അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ പ്രചാരണം ഊര്‍ജിതമാക്കാനൊരുങ്ങി ബിജെപി. ഭരണം നിലനിര്‍ത്താനുള്ള അഭിമാന പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുള്‍പ്പെടെ 40 താര പ്രചാരകരെ ബിജെപി കളത്തിലിറക്കും.
എംപി തിരഞ്ഞെടുപ്പിനുള്ള പ്രമുഖ പാര്‍ട്ടി നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയ പട്ടികയാണ് ബിജെപി വെള്ളിയാഴ്ച പുറത്തിറക്കിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എംപി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, സ്മൃതി ഇറാനി എന്നിവരുള്‍പ്പെടെയുള്ള പട്ടികയാണ് ബിജെപി പുറത്തിറക്കിയത്.
മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രിജേഷ് പഥക് എന്നിവരും താരപ്രചാരകരുടെ പട്ടികയിലുണ്ട്. നവംബര്‍ 17 നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ മൂന്നിന് ഫലം പ്രഖ്യാപിക്കും.