Advertisment

അയര്‍ലണ്ടിലെ അസംഘടിത കുടിയേറ്റ തൊഴിലാളികളുടെ ജീവിതം നരകതുല്യമെന്ന് ഇയു റിപ്പോര്‍ട്ട്

author-image
athira kk
New Update

ഡബ്ലിന്‍ : അയര്‍ലണ്ടിലെ അസംഘടിത, കുടിയേറ്റ തൊഴിലാളികളുടെ ജീവിതം നരകതുല്യമെന്ന് എംപ്ലോയ്‌മെന്റ് ആന്റ് സോഷ്യല്‍ അഫയേഴ്‌സ് സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാവുന്നു. ഫ്രണ്ട് ലൈന്‍ തൊഴിലാളികളും അവശ്യവിഭാഗവുമൊക്കെയടങ്ങുന്ന സ്വകാര്യ നഴ്സിംഗ് ഹോമുകളിലെയും ഡെലിവറി സര്‍വ്വീസുകളിലെയും ഇറച്ചി പ്ലാന്റുകളിലേയുമൊക്കെ തൊഴിലാളികളുടെ ജീവിതം ദുതിതക്കടലിലാണെന്ന് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് മൈഗ്രന്റ്സ് റൈറ്റ് സെന്റര്‍ അടക്കമുള്ള സംഘടനകള്‍ ഇപ്പോള്‍ രംഗത്തെത്തുകയാണ്.

publive-image

ഈ വിഭാഗം നേരിടുന്ന ഏറ്റവും അപകടകരവും മോശമായതുമായ ജീവിതാവസ്ഥകളെ അടയാളപ്പെടുത്തുന്നതാണ് അയര്‍ലണ്ടിനാകെ നാണക്കേടുണ്ടാക്കുന്ന റിപ്പോര്‍ട്ട്. പാശ്ചാത്യ ലോകത്ത് സംഘടിത വിലപേശലിന് അവകാശമില്ലാത്ത ഏക രാജ്യമായി അയര്‍ലണ്ട് തുടരുന്നതായി ഈ പഠനം പറയുന്നു. ജീവനക്കാരുടെ വിലപേശാനുള്ള അവകാശങ്ങള്‍ അംഗീകരിക്കുന്ന യൂറോപ്യന്‍ സാമൂഹിക അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന തരത്തില്‍ അയര്‍ലണ്ടിനെ നിയമപരമായി മാറ്റേണ്ടത് ആവശ്യമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Advertisment

അസ്സംഘടിതരുടെ തൊഴില്‍ സാഹചര്യങ്ങളുടെയും അവശ്യ തൊഴിലാളികളുടെ വേതനത്തിന്റെയും പുനര്‍മൂല്യനിര്‍ണയത്തിനായുള്ളതെന്ന് കരുതുന്നതാണ് എംപ്ലോയ്‌മെന്റ് ആന്റ് സോഷ്യല്‍ അഫയേഴ്‌സ് സ്റ്റേറ്റുകള്‍ക്കായി സമാഹരിച്ച ഈ റിപ്പോര്‍ട്ട്.

പണ്ടേ ദുര്‍ബല ഇപ്പോള്‍ പറയാനുമില്ല

പണ്ടേ ദുര്‍ബല ഇപ്പോള്‍ പറയാനുമില്ല എന്ന നിലയിലാണ് ഫ്രണ്ട് ലൈന്‍ തൊഴിലാളികളും അവശ്യ ജീവനക്കാരുടെയും ജീവിതമെന്ന് റിപ്പോര്‍ട്ട് വിളിച്ചു പറയുന്നു. പാന്‍ഡെമിക് കൂടി വന്നതോടെ ഇവരുടെ ജീവിതം കൂടുതല്‍ അപകടത്തിലായി. നിയമാനുസൃതമായ സിക്ക് പേ, ലീവിംഗ് വേജ്, അഫോഡബിള്‍ ചൈല്‍ഡ് കെയര്‍ സര്‍വ്വീസുകള്‍, എന്നിവയുടെ അഭാവവുമുള്‍പ്പടെയുള്ള ഒട്ടേറെ ജീവിത പ്രശ്നങ്ങളാണ് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്കായി തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടുന്നത്.

ദുരിതം നേരിടുന്നതിലേറെയും സ്ത്രീകള്‍

ഈ മേഖലകളിലെല്ലാം കുടിയേറ്റക്കാരായ സ്ത്രീകളാണ് കൂടുതലും. നഴ്സിംഗ് ഹോമുകളിലെ മിക്കവാറും എല്ലാ ജീവനക്കാരും തന്നെ സ്ത്രീകളാണ്. ഇവരുടെ പ്രശ്നങ്ങളും സങ്കടങ്ങളും ആരും അറിയാതെ പോകുന്നു.

പാന്‍ഡെമിക്കിലുടനീളം, ഹോര്‍ട്ടികള്‍ച്ചറല്‍ മേഖലയ്ക്കും ഇറച്ചി പ്ലാന്റുകളില്‍ ജോലിക്കുമായി മറ്റ് രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നത് തുടര്‍ന്നതായി റിപ്പോര്‍ട്ട് പറയുന്നു. സാമൂഹിക അകലം പോലെയുള്ള ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളൊന്നും ഈ മേഖലയില്‍ നടപ്പാക്കിയിരുന്നില്ല. മോശം ജോലി-താമസ സാഹചര്യങ്ങളും ക്ലേശം നിറഞ്ഞ പൊതു യാത്രകളുമെല്ലാം ഇവിടുത്തെ ജീവനക്കാരെയെല്ലാം രോഗികളാക്കി മാറ്റി. ഇവരുടെ ദുരിത ജീവിതവും കഷ്ടപ്പാടുകളും ആരുമറിയാതെ പോയി. ഇവര്‍ക്കു വേണ്ടി സംസാരിക്കാന്‍ ആരുമില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.

സ്വകാര്യ നഴ്സിംഗ് ഹോമുകളെന്ന ദുരന്തം

നഴ്സിംഗ് ഹോമുകളുടെ സ്വകാര്യവല്‍ക്കരണം പരിചരണ നിലവാരത്തെ ദുര്‍ബലപ്പെടുത്തിയെന്നും ജീവനക്കാരെ അപകടത്തിലാക്കിയെന്നും റിപ്പോര്‍ട്ട് ഓര്‍മ്മപ്പെടുത്തുന്നു. സര്‍ക്കാരിന്റെ അടിയന്തിര ഇടപെടലുകളുണ്ടായില്ലെങ്കില്‍ ഈ മേഖലയാകെ കുട്ടിച്ചോറാകുമെന്ന് റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നു.

നഴ്സിംഗ് ഹോമുകള്‍ പ്രജനന കേന്ദ്രങ്ങളായി മാറിയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സാമൂഹിക അദൃശ്യത, സിക്ക് പേയുടെ അഭാവം, ശിശുപരിപാലന സൗകര്യങ്ങളുടെ കുറവ്, പരിശീലനത്തിന്റെ അഭാവം എന്നിവയ്ക്കൊപ്പം തിരക്കേറിയ ജീവിത സൗകര്യങ്ങളും ഇവിടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നു.

ആരും കേള്‍ക്കാത്ത നിലവിളികള്‍

നഴ്‌സുമാരും ഡോക്ടര്‍മാരുമെല്ലാം തളര്‍ച്ച നേരിടുന്നുണ്ട്. എന്നാല്‍ സംഘടിത ട്രേഡ് യൂണിയനും ഗ്രൂപ്പുകളുമൊക്കെയുള്ളതിനാല്‍ ഇവരുടെ ശബ്ദം ലോകം കേള്‍ക്കുന്നു. എന്നാല്‍ ശബ്ദമില്ലാതെ കഴിയുന്ന ആയിരക്കണക്കിനാളുകള്‍ ഈ മേഖലയിലുണ്ട്. അവരെ ആരും കാണാതെ പോകുന്നു- റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

സംഘടിത-അസംഘടിത തൊഴിലാളികളുടെ ജോലിസ്ഥലങ്ങള്‍ തമ്മിലുള്ള അസമത്വമാണ് റിപ്പോര്‍ട്ട് കാണിക്കുന്നതെന്ന് സിന്‍ ഫെയ്‌നിന്റെ ലര്‍ക്കേഴ്സ് റൈറ്റ്സ് വക്താവ് ലൂയിസ് ഓ’റെയ്‌ലി പറഞ്ഞു.

Advertisment