Advertisment

യൂറോപ്യന്‍ യൂണിയന്‍ നയം മാറ്റം ആസിയാന്‍ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തെ ബാധിക്കുമെന്ന് ആശങ്ക

author-image
athira p
New Update

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ നടപ്പാക്കുന്ന പുതിയ നയം ഇതര ലോക രാജ്യങ്ങളിലെ തൊഴിലാളികളെ സംരക്ഷിക്കുകയും അവരുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്. എന്നാല്‍, മറ്റു രാജ്യങ്ങളുമായി, വിശേഷിച്ച് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായി, ഉള്ള വ്യാപാര ബന്ധത്തെ ഇതു ദോഷകരമായി ബാധിക്കുമെന്നു വിശ്വസിക്കുന്നവരും ഏറെ.

Advertisment

publive-image

തൊഴില്‍ സാഹചര്യം വഷളാകുന്നതിനും മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നതിനും അതത് കമ്പനികള്‍ക്കു മേല്‍ ഉത്തരവാദിത്വം ചുമത്തുന്ന നിയമനിര്‍മാണത്തിനു മേല്‍ യൂറോപ്യന്‍ പാര്‍ലമെന്റ് വോട്ട് ചെയ്യാനിരിക്കുകയാണ്. കോര്‍പ്പറേറ്റ് സസ്റെറയ്നബിള്‍ ഡ്യൂ ഡിലിജന്‍സ് ഡയറക്റ്റീവ് (സിഎസ്ഡിഡിഡി) എന്ന നിയമം 27~അംഗ ബ്ളോക്കില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട യൂറോപ്യന്‍ യൂണിയന്‍ കമ്പനികള്‍ക്കും പുറത്തുനിന്നുള്ള കമ്പനികള്‍ക്കും ബാധകമാകുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

അഞ്ഞൂറിലധികം ജീവനക്കാരും 150 മില്യന്‍ യൂറോയിലധികം ആഗോള വാര്‍ഷിക വരുമാനവുമുള്ള വന്‍കിട യൂറോപ്യന്‍ കമ്പനികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ നിയമം ബാധകമാകുക. പുറത്തുനിന്നുള്ള കമ്പനികള്‍ ബ്ളോക്കിനുള്ളില്‍ നിന്ന് 150 മില്യന്‍ യൂറോ വാര്‍ഷിക വിറ്റുവരവ് നേടുന്നുണ്ടെങ്കില്‍ അവയ്ക്കും ബാധകമാകും. അതിനു ശേഷം 250 ജീവനക്കാരും 40 മില്യനു മേല്‍ വരുമാനവുമുള്ള കമ്പനികള്‍ക്കു കൂടി ബാധകമാക്കും.

മുഴുവന്‍ മൂല്യശൃംഖലയിലും തങ്ങളുടെ പ്രവര്‍ത്തനം കാരണം ഉണ്ടാകാന്‍ സാധ്യതയുള്ള ദോഷകരമായ സ്വാധീനങ്ങള്‍ ഒഴിവാക്കണമെന്നാണ് ഈ നിയമം കമ്പനികളെ അനുശാസിക്കുന്നത്. ബംഗ്ളാദേശിലെ റാണാ പ്ളാസാ ഫാക്റ്ററി ദുരന്തമാണ് ഇത്തരമൊരു നിയമ നിര്‍മാണത്തിന് യൂറോപ്യന്‍ യൂണിയനെ പ്രേരിപ്പിച്ചത്. വികസ്വര രാജ്യങ്ങളില്‍ ശോചനീയമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫാക്റ്ററികളെ ആഗോള ഫാഷന്‍ വ്യവസായം എത്രമാത്രം ആശ്രയിക്കുന്നു എന്നു ലോകത്തിനു കാട്ടിക്കൊടുത്തത് ഈ ദുരന്തമായിരുന്നു.

ഫിലിപ്പീന്‍സ് പോലുള്ള തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇത്തരം ഫാക്റ്ററികള്‍ വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനമാണു നടത്തുന്നതെന്ന ആരോപണം ശക്തമാണ്. എന്നാല്‍, യൂറോപ്യന്‍ യൂണിയന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വന്തം രാജ്യത്ത് നടപ്പാക്കേണ്ടി വരുന്നത് പല തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെയും അലോസരപ്പെടുത്തുന്നുണ്ട്. അസോസിയേഷന്‍ ഓഫ് സൗത്ത്ഈസ്ററ് ഏഷ്യന്‍ നേഷന്‍സ് (ആസിയാന്‍) ആണ് യൂറോപ്യന്‍ യൂണിയന്റെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളി. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് ഈ സംഘടനയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളെയുമാണ്.

2021ല്‍ 215.9 ബില്യന്‍ യൂറോയുടെ വ്യാപാരമാണ് ആസിയാനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ നടന്നിട്ടുള്ളത്. ആസിയാന്‍ രാജ്യങ്ങളുടെ ആകെ വ്യാപാരത്തിന്റെ 10.2 ശതമാനം വരും ഇത്. തൊഴിലാളികളഉടെ സാഹചര്യങ്ങളുടെ കാര്യത്തില്‍ കമ്പനികള്‍ക്ക് കൂടുതല്‍ ബാധ്യത വരുന്ന തരത്തിലുള്ള നിയമ നിര്‍മാണം ഇതു കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.

Advertisment