/sathyam/media/post_attachments/e8WQy7NwOf8nxSYXYXFm.jpg)
ന്യൂഡല്‍ഹി: ചൈനീസ് സേനയുമായുള്ള സംഘര്‍ഷത്തില്‍ ലഡാക്കിലെ ഗാല്‍വാന്‍ മേഖലയില്‍ വീരമൃത്യു വരിച്ചത് 20 ഇന്ത്യന്‍ സൈനികരെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 20 സൈനികരെങ്കിലും സംഘർഷത്തിൽ വീരമൃത്യു വരിച്ചു എന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. മരണനിരക്ക് കൂടിയേക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
അതേസമയം ചൈനീസ് സൈനികരിൽ 43 പേരെങ്കിലും മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഈ റിപ്പോർട്ടു കൂടി പുറത്തു വരുന്നതോടെ ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം മൂർധന്യാവസ്ഥയിലാണെന്നാണ് സൂചന. ഏതു സാഹചര്യവും നേരിടുന്നതിനു സജ്ജമാകാൻ അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള കര, വ്യോമ സേനകൾക്ക് ഉന്നത നേതൃത്വം നിർദേശം നൽകി.
തിങ്കളാഴ്ച രാത്രിയാണ് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യ-ചൈന സംഘര്‍ഷമുണ്ടായത്. ഒരു കേണല്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്.
വിജയവാഡ സ്വദേശി കേണൽ സന്തോഷ് ബാബു, തമിഴ്നാട് തിരുവണ്ടനൈ സ്വദേശി ഹവിൽദാർ പളനി, ജാർഖണ്ഡ് സാഹിബ് ഗഞ്ജ് സ്വദേശി കുന്ദഎൻ കുമാർ ഓഝ എന്നിവർക്കാണ് ജീവൻ നഷ്ടമായത് എന്നാണ് ഇതുവരെ ഔദ്യോഗികമായി കരസേന നൽകുന്ന വിവരം.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയ സംയുക്ത സേനാ മേധാവി, കര, നാവിക, വ്യോമ സേനാ മേധാവികൾ എന്നിവർ അതിർത്തിയിലെ സാഹചര്യങ്ങൾ വിലയിരുത്തി. ചൈനയുടെ ഏത് പ്രകോപനവും നേരിടാൻ സജ്ജമാണെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us