കേരളം

കോതമംഗലത്ത് മെഡിക്കൽ വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, July 30, 2021

കൊച്ചി: ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കോതമംഗലത്ത് വെടിവെച്ച് കൊന്നു. കണ്ണൂർ സ്വദേശിയായ മാനസയാണ് കൊല്ലപ്പെട്ടത്. 24 വയസായിരുന്നു മാനസയ്ക്ക്. ഇവരുടെ സുഹൃത്ത് രാഖിലാണ്‌ വെടിയുതിർത്തത്. രാഖിലും കണ്ണൂർ സ്വദേശിയാണ്. മാനസയെ കൊലപ്പെടുത്തിയ ശേഷം ഇയാളും സ്വയം വെടിവെച്ച് മരിച്ചു.

നെല്ലിക്കുഴിയിലെ ഇന്ദിര ഗാന്ധി ഡെന്റല്‍ കോളേജിലെ ഹൗസ് സര്‍ജനാണ് കണ്ണൂര്‍ നാറാത്ത് സ്വദേശിയായ മാനസ. കോളേജിന് സമീപത്തെ ഒരു വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു ഇവര്‍. വെള്ളിയാഴ്ച ഉച്ചയോടെ രാഖിൽ ഇവിടെയെത്തുകയും മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവരം.

ഇയാൾ മാനസയെ കൊലപ്പെടുത്താനായി കണ്ണൂരിൽനിന്ന് എത്തിയതാണെന്നാണു വിവരം. മൃതദേഹങ്ങൾ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

രാഖിൽ നേരത്തെയും മാനസയെ ശല്യപ്പെടുത്തിയിരുന്നതായാണ് സൂചന. ഇതു സംബന്ധിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതിപ്പെട്ടിരുന്നതായും വിവരമുണ്ട്.  പൂർവ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് കരുതുന്നത്. മാനസയുടെ ഫോൺ പൊലീസ് പരിശോധിക്കുന്നുണ്ട്.

×