പാലാ : ഇന്നത്തെ സദ്യയോടു കൂടി പാചക കുലപതി കുറിച്ചിത്താനം മoത്തിൽ സുധാകരൻ നായർ കടപ്പാട്ടൂരിൽ നിന്ന് കൈ കഴുകും; ഇന്നെത്തുന്ന അര ലക്ഷത്തോളം ഭക്തരെ കടപ്പാട്ടൂരപ്പന്റെ പിറന്നാളൂട്ടുന്ന ചുമതല തികച്ചും സൗജന്യമായി നിറവേറ്റി കടപ്പാട്ടൂരിൽ നിന്ന് വിരമിക്കുകയാണ് ഇദ്ദേഹം. തുടർച്ചയായി 13 വർഷം ഭഗവാന് പിറന്നാൾ സദ്യയൊരുക്കിയ ശേഷമാണ് സുധാകരൻ നായരുടെ പിന്മാറ്റം.
പാചകരംഗത്ത് മൂന്നു പതിറ്റാണ്ടിന്റെ കൈപ്പുണ്യമുള്ള സുധാകരൻ നായർ കുറിച്ചിത്താനം മoത്തിൽ കാറ്ററിംഗ്സിന്റെ അമരക്കാരനാണ്. 2006-മുതലാണ് എല്ലാ വർഷവും ജൂലൈ 14ന് കടപ്പാട്ടൂരപ്പന് പിറന്നാൾ സദ്യയൊരുക്കാനുള്ള ദൗത്യം സുധാകരൻ നായർ ഏറ്റെടുത്തത്.
അതുവരെ കടപ്പാട്ടൂരിലെ ഭക്തജനങ്ങൾ ചേർന്നാണ് വിഗ്രഹ ദർശനാഘോഷത്തിന് സദ്യ ഒരുക്കിയിരുന്നത്. സുധാകരൻ നായരുടെ പാചക പ്രസിദ്ധി കേട്ടറിഞ്ഞ ക്ഷേത്രം ഭാരവാഹികൾ വിഭവസമൃദ്ധവും രുചികരവുമായ സദ്യ ഒരുക്കാൻ ഇദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു.
എല്ലാവർഷവും ജൂലൈ 14-ന് രണ്ടു ദിവസം മുമ്പെ സുധാകരൻ നായരുടേയും മരുമകൻ മഠത്തിൽ രാജേഷിന്റേയും നേതൃത്വത്തിലുള്ള 30 അംഗ പാചക സംഘം കടപ്പാട്ടൂരിലെത്തുമായിരുന്നു.
400 പറ അരിയുടെ ചോറും അതിന്നു വേണ്ട കൂട്ടുകറിയും, തോരനും, സാമ്പാറും, കാളനും ,സംഭാരവും രസവും , അച്ചാറും പപ്പടവുമെല്ലാം 14-ന് രാവിലെ 8 മണി മുതൽ വിളമ്പാൻ തയ്യാറാക്കിയിരിക്കണം.
ഭഗവാന്റെ കാരുണ്യം കൊണ്ട് കഴിഞ്ഞ ഒരു വ്യാഴവട്ടമായി ഈ ചിട്ടവട്ടത്തിന് കടുകുമണിയുടെ വ്യത്യാസം പോലും വന്നിട്ടില്ലെന്ന് കടപ്പാട്ടൂരപ്പന്റെ നിത്യ ഭക്തൻ കൂടിയായ പാചക കുലപതി പറഞ്ഞു.
"ഭഗവാന് പിറന്നാൾ സദ്യയൊരുക്കുന്നത് , സാധാരണ സദ്യയൊരുക്കും പോലെ ആയിരുന്നില്ല. വ്രതശുദ്ധിയോടെയും, പ്രാർത്ഥനയോടെയുമാണ് ഞാനും പണിക്കാരുമെല്ലാം പിറന്നാൾ സദ്യ തയ്യാറാക്കിയിരുന്നത്. ഇതിൽ നിന്ന് ഒരു രൂപാ പോലും ലാഭവും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ അടുത്ത വർഷം മുതൽ സദ്യയൊരുക്കാൻ ക്വട്ടേഷൻ ക്ഷണിക്കാനാണ് തീരുമാനം എന്നറിഞ്ഞു.
ക്വട്ടേഷനെടുത്ത് ഭഗവദ് പ്രസാദം തയ്യാറാക്കാൻ വ്യക്തിപരമായി ഒട്ടും താൽപ്പര്യമില്ലാത്തതിനാൽ ഇത്തവണ കൊണ്ട് നിർത്തുകയാണ്. ഒരു രൂപാ പോലും പ്രതിഫലം പറ്റാതെയാണ് ഇന്ന് സദ്യയൊരുക്കുന്നത്. " മoത്തിൽ സുധാകരൻ നായർ " പറഞ്ഞു.
30 പണിക്കാർക്കായി ഒരു ലക്ഷത്തോളം രൂപാ പണിക്കൂലി സ്വന്തം കയ്യിൽ നിന്നു മുടക്കിയാണ് കടപ്പാട്ടൂരിലെ തന്റെ അവസാന സദ്യ സുധാകരൻ നായർ തയ്യാറാക്കുന്നത്. കടപ്പാട്ടൂരിലെ പിറന്നാൾ സദ്യയുടെ ചുമതലയിൽ നിന്ന് മാറുകയാണെങ്കിലും പാചക രംഗത്തിനിയും സജീവമായുണ്ടാകുമെന്നും സുധാകരൻ നായർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us