മലപ്പുറം: 15 വർഷം മുമ്പ് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നിരന്തരം വേട്ടയാടുന്നതായി യുവാവിന്റെ പരാതി. മലപ്പുറം നിലമ്പൂർ സ്വദേശി മൂസയും കുടുംബവുമാണ് ക്രൈംബ്രാഞ്ചിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കേസിൽ പ്രതിയാക്കാൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി യുവാവ് ആരോപിക്കുന്നു.
2005 ജൂലൈയിൽ നിലബൂർ പൊത്തുകല്ലിൽ ഏറമ്പാടത്ത് ഹൈദർ കൊല്ലപ്പെട്ട സംഭവത്തിലാണ് നിലമ്പൂർ സ്വദേശി മൂസയെ നിരന്തരമായി കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുക്കുകയും കുറ്റമേൽക്കാൻ നിർബന്ധിക്കുന്നതായി പരാതി. നേരത്തെ ലോക്കൽ പൊലീസും നിലവിൽ ക്രൈം ബ്രാഞ്ചുമാന്വേഷിക്കുന്ന കേസിൽ അന്വേഷണമാരംഭിച്ച ഘട്ടം മുതൽ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നതായി യുവാവ് പറയുന്നു.
എന്നാൽ, ഈ വർഷം മെയ് മാസം മുതൽ ക്രൈംബ്രാഞ്ച് നിരന്തരം കസ്റ്റഡിയിലെടുക്കുകയും കുറ്റമേൽക്കാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയുമാണെന്ന് യുവാവ് ആരോപിക്കുന്നു
സംഭവം നടന്ന കാലത്ത് മൂസക്ക് 20 വയസായിരുന്നു. കൊലപാതകം നടന്ന സ്ഥലത്തിനടുത്തു കൂടി സുഹൃത്തിനെ കാണാൻ പോയതാണ് കുറ്റാരോപിതരുടെ പട്ടികയിൽ മകൻ ഉൾപ്പെടാൻ കാരണമെന്ന് മൂസയുടെ പിതാവ് പറയുന്നു.