ജഗതിയുടെ അപകടവും കലാഭവൻ മണിയുടെ മരണവും മുതൽ ബാലഭാസ്കർ, കെ എം ബഷീർ, സച്ചി വരെയുള്ളവരുടെ മരണങ്ങൾ വരെ സംശയാസ്പദം ആകുന്നതെന്തുകൊണ്ട് ? സ്വർണക്കടത്തുകാരെയും അത് തടയുന്നവരെയും തക്കം പാർത്തിരിക്കുന്ന അപകട കെണികൾ കാണാതെ പോകരുത് ! ദാസനും വിജയനും ചിന്തിക്കുന്നതിങ്ങനെ !

ദാസനും വിജയനും
Tuesday, August 4, 2020

ചില ദുരൂഹ മരണങ്ങൾ നമ്മെ അലട്ടിക്കൊണ്ടിരിക്കും, പ്രത്യേകിച്ച്  അപ്പാവികളായ ബാലഭാസ്കർ പോലെയുള്ള കലാകാരൻമാർ. പ്രണയിച്ചു കെട്ടിയപെണ്ണിനെ അഞ്ചുതവണ താലികെട്ടിയ ഭാഗ്യവാൻ. പ്രണയ പരവശതയാൽ ഭർത്താവിനെ നിൽക്കാനും ഇരിക്കാനും സമ്മതിക്കാതെ സ്നേഹംകൊണ്ട് വീർപ്പ് മുട്ടിച്ചപ്പോഴൊക്കെ ആപാവത്തിന്റെ മനസ്സ് ഏറെ ദുഖിച്ചിരുന്നു.

മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ടിറക്കാനും പറ്റാത്ത അവസ്ഥയിൽ മകൻ ജീവിക്കുന്നത് കണ്ടപ്പോൾ ആ അച്ഛന്റെ ഹൃദയവും തേങ്ങിയിരുന്നു.

ബാലുവിനെ മനസ്സിലാക്കിയത് ആ അച്ഛൻ മാത്രമായിരുന്നോ. ഓരോ തവണയും ഭാര്യയുമായിഅങ്കം കുറിക്കുമ്പോഴും ബാലു പലയിടത്തും കറങ്ങിനടന്നു. പിന്നെ മനസ്സിൽനിന്നും പ്രണയിനിയെ മായ്ച്ചു കളയുവാനാകാതെ വീണ്ടും വീട്ടിലെത്തി ഒരിക്കൽ കൂടിതാലികെട്ടും. ഓരോരോ തവണയും ഓരോ അമ്പലത്തിന്റെ നടയിലായിരുന്നു താലികെട്ടത്രെ.

ബാലുവിന്റെ ഒരു സമയത്തെ സുഹൃത്തായിരുന്നു സ്റ്റീഫൻ ദേവസ്സി. കൂടാതെ ബാലുവിന്റെ ജീവിതത്തിലേക്ക് ഒരാൾ കടന്നുവന്നു, മാനേജർ എന്ന പേരിൽ. മാനേജർ വന്നതിനുശേഷം സ്റ്റീഫൻ ദേവസ്സിക്ക് അത്ര അടുപ്പമില്ലാതായി. പിന്നീട് ബാലുവിന്റെ ജീവിതം കയ്യിലെടുത്തിരുന്നത് ഈ മാനേജരും കൂട്ടുകാരുമായിരുന്നു.

ആലപ്പുഴയിലെ ഒരു ദുബൈക്കാരന്റെ ഭാര്യയുമായി ചേർന്നുകൊണ്ട് ദുബായിൽ സംഗീത ക്‌ളാസ്സുകൾ ആരംഭിച്ചിരുന്നു. അവരുടെ വീട്ടിലും ആലപ്പുഴ റിസോർട്ടിലെ  പ്രൈവറ്റ് പാർട്ടികളിലും ബാലു അൺ പ്ലഗ്ഗ്ഡ് മ്യൂസിക് ഷോകൾ നിരവധിതവണ നടത്തിയിട്ടുണ്ട്.

അതിന്റെ പേരിലൊക്കെ ചില അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായും ബാലുവിന്റെ അടുത്ത സുഹൃത്തുക്കൾ പറയുന്നു. ബാലുവും സ്റ്റീഫനും ഒരു വർഷത്തിൽ മുപ്പതോളം ഷോകൾ യുഎഇയിൽ മാത്രം നടത്തിയിട്ടുണ്ട്. അപ്പോഴൊക്കെ ഈ സ്വർണ്ണക്കടത്തുകാർ ഇവരെയൊക്കെ ഉപയോഗിച്ചിട്ടുണ്ടോ എന്നതാണ് പുതിയ ചോദ്യചിഹ്നം.

ബാലുവിന്റെ ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ് കാർഡുകളും മറ്റുള്ള ഇൻവെസ്റ്റ്മെന്റുകളും കൈകാര്യം ചെയ്തിരുന്ന ഒരു വ്യക്തിയാണ് ബാലുവിന്റെ അച്ഛന് മരുന്ന് വാങ്ങുവാനുള്ള പണം വരെ കൊടുത്തിരുന്നത്. ഈ സംഭവം നടന്നതിനുശേഷം ആദ്യത്തെ പ്രതികരണവും ആ പിതാവിന്റെ ഭാഗത്തുനിന്നായിരുന്നു.

ഈ സ്വർണക്കടത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരിലും പണത്തിനോടുള്ള ആർത്തി കുറച്ചൊന്നുമല്ല കണ്ടുവരുന്നത്. ബാലുവിന്റെ ഭാര്യക്ക് എല്ലാം അറിയാം. ഡ്രൈവർക്കും എല്ലാം അറിയാം. ഒന്നുകിൽ അവരൊക്കെ എന്തോ മറച്ചുവെക്കുന്നു. അതല്ലെങ്കിൽ അവരെ ആരോ ഭീഷണിപ്പെടുത്തിയിരിക്കുന്നു എന്നാണ് പുതിയ അനുമാനം.

അതുപോലെ സിറാജ് ദിനപ്പത്രത്തിന്റെ ലേഖകൻ കെഎം ബഷീർ. തലസ്ഥാനത്തെ പത്രക്കാരിൽ ഏറ്റവും നല്ലവൻ എന്ന് ശത്രുക്കൾ വരെ പറയുന്ന ആ യുവാവിനെ എന്തുകൊണ്ട് അപകടത്തിൽ കൊണ്ടെത്തിച്ചു? ബഷീറും ഒരു വിവാദമന്ത്രിയുടെ പിഎ യും തമ്മിൽ നല്ലതായ അടുപ്പത്തിൽ ആയിരുന്നു.

മന്ത്രിയുടെ പിഎയും ബഷീറും വളരെയധികം കാര്യങ്ങൾ ചർച്ച ചെയ്യാറുണ്ട്. അതിൽ തലസ്ഥാനത്തെ ചില പ്രത്യേക മാഫിയകളെക്കുറിച്ചും ഐഎഎസ് ഐപിഎസ് ലോബികളെക്കുറിച്ചൊക്കെ വിഷയമാകാറുണ്ട്.

ഒപ്പം ഈ സ്വർണ്ണത്തിൽ പെണ്ണുങ്ങളുടെ പങ്കിനെക്കുറിച്ചും. അന്നത്തെ ദിവസം ബഷീറിന്റെ മൊബൈൽഫോൺ ഓഫാക്കിയതിന്റെയും കാണാതായതിന്റെയും പേരിൽ ദുരൂഹതകൾ നിലനിൽക്കുന്നു .

സംഭവം നടന്ന് 3.30ന് ബഷീറിന്റെ സ്ഥാപനത്തിലെ സെയ്ഫുദീൻ ഹാജി സംഭവസ്ഥലത്ത് എത്തുകയും മൊഴി കൊടുക്കുകയും ചെയ്‌തെങ്കിലും ആ മൊഴി രാവിലെ 7:26 നാണ് രേഖയിൽ ഉള്ളത്. കൂടാതെ അപകടം നടക്കുന്നതിന്റെ മുൻപായി ബഷീർ തന്റെ സ്ഥാപനത്തിലെ ഒരു സുഹൃത്തുമായി രണ്ടര മിനിറ്റ് സംസാരിച്ചുവെങ്കിലും പിന്നീട് അപകടത്തിൽ പെടുകയായിരുന്നു.

അപകടമറിഞ്ഞ മ്യൂസിയംപോലീസ് ബഷീറിന്റെ ഫോണിൽ 1:53നു വിളിച്ചപ്പോൾ ഒരു അജ്ഞാതൻ ഫോൺ അറ്റൻഡ്ചെയുകയും പിന്നീട് ആ ഫോൺ സ്വിച്ച് ഓഫാക്കുകയും ചെയ്തു.

പിന്നീട് ആ ഫോൺ എവിടെയാണെന്ന് ആർക്കും അറിയില്ല. അത് പൊലീസിന് കിട്ടിയോ ആരെങ്കിലും നശിപ്പിച്ചോഎന്നൊന്നും അറിയില്ല. ഒരു വലിയ മാഫിയ തലസ്ഥാനത്ത് തമ്പടിക്കുന്നു. അക്കാര്യം പത്രത്തിൽ ഫീച്ചർ ചെയ്യുവാനായി തയാറെടുപ്പുകൾ നടത്തുമ്പോഴായിരുന്നു അപകടവും മരണവും എന്ന് സംശയിക്കണോ ?

അയ്യപ്പനും കോശിയും മലയാള സിനിമക്ക് സമ്മാനിച്ചുകൊണ്ട് നമ്മെയെല്ലാം വിട്ടുപിരിഞ്ഞ കൊടുങ്ങല്ലൂരിന്റെ സ്വന്തം സച്ചി. അദ്ദേഹവും ഒരു നല്ല മനുഷ്യൻ ആയിരുന്നു എന്നാണ് ഹൈക്കോടതിയിൽ ഒപ്പമുണ്ടായിരുന്ന വക്കീലന്മാർ പറയുന്നത്.

ഓരോ സിനിമക്കും ഓരോ വാശിയുമായി ബന്ധപ്പെട്ട കഥകൾ ആവിഷ്കരിക്കുന്നതിൽ സച്ചി വിജയംകണ്ടു. ചെറിയ വാശികൾ ജീവിതത്തിൽ എത്രത്തോളം ബാധിക്കുന്നു എന്നതാണ് അയ്യപ്പനും കോശിയും ഡ്രൈവിംഗ് ലൈസൻസും രാമലീലയുമൊക്കെ പറഞ്ഞത്.

ഒരാളിന്റെ വാശി സമൂഹത്തിൽഉ ണ്ടാക്കാവുന്ന, അത് എത്രത്തോളം ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നു എന്നതാണ് ഈസിനിമകളൊക്കെ.

അതുപോലെ സ്വർണ്ണക്കടത്ത് വിഷയമാക്കി ഒരു സിനിമ, നമ്പർ 2 എന്ന പേരിൽ സിനിമക്കുള്ള കഥ തയാറാക്കുമ്പോഴായിരുന്നു സച്ചിയുടെ മരണം സംഭവിച്ചത്. രാമലീല മുതൽ സച്ചിയെ ആരോ സ്കെച്ചിട്ടിരുന്നു എന്നുവേണം കരുതുവാൻ.

സച്ചിയുടെ കൊടുങ്ങല്ലൂരിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നല്ല ഡോക്ടർമാരും ഉണ്ടായിരുന്നു. ഇടുപ്പിന് വേദനയുണ്ടെന്ന് പറഞ്ഞപ്പോൾ ഓപ്പറേഷൻ വേണ്ട എന്ന് അവരെല്ലാം ഉപദേശിച്ചു. നല്ല ഫിസിയോ തെറാപ്പിസ്റ്റ് മതിയെന്ന് ചിലർ ഉപദേശിച്ചപ്പോൾ, നല്ല ഉഴിച്ചിൽനടത്തിയാൽ മതിയെന്ന് കൂട്ടുകാരും പറഞ്ഞുകൊടുത്തു.

പക്ഷെ സ്വൽപ്പം വാശിയുണ്ടായിരുന്ന സച്ചിക്ക് ഒരപരിചിതൻ വടക്കാഞ്ചേരിയിലെ ആശുപത്രിയിലേക്ക് വഴിപറഞ്ഞുകൊടുത്തു. അങ്ങനെ വടക്കാഞ്ചേരിയിലെ ആശുപത്രിയിൽ അഡ്മിറ്റ് ആകുകയും ഓപ്പറേഷൻ നടത്തുകയും ചെയ്തു.

ഓപ്പറേഷൻ കഴിഞ്ഞു നഴ്‌സുമാരോടും  ഡോക്ടർമാരോടും വിശേഷങ്ങൾ ഒക്കെ സംസാരിച്ച സച്ചിക്ക്  രാത്രി ഒൻപത് മണിയായപ്പോൾ നെഞ്ചുവേദന തുടങ്ങി. വടക്കാഞ്ചേരിയിൽനിന്നും തൃശൂർവരെ അൻപത് മിനിറ്റോളം ഓക്സിജൻ ഇല്ലാത്ത ആംബുലൻസിൽ ജൂബിലി മിഷനിൽ എത്തിയപ്പോഴേക്കും മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. പിന്നീടാണ് ദാരുണമായ അന്ത്യം സംഭവിച്ചത്.

ജഗതിയുടെ അപകടവും കലാഭവൻ മണിയുടെ മരണവുമൊക്കെ ദുരൂഹതകൾ നിറഞ്ഞതുതന്നെ. അല്ലാതെ തന്നെ എത്രയോ ദുരൂഹമരണങ്ങൾ നാട്ടിൽ അരങ്ങേറുന്നു.

ഇനിയുമൊരു ദുരൂഹമരണം ദൈവത്തിന്റെ നാട്ടിൽ നടക്കരുതേ എന്നാശിച്ചുകൊണ്ട്  തബലിസ്റ്റ് ദാസനും
കൊന്നവർ ആരായാലും ഇനിയെങ്കിലും രക്ഷപ്പെടരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജേർണലിസ്റ്റ് വിജയനും

×