യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു ? നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ആരുമുണ്ടായില്ല ! ഇനി ഷാഫി പറമ്പില്‍, കെഎസ് ശബരീനാഥ് എന്നിവര്‍ ഭാരവാഹികളായ സമവായ പായ്ക്കേജിന് സാധ്യത !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, December 8, 2019

തിരുവനന്തപുരം :  ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് സംസ്ഥാന ഘടകം.

ദേശീയ നേതൃത്വം പ്രഖ്യാപിച്ച സംഘടന തെരഞ്ഞെടുപ്പ് പ്രകാരം പ്രസിഡണ്ട് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് സംസ്ഥാനത്തുനിന്ന് ഒരാൾപോലും പത്രിക സമർപ്പിച്ചില്ല.

ഇതോടെ സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെ സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദേശീയ നേതൃത്വത്തിനും നാണക്കേടായി.

സമവായത്തിലൂടെ പ്രസിഡന്റിനെയും മറ്റു ഭാരവാഹികളെയും പ്രഖ്യാപിക്കണമെന്നാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ സംസ്ഥാന നേതാക്കളുടെ നിലപാട്.

സംസ്ഥാന ഘടകത്തിലെ സമവായ പാക്കേജ് തള്ളിക്കൊണ്ടാണ് ദേശീയ നേതൃത്വം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതിനായുള്ള 10 അംഗ പാനല്‍ സമർപ്പിക്കുകയും പിന്നീട് എംപിമാരെയും എംഎൽഎമാരെയും വെട്ടിമാറ്റി ലിസ്റ്റ് ചുരുക്കുകയും ചെയ്തിരുന്നു.

എന്നിട്ടും തെരഞ്ഞെടുപ്പിന് നിന്നു കൊടുക്കാൻ സംസ്ഥാന ഘടകം തയ്യാറായില്ല. ദേശീയ സംസ്ഥാന ഘടകങ്ങൾ തെരഞ്ഞെടുപ്പിന്‍റെ പേരില്‍ പരസ്പരം കൊമ്പുകോര്‍ത്തെങ്കിലും ഒടുവിൽ സംസ്ഥാന ഘടകത്തിന്‍റെ നിലപാടിനാണ് മേല്‍ക്കൈ ലഭിച്ചത്.

ഇതോടെ സംസ്ഥാനത്ത് സമവായത്തിലൂടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാന്‍ സാധ്യത തെളിഞ്ഞു. എ ഗ്രൂപ്പ് പ്രതിനിധി ഷാഫി പറമ്പിൽ എം എൽ എ സംസ്ഥാന അധ്യക്ഷനും ഐ ഗ്രൂപ്പ് പ്രതിനിധി കെ എസ് ശബരിനാഥൻ എംഎൽഎ വൈസ് പ്രസിഡണ്ടും ആയുള്ള പുതിയ പായ്ക്കേജാണ് സംസ്ഥാന ഘടകം മുന്നോട്ടുവയ്ക്കുന്നത്.

ഭാരവാഹികളുടെ മികവിനാണ് പരിഗണന നൽകുന്നതെങ്കിൽ ശബരീനാഥനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചാൽ അത് യൂത്ത് കോൺഗ്രസിന് നിലവിലുള്ളതില്‍ നിന്നും വേറിട്ടൊരു ജനകീയ മുഖം നൽകുമെന്ന വാദം ശക്തമാണ്. എന്നാല്‍ ഗ്രൂപ്പ് താല്പര്യങ്ങള്‍ക്കായിരിക്കും നേതാക്കള്‍ പ്രാമുഖ്യം നല്‍കുക.

നിലവിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷപദവി എ ഗ്രൂപ്പിന്റെ അക്കൗണ്ടിലാണ്. ഇത് വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറാകില്ല. അങ്ങനെ വന്നാല്‍ ഷാഫിക്ക് തന്നെ നറുക്ക് വീഴും.

×