ഇന്ന് ലോക വയനദിനം… ഇടുക്കി മലയോര കർഷകരെ വായനയുടെ ലോകത്തേക്കു കൂട്ടിക്കൊണ്ടു വന്ന യുവ രശ്മി മാസിക പ്രസിദ്ധീകരണം നിലച്ചിട്ട് അരനൂറ്റാണ്ടാകുന്നു…

സത്യം ഡെസ്ക്
Saturday, June 19, 2021

യുവരശ്മിയുടെ പഴയ ലക്കം

ഇടുക്കി മലയോര കർഷകരെ വായനയുടെ ലോകത്തേക്കു കൂട്ടിക്കൊണ്ടു വന്ന  മാസിക പ്രസിദ്ധീകരണം നിലച്ചിട്ട് അരനൂറ്റാണ്ടാകുന്നു.

ഈ സാംസ്ക്കാരിക പ്രസിദ്ധീകരണത്തിലൂടെ അക്ഷര ലോകത്തേക്കു വന്ന നിരവധി പേർ ഇപ്പോഴും ഒരു കുഗ്രാമമായിരുന്ന സ്വന്തം ഗ്രാമത്തിൻ്റെ പേരു നിലനിർത്തുന്നു.

ആധുനിക സൗകര്യമൊന്നുമില്ലാതിരുന്ന 1965, 70 കാലഘട്ടത്തിൽ വെള്ളത്തൂവലിൽ നിന്നു പിറവിയെടുത്ത യുവരശ്മിയാണ് ഇടുക്കിയിലെ ആദ്യത്തെ മാസിക. പിൽക്കാലത്ത് അക്ഷരലോകത്ത് പ്രസിദ്ധരായിത്തീർന്ന കുത്തുപാറ സ്വദേശി കോനാട്ട് സത്യനും ശല്ല്യാംപാറ സ്വദേശി സാരംഗ് ഗോപാലകൃഷ്ണനും ചേർന്നാരംഭിച്ചതായിരുന്നു യുവരശ്മി.

വായനയോടും എഴുത്തിനോടുമുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു അന്നത്തെക്കാലത്ത് ഇവരെ പ്രേരിപ്പിച്ചത് മകൻ്റെ അഭിരുചി ശരി’ക്കറിയാവുന്ന സത്യൻ്റെ അമ്മ താലിമാല പണയം വച്ചു നൽകിയ തുകയുമായി തുടക്കം കുറിച്ച മാസികയുടെ പിന്നിലെ കഥകൾ യാതനയുടേതായിരുന്നു.

യുവരശ്മിയുടെ ആദ്യ ലക്കവുമായി പത്രാധിപർ സത്യൻ കോനാട്ട്

അന്ന് ഹൈറേഞ്ചിൽ വൈദ്യതിയില്ല, ഫോണില്ല, റോഡില്ല ട്രാൻസ്പോർട്ടിംഗ് സൗകര്യമില്ല. കോട്ടയത്ത് പഴയ മാമ്മൻ ഹാളിനു പുറകിൽ അച്ചു നിരത്തിയടിക്കുന്ന കുരിയാക്കോസിൻ്റെ പ്രസിൽ പോയി മാസിക അച്ചടിക്കും. ഡമ്മി എട്ടിലൊന്നു വൈസ് വില 50 പൈസ 24 പേജ്.

അന്ന് ഹൈറേഞ്ചിലേക്കു നേരിട്ടു വാഹനമില്ല. പല വണ്ടികൾ മാറിക്കേറി വെള്ളത്തൂവലിൽ കൊണ്ടുവന്നു മാസിക സത്യനും ഗോപാലകൃഷ്ണനും കൂടി ആനച്ചാൽ, ചെങ്കുളം, തോക്കു പാറ, മുതുവാൻ കുടി, ചുരുളി, കീരിത്തോട്, പനംകുട്ടി, കല്ലാർകുട്ടി തുടങ്ങിയ പ്രദേശങ്ങളിൽ കാൽനടയായി സഞ്ചരിച്ചു വീട് വീടാന്തരം വിതരണം ചെയ്യും.

ഇതുവഴി അന്നത്തെ യുവതലമുറയെ വായനയുടെ ലോകത്തെത്തിക്കാനും കഴിഞ്ഞു. മാസികയിലെ എഴത്തുകാരെല്ലാം പുതിയവർ. അന്ന് മാസികയുടെ അച്ചടിയുമായി ബന്ധപ്പെട്ട് ദീപികയിലെത്തിയപ്പോൾ പരിചയപ്പെട്ട ഹരിപ്പാടുകാരൻ യുവാവിൻ്റെ കവിത മാസികക്കൊരു മുതൽക്കൂട്ടായി.

പിൽക്കാലത്ത് പ്രസിദ്ധനായിത്തീർന്ന ശ്രീകുമാരൻ തമ്പിയായിരുന്നു ആ ചെറുപ്പക്കാരൻ പക്ഷെ മാസിക അധികകാലം നീണ്ടുനിന്നില്ല. ഇടുക്കിയുടെ വളക്കൂറുള്ള മണ്ണിൽ പക്ഷെ പ്രസിദ്ധീകരണങ്ങൾ വേരു പിടിക്കില്ലന്ന യഥാർത്യം മനസിലാക്കിയപ്പോഴേക്കും സത്യൻ്റെയും ഗോപാലകൃഷ്ണൻ്റെയും ജീവിതം കടക്കെണിയിലായി.

അതോടെ യുവ രശ്മിക്കു തിരശീല വീണു. വായനയുടെയും എഴുത്തിൻ്റെയും ലോകത്ത് ഒരു തലമുറക്ക് വെളിച്ചം പകർന്ന ശേഷമാണ് മാസിക നിലച്ചത്. കാലം മാറി മാധ്യമ ലോകം ഇപ്പോൾ അമ്പരപ്പിക്കുന്ന കുതിപ്പിലാണ്.

ഗോപാലകൃഷ്ണൻ ഇപ്പോൾ അട്ടപ്പാടി അഗളിയിൽ സാരംഗ് എന്ന സ്ഥാപനം നടത്തുന്നു സത്യൻ കോനാട്ട് അറിയപ്പെടുന്ന എഴുത്തുകാരനും പ്രസാധകനും ഒട്ടേറെ പുതിയ എഴുത്തുകാർക്ക് അത്താണിയുമാണിന്ന്.

×