ഗുവാഹത്തി: പ്രളയം ആസാമില്‍ വരുത്തിവച്ചത് കനത്ത നാശനഷ്ടങ്ങള്‍. 107 പേരാണ് പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി സംസ്ഥാനത്ത് മരിച്ചത്. 81 പേര്‍ പ്രളയത്തിലും 26 പേര്‍ ഉരുള്‍പൊട്ടലിലും മരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
36 ലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചത്. 48000-ത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മുന്നൂറിനടുത്ത് ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 33 ജില്ലകളില്‍ 26-ഉം പ്രളയബാധിതമായി പ്രഖ്യാപിച്ചു.
നിരവധി വീടുകളും റോഡുകളും പാലങ്ങളും തകര്‍ന്നു. പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കാസിരംഗ ദേശീയോദ്യാനത്തില്‍ നൂറോളം വന്യജീവികള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇവിടെ 85 ശതമാനം പ്രദേശവും വെള്ളത്തിനടിയിലാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ സഹായവും ആസാമിന് വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളുമായി അദ്ദേഹം ഫോണിലൂടെ സാഹചര്യം വിലയിരുത്തി.
അതേസമയം, സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെട്ടു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പല സ്ഥലങ്ങളിലും നദികളിലെ ജലനിരപ്പ് അപകടനിരപ്പിന് താഴെയായി. എന്നാല്‍ ലോവര്‍ ആസാമില്‍ സ്ഥിതി ഗുരുതരമാണ്.