ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിക്ക് മുന്നോടിയായി ദിഷ രവി അടക്കമുള്ളവര്‍ സൂം മീറ്റിങ്ങില്‍ പങ്കെടുത്തിരുന്നതായി ഡല്‍ഹി പൊലീസ്. നികിത ജേക്കബ്, ശന്തനു തുടങ്ങിയവരും ജനുവരി 11ന് ഇവര്‍ സൂം മീറ്റിങ്ങില്‍ പങ്കെടുത്തു.
ഇവരെ കാനഡയില്‍ പ്രവര്‍ത്തിക്കുന്ന പുനീത് എന്ന സ്ത്രീയാണ് ഖലിസ്ഥാന്‍ ബന്ധമുള്ള പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ എന്ന സംഘടനയുമായി ബന്ധപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഈ മൂന്നുപേരും ചേര്‍ന്നാണ് ടൂള്‍കിറ്റ് തയ്യാറാക്കുകയും ഇതില്‍ തിരുത്തലുകള്‍ വരുത്തുന്നതിനായി മറ്റുള്ളവര്‍ക്ക് കൈമാറുകയും ചെയ്തത്.
ദിഷാ രവിയ്‌ക്കെതിരായ തെളിവുകള്‍ മൊബൈല്‍ ഫോണില്‍നിന്ന് ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അവകാശപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് മലയാളി അഭിഭാഷക നിഖിത ജേക്കബ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ ശന്തനു എന്നിവര്‍ക്കെതിരെ ഡല്‍ഹി പൊലീസ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.