അഭയ കൊലക്കേസ് അട്ടിമറിക്കാന്‍ സുപ്രീംകോടതി മുന്‍ ജഡ്ജി ആയിരുന്ന സിറിയക് ജോസഫ് ശ്രമിച്ചു; വെളിപ്പെടുത്തലുമായി മുന്‍ സി.ബി.ഐ ഡയറക്ടര്‍ എം.നാഗേശ്വര റാവു

New Update

ചെന്നൈ: സിസ്റ്റര്‍ അഭയ കൊലക്കേസ് അട്ടിമറിക്കാന്‍ സുപ്രീംകോടതി മുന്‍ ജഡ്ജി ആയിരുന്ന സിറിയക് ജോസഫ് ശ്രമിച്ചെന്ന് മുന്‍ സി.ബി.ഐ ഡയറക്ടര്‍ എം.നാഗേശ്വര റാവു. കേസില്‍ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് എം. നാഗേശ്വര റാവു ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisment

publive-image

28 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് അഭയയുടെ കുടുംബത്തിന് നീതി ലഭിച്ചത്. പൊലീസും ക്രൈം ബ്രാഞ്ചും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. വിചാരണ നടപടികള്‍ വൈകിപ്പിച്ചിരുന്നു.

2016-2018 കാലത്ത് ചെന്നൈയില്‍ സി.ബി.ഐ ജോയിന്റ് ഡയറക്ടറായിരിക്കെ, അഭയക്കേസിന്റെ വിചാരണ വേഗത്തിലാക്കാന്‍ താന്‍ ശ്രമിച്ചിരുന്നെന്ന് നാഗേശ്വര റാവു ട്വീറ്റ് ചെയ്തു. വിചാരണ മുന്നോട്ട് പോയില്ല. കാരണം എന്താണെന്ന് അന്വേഷിച്ചപ്പോഴാണ് ഒരു ജഡ്ജിയാണ് പിന്നിലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത്. അങ്ങനെയാണ് ജസ്റ്റിസ് സിറിയക് തോമസിന്റെ പങ്ക് വ്യക്തമായതെന്നും ട്വീറ്റില്‍ പറയുന്നു.

കേസിന്റെ തുടക്കം മുതല്‍ ഹൈക്കോടതിയിലെ ജഡ്ജി പലവിധത്തില്‍ ഇടപെട്ടെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ആയിരുന്ന വി.ടി രഘുനാഥന്‍ വിധി വന്ന ദിവസം ഏഷ്യാനെറ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. സി.ആര്‍.പി.സി 310 പ്രകാരം മജിസ്‌ട്രേട്ടിനോ ജഡ്ജിക്കോ ക്രൈം നടന്ന സ്ഥലം സന്ദര്‍ശിക്കാം.

താന്‍ അതിന് ഉത്തരവിട്ടപ്പോള്‍ ഹൈക്കോടതി രജിസ്ട്രാര്‍ വേണ്ടെന്ന് പറഞ്ഞു. ജുഡീഷ്യല്‍ ഓര്‍ഡറാണ് പോകാതിരിക്കാന്‍ പറ്റില്ല, അല്ലെങ്കില്‍ പോകരുതെന്ന് രേഖാമൂലം എഴുതി തരണമെന്ന് ആവശ്യപ്പെട്ടു. ഒരു ജഡ്ജിയുടെ നിര്‍ദ്ദേശമാണിതെന്ന് അപ്പോള്‍ രജിസട്രാര്‍ പറഞ്ഞു.

അടുത്ത ദിവസം അഭയക്കേസിന്റെ റെക്കോഡ്‌സ് ഹൈക്കോടതിയില്‍ നിന്ന് പ്രത്യേക മെസഞ്ചര്‍ വന്ന് കൊണ്ടുപോയി. പിന്നാലെ തന്നെ ട്രാന്‍സ്ഫര്‍ ചെയതെന്നും ഇപ്പോള്‍ അഭിഭാഷകനായ വി.ടി രഘുനാഥന്‍ പറയുന്നു.

എറണാകുളം സി.ജെ.എം കോടതിയില്‍ മൂന്ന് മാസത്തേക്ക് മറ്റൊരു ജഡ്ജിയെ നിയമിച്ചുമില്ല. മൂന്ന് മാസത്തിന് ശേഷം തന്റെ ഓര്‍ഡര്‍ ഹൈക്കോടതി റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു.

abhaya murder case
Advertisment