നിരോധിത പബ്ജി ഗെയിമിന്റെ തത്സമയ സ്ട്രീമിങ്ങിനിടെ യുവതിയോട് അശ്ലീലം പറഞ്ഞ യൂട്യൂബര്‍ അറസ്റ്റില്‍

New Update

publive-image

ചെന്നൈ: നിരോധിത പബ്ജി ഗെയിമിന്റെ തത്സമയ സ്ട്രീമിങ്ങിനിടെ യുവതിയോട് അശ്ലീലം പറഞ്ഞ കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മദന്‍ കുമാര്‍ എന്ന യൂട്യൂബറാണ് അറസ്റ്റിലായത്. ചെന്നൈയിൽനിന്ന് ഒളിവിൽ പോയ മദനെ ധർമപുരിയിൽനിന്നാണു പൊലീസ് പിടികൂടിയത്. ഇയാളുടെ ഭാര്യ കൃതികയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

Advertisment

പബ്ജി ലൈവ് സ്ട്രീമിങ് വഴി ലക്ഷങ്ങള്‍ വരുമാനം നേടുന്ന മദന്‍, കളിക്കിടെ സഹകളിക്കാരായ സ്ത്രീകളോട് അശ്ലീലം പറഞ്ഞതാണു കേസിനിടയാക്കിയത്. പബ്ജി ഗെയിം നിരോധിച്ചിട്ടുണ്ടെങ്കിലും പല വഴികളിലൂടെ ഇപ്പോഴും കളിക്കാന്‍ കഴിയും. ഈ സാധ്യതയാണു തമിഴ്നാട്ടിലെ പ്രമുഖ യൂട്യൂബറായ മദന്‍ ഉപയോഗപ്പെടുത്തിയത്. സഹകളിക്കാരുമായി നടത്തുന്ന ദ്വയാർഥ, അശ്ലീല പ്രയോഗങ്ങളും ചാനലിന്റെ പ്രത്യേകതയാണ്. പദപ്രയോഗങ്ങള്‍ പരിധി വിട്ടതോടെ ഒരു യുവതി ചെന്നൈ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

എട്ടു ലക്ഷത്തോളം വരിക്കാരാണ് ഇവരുടെ ചാനലിനുള്ളത്. ഇതില്‍ ഏറെയും കുട്ടികളാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. മദന്‍, ടോക്‌സിക് മദന്‍ 18+, പബ്ജി മദന്‍ ഗേള്‍ ഫാന്‍, റിച്ചി ഗേമിങ് വൈടി എന്നീ ചാനലുകളാണ് ദമ്പതിമാര്‍ നടത്തുന്നത്.

അശ്ലീല പരാമര്‍ശത്തിന് പിന്നാലെ ചാനലിനെതിരേ സാമൂഹ്യ മാധ്യമങ്ങളിലും വലിയ വിമര്‍ശനവും ഉയരുന്നുണ്ട്. കേസിന് ആസ്പദമായ റെക്കോര്‍ഡ് ചെയ്ത ചാനലിലെ സംഭാഷണം കേട്ട് ഞെട്ടിയെന്ന് കഴിഞ്ഞ ദിവസം പ്രതിയുടെ മുന്‍ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോള്‍ മദ്രാസ് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.

യൂട്യൂബ് ചാനലിന്റെ റജിസ്ട്രേഷന്‍ കൃതികയുടെ പേരിലാണ്. ഇവരില്‍നിന്നു ലാപ്ടോപ്, ഹാർഡ് ഡിസ്ക്, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. ‌‌മാസം മൂന്നു ലക്ഷം രൂപയെങ്കിലും മദൻ യൂട്യൂബിലൂടെ സമ്പാദിക്കുന്നുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം. മൂന്ന് ആഡംബര കാറുകൾ സ്വന്തമായുണ്ട്.

Advertisment