ഐ.ജി പി. വിജയന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ചയാള്‍ അറസ്റ്റില്‍; പിടിയിലായത് രാജസ്ഥാന്‍ സ്വദേശിയായ പതിനേഴുകാരന്‍; പ്രതി വ്യാജ അക്കൗണ്ട് നിര്‍മ്മിച്ചത് ഓണ്‍ലൈന്‍ പഠനത്തിന് വീട്ടുകാര്‍ വാങ്ങി നല്‍കിയ ഫോണില്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, November 26, 2020

തിരുവനന്തപുരം: ഐജി പി വിജയന്‍റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച പതിനേഴുകാരന്‍ പിടിയില്‍. രാജസ്ഥാന്‍ സ്വദേശിയായ പതിനേഴുകാരനെ സൈബര്‍ പൊലീസാണ് പിടികൂടിയത്. ഓണ്‍ലൈന്‍ പഠനത്തിനായി വീട്ടുകാര്‍ വാങ്ങി നല്‍കിയ ഫോണുപയോഗിച്ചാണ് ഇയാള്‍ കൃത്യം നടത്തിയത്.

കഴിഞ്ഞദിവസങ്ങളിൽ രാജസ്ഥാൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസിന്റെ വലയിലായത്. ഐ.ജി.യുടെ വ്യാജ പ്രൊഫൈൽ നിർമിച്ച് പണം ആവശ്യപ്പെട്ട് സുഹൃത്തുക്കൾക്ക് സന്ദേശമയക്കുന്നതായിരുന്നു തട്ടിപ്പിന്റെ രീതി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഐ.ജി. തന്നെ ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിനുപിന്നാലെ കേരളത്തിലെ പല പൊലീസ് ഉദ്യോഗസ്ഥരുടെ പേരിലും വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകൾ നിർമിച്ച് പണം തട്ടാൻ ശ്രമിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെയാണ് പോലീസ് സംഘം അന്വേഷണം ഊർജിതമാക്കിയത്.

യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോകള്‍ ശേഖരിച്ച് അക്കൗണ്ടുണ്ടാക്കി വ്യക്തികള്‍ക്ക് റിക്വസ്റ്റ് അയയ്ക്കും. തുടര്‍ന്ന് വിവിധ സൗഹചര്യങ്ങള്‍ പറഞ്ഞ് ആളുകളുടെ കയ്യില്‍ നിന്ന് പണം തട്ടിയെടുക്കുകയാണ് കൃത്യത്തിന്‍റെ രീതി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

×