്ടുകാര്‍ക്കൊപ്പം പുതിയ ജോലി അന്വേഷിച്ച് കൊല്ലത്തേയ്ക്ക് പോകുന്നതിനിടെ

New Update

ശാസ്താംകോട്ട : ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നു വീണ് അബോധാവസ്ഥയിലായ ഇതര സംസ്ഥാന തൊഴിലാളി ചോര വാര്‍ന്നു കിടന്നതു മുക്കാല്‍ മണിക്കൂര്‍. റെയ്ല്‍വേ സ്‌റ്റേഷനിലും ആശുപത്രിയിലുമായാണ് യുവാവ് ഇത്രയും സമയം ചോര വാര്‍ന്നു കിടന്നത്. 108 ആംബുലന്‍സുകാരെ വിളിച്ചപ്പോള്‍ അവര്‍ നടപടിക്രമം പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് ജനരോഷം ശക്തമായതോടെയാണ് ഇവര്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു സംഭവം

Advertisment

publive-image

ഡല്‍ഹി സ്വദേശി ഫിറോസ് (29) ആണ് ട്രെയ്‌നില്‍ നിന്നുംവീണ് അബോധാവസ്ഥയിലായത്. ഇയാള്‍ ചങ്ങനാശേരിയിലെ ബാര്‍ബര്‍ ഷോപ്പില്‍ ജീവനക്കാരനാണ്. സുഹൃത്തുക്കള്‍ക്കൊപ്പം പുതിയ തൊഴില്‍ അന്വേഷിച്ച് കൊല്ലത്തേക്കു പോകുന്നതിനിടെയാണ് ഇയാള്‍ ശബരി എക്‌സ്പ്രസില്‍ നിന്നു വീണത്. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ ഫിറോസ് അബോധാവസ്ഥയിലാവുകയായിരുന്നു.

രക്തം വാര്‍ന്നു കിടന്ന യുവാവിനെ സ്‌ട്രെച്ചറില്‍ സ്റ്റേഷനു മുന്നില്‍ കിടത്തിയ ശേഷം 108 ആംബുലന്‍സിനായി കാത്തിരുന്നെങ്കിലും വൈകിയാണ് ആംബുലന്‍സ് എത്തിയത്. തുടര്‍ന്ന് ഫിറോസിനെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അവിടെ പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും ഉടന്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. ഇവിടെ വെച്ചാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. 108 ആംബുലന്‍സ് അവരുടെ നടപടി ക്രമങ്ങള്‍ പറഞ്ഞ് കൊണ്ടുപോകാന്‍ താമസിപ്പിക്കുകയായിരുന്നു. ആദ്യം ആരെങ്കിലും കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചു റജിസ്റ്റര്‍ ചെയ്യണമെന്നും തുടര്‍ന്ന് ഇതു സംബന്ധിച്ച സന്ദേശം എത്തിയാല്‍ മാത്രമേ യുവാവിനെ കൊണ്ടുപോകാന്‍ കഴിയൂ എന്നുമാണ് 108 ആംബുലന്‍സുകാര്‍ പറഞ്ഞത്.

പിന്നീട് ഡോക്ടര്‍ ആവശ്യപ്പെട്ടത് ഐസിയു സംവിധാനമുള്ള ആംബുലന്‍സാണെന്നും അതു ലഭ്യമല്ലെന്നും പറഞ്ഞു ഒഴിഞ്ഞ് മാറാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് എത്തിച്ച് യുവാവിനെ കൊല്ലത്തേക്കു കൊണ്ടുപോയത്. പിന്നീട് രാത്രി യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

Advertisment