Advertisment

കൂടുതല്‍ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാന്‍ ഓസ്ട്രേലിയ

author-image
athira kk
New Update

കാന്‍ബെറ: ഹെല്‍ത്ത് കെയര്‍, അധ്യാപനം, എന്‍ജിനീയറിങ് തുടങ്ങിയ തൊഴില്‍ മേഖലകള്‍ നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് ഓസ്ട്രേലിയ കൂടുതല്‍ വിദേശികളെ റിക്രൂട്ട് ചെയ്യും. ഇതിനായി കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ ഉദാരമാക്കാനും സര്‍ക്കാര്‍ തലത്തില്‍ ധാരണയായി.

Advertisment

publive-image

വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ കാര്യമായി ബാധിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ തയാറാവുന്നത്. രണ്ടാം ലോകയുദ്ധാനന്തര കാലഘട്ടത്തിലേതിനു സമാനമായി കുടിയേറ്റ നയം ഉദാരമാക്കാനാണ് ഉദ്ദേശിക്കുന്നത്.

ഓസ്ട്രേലിയന്‍ സമ്പദ് വ്യവസ്ഥ ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്ന 3.25 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കുടിയേറ്റം പ്രോത്സാഹിപ്പിക്കാതെ മറ്റു വഴിയില്ലെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് നികത്തപ്പെടാതെ കിടക്കുന്ന ഒഴിവുകളുടെ എണ്ണത്തില്‍ ഒരു വര്‍ഷത്തിനിടെ നാല്‍പ്പത് ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

വിദേശ ജോലിക്കാരുടെ കാര്യത്തില്‍ മാത്രമല്ല, വിദേശ വിദ്യാര്‍ഥികളുടെ കാര്യത്തിലും രാജ്യത്ത് കാര്യമായ കുറവാണ് ഇപ്പോഴുള്ളത്. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് പ്രൊഫഷണലുകളും വിദ്യാര്‍ഥികളും അടക്കം ആറു ലക്ഷത്തോളം വിദേശികളാണ് രാജ്യം വിട്ടു പോയത്.

അതേസമയം, പത്തു ലക്ഷം വിസ അപേക്ഷകള്‍ ഇപ്പോഴും പ്രോസസിങ് നടക്കാതെ കെട്ടിക്കിടക്കുകയും ചെയ്യുന്നു. യു.എസും യൂറോപ്യന്‍ രാജ്യങ്ങളും ക്യാനഡയുമെല്ലാം കുടിയേറ്റ നിയമങ്ങളില്‍ കാര്യമായ ഇളവുകള്‍ വരുത്തുകയും ഓസ്ട്രേലിയയിലേക്കു കുടിയേറാനുള്ള സങ്കീര്‍ണത തുടരുകയും ചെയ്യുന്നത് വിദേശ തൊഴിലന്വേഷകരെയും വിദ്യാര്‍ഥികളെയും അകറ്റി നിര്‍ത്തുന്നു എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അയല്‍ രാജ്യമായ ന്യൂസിലന്‍ഡും നയങ്ങള്‍ ഉദാരമാക്കി കൂടുതല്‍ വിദേശികളെ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

വിസ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനു പുറമേ നഴ്സിങ്, എന്‍ജിനീയറിങ്, ടെക്നോളജി മേഖലകളില്‍ വൈദഗ്ധ്യ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതിയും സര്‍ക്കാര്‍ തയാറാക്കുന്നുണ്ട്. 1,09,900 വിദേശികള്‍ക്ക് രാജ്യത്തേക്ക് ഈ വര്‍ഷം തൊഴില്‍ വിസ നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

Advertisment