കെ എസ് ശബരീനാഥ് എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് പ്രമേയം: കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചനെന്ന് വിമർശനം

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, January 15, 2021

കൊച്ചി: കെ എസ് ശബരീനാഥ് എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് പ്രമേയം. കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചനെന്നാണ് വിമര്‍ശനം. യൂത്ത് ലീഗ് പൂവച്ചല്‍ മണ്ഡലം കമ്മിറ്റിയാണ് എംഎല്‍എക്കെതിരെ പ്രമേയം അവതരിപ്പിച്ചത്.

ശബരീനാഥിന്റെത് ഏകാധിപത്യ ശൈലിയെന്നും വിമര്‍ശനം. യുഡിഎഫ് ഘടകകക്ഷികളുടെ ചോരയും നീരും ഊറ്റിക്കുടിച്ച് വീര്‍ത്ത കുളയട്ടയെന്നും പ്രമേയത്തില്‍. വര്‍ഗീയ കക്ഷികളെ പ്രീണിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്ന ശബരീനാഥ് മതേതര കാഴ്ചപ്പാടുള്ള കോണ്‍ഗ്രസിന് ചേര്‍ന്നയാളാണോ എന്ന് പരിശോധിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

പിന്തുടര്‍ച്ചവകാശികളെ വാഴിക്കാന്‍ കോണ്‍ഗ്രസ് ഇനിയും തീരുമാനിച്ചാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും പ്രമേയത്തില്‍ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഘടകകക്ഷിയായ മുസ്ലിം ലീഗിനെ പരിഗണിക്കാതെ പൂവച്ചല്‍ പഞ്ചായത്തില്‍ മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചതിലാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. ശബരീനാഥിനെ അരുവിക്കരയില്‍ നിന്ന് തിരിച്ച് വിളിക്കാനും മത്സര രംഗത്ത് നിന്ന് മാറ്റി നിര്‍ത്താനും കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്നും ആവശ്യം പ്രമേയത്തിലുണ്ട്.

×