ചെന്നൈ: 103-ാം വയസില്‍ കൊവിഡിനെ തോല്‍പ്പിച്ച വൃദ്ധയ്ക്ക് പക്ഷേ, നാട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്നത് കയ്‌പ്പേറിയ അനുഭവങ്ങള്‍. രോഗം മാറി വീട്ടിലേക്കു പോയ വൃദ്ധയും വീട്ടുകാരും നാട് വിട്ടുപോകണമെന്നായിരുന്നു നാട്ടുകാരുടെ ഭീഷണി. ഒടുവില്‍ അധികൃതരെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. തമിഴ്‌നാട്ടിലെ തിരുപത്തൂര്‍ ജില്ലയിലെ അമ്പൂര്‍ ഗ്രാമത്തില്‍ ഹമീദ ബീ എന്ന വൃദ്ധയ്ക്കാണ് ദുരനുഭവം ഉണ്ടായത്.
ജൂണ്‍ 29നാണ് ജലദോഷം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹമീദ സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തുന്നത്. തുടര്‍ന്ന് ഇവരുടെ സ്രവം പരിശോധനയ്‌ക്കെടുത്തു. ജൂലൈ ഒന്നിന് കൊവിഡും സ്ഥിരീകരിച്ചു. തുടര്‍ന്ന് അമ്പൂരിലെ സര്‍ക്കാരാശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചു.
ജൂലൈ 12ന് ഹമീദ രോഗമുക്തി നേടി. എന്നാല്‍ നാട്ടിലേക്ക് പോയ ഹമീദക്കും വീട്ടുകാര്‍ക്കും നാട്ടുകാരുടെ പ്രതിഷേധവും ഭീഷണിയുമാണ് നേരിടേണ്ടി വന്നത്. വിഷയം അറിഞ്ഞ തിരുപത്തൂര്‍ കളക്ടര്‍ എം.പി. ശിവനാണ് പ്രശ്‌നപരിഹാരത്തിന് നടപടിയെടുത്തത്. ഹമീദയുടെയും വീട്ടുകാരുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് ഇദ്ദേഹം പറയുന്നു.